കേരളം

kerala

ETV Bharat / entertainment

ഇനി 30 ദിനങ്ങൾ, പുഷ്‌പരാജും ഭൻവർ സിംഗും നേര്‍ക്കുനേര്‍! ട്രെയിലർ ഉടൻ - PUSHPA 2 THE RULE TRAILER

പുഷ്‌പ 2 ദ റൂള്‍ റിലീസിന് ഇനി ഒരു മാസം മാത്രം. പുഷ്‌പ 2 ട്രെയിലര്‍ ഉടന്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍. സിനിമയുടെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ട് കൊണ്ടാണ് നിര്‍മ്മാതാക്കള്‍ ഇക്കാര്യം അറിയിച്ചത്.

PUSHPA 2 THE RULE  ALLU ARJUN  പുഷ്‌പ 2 ട്രെയിലര്‍  പുഷ്‌പ 2 റിലീസ്
Pushpa 2 The Rule trailer (ETV Bharat)

By ETV Bharat Entertainment Team

Published : Nov 5, 2024, 2:33 PM IST

'പുഷ്‌പ: ദ റൈസി'ന് ശേഷം അല്ലു അര്‍ജുന്‍ ആരാധകര്‍ നാളേറെയായി അക്ഷമയോടെ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'പുഷ്‌പ 2 ദ റൂള്‍'. സുകുമാറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'പുഷ്‌പ 2' ഇനി തിയേറ്ററുകളിലെത്താന്‍ 30 ദിവസങ്ങള്‍ മാത്രം ബാക്കി. ചിത്രം റിലീസിനോടടുക്കുമ്പോള്‍ സിനിമയിലെ പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

സിനിമയുടെ ട്രെയിലര്‍ സംബന്ധിച്ച അപ്‌ഡേറ്റാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. ട്രെയിലര്‍ ഉടന്‍ റിലീസ് ചെയ്യുമെന്നാണ് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ്‌ എക്‌സിലൂടെ അറിയിച്ചിരിക്കുന്നത്.

"പുഷ്‌പ ദ റൂളിന് ഇനി ഒരു മാസം. സ്വയം തയ്യാറെടുക്കുക - ഈ വർഷത്തെ ഏറ്റവും വലിയ ഇന്ത്യൻ സിനിമ ഒരു മാസത്തിനുള്ളില്‍ തിയേറ്ററുകളില്‍ എത്തും. ട്രെയിലർ ഉടൻ റിലീസ് ചെയ്യും. പുഷ്‌പ 2 ഡിസംബർ 5ന് റിലീസ് ചെയ്യും" -ഇപ്രകാരമാണ് മൈത്രി മൂവി മേക്കേഴ്‌സ്‌ എക്‌സില്‍ കുറിച്ചത്.

സിനിമയുടെ പുതിയ പോസ്‌റ്ററും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. അല്ലു അര്‍ജുൻ അവതരിപ്പിക്കുന്ന പുഷ്‌പരാജും ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന ഭൻവർ സിംഗും മുഖത്തോട് മുഖം നോക്കി നിൽക്കുന്നതാണ് പോസ്‌റ്റര്‍. പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

അതേസമയം തെലുങ്കാനയില്‍ നിന്നും പുഷ്‌പരാജിനെ കേരളത്തിലെത്തിക്കാൻ കച്ചമുറുക്കിയിരിക്കുകയാണ് ഇ ഫോർ എന്‍റർടെയിന്‍മെന്‍റ്‌സ്. റിലീസിന് ഒരു മാസം മുമ്പേ കേരളത്തിലെ 'പുഷ്‌പ 2' ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരിക്കുകയാണ്. ചിത്രം ഡിസംബർ അഞ്ച് മുതൽ കേരളത്തിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് ഇ ഫോർ എന്‍റർടെയിന്‍മെന്‍റ്‌സ് സാരഥി മുകേഷ് ആർ മേത്ത അടുത്തിടെ അറിയിച്ചിരുന്നു.

'പുഷ്‌പ'യുടെ രണ്ടാം ഭാഗം കേരളത്തിൽ വിതരണത്തിനെത്തിക്കുമ്പോൾ തങ്ങൾക്ക് രണ്ട് അജണ്ടകളാണ് മുന്നിലുള്ളതെന്ന് മുകേഷ് ആർ മേത്ത ഇതിനോടകം തന്നെ വ്യക്തമാക്കിയിരുന്നു. 'ലിയോ കേരളത്തിൽ നിന്നും ആദ്യ ദിനം കളക്‌ട് ചെയ്‌ത 12 കോടിയെ മറികടക്കുക, കേരളത്തിൽ റിലീസിന്‍റെ ആദ്യ ദിനം മുതൽ 24 മണിക്കൂറും ഷോകൾ പ്രദർശിപ്പിക്കുക' എന്നിവയാണ് തങ്ങളുടെ പ്രധാന അജണ്ടകളെന്ന് മുകേഷ് ആർ മേത്ത അറിയിച്ചു. ഈ അജണ്ടകള്‍ നടപ്പാക്കുമെന്നാണ് അല്ലു അര്‍ജുന്‍ ആരാധകരുടെ പ്രതീക്ഷ.

ലോകമാകെ ഏറ്റെടുത്ത 'പുഷ്‌പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്‌പ 2: ദ റൂൾ' ബോക്‌സ്‌ ഓഫീസില്‍ കൊടുങ്കാറ്റായി മാറുമെന്നാണ് ഏവരുടെയും പ്രതീക്ഷ. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനായാണ് അല്ലു അർജുനും സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്. ചിത്രം ഇതിനോടകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്‌റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടുകള്‍.

സുകുമാർ സംവിധാനം ചെയ്‌ത 'പുഷ്‌പ ദ റൈസ്' രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. 'പുഷ്‌പ 2 ദ റൂൾ' ഇതിന്‍റെ തുടർച്ചയായി എത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ നിര്‍മ്മാതാക്കളുടെ കണക്കുക്കൂട്ടല്‍. അല്ലു അർജുനെ കൂടാതെ രശ്‌മിക മന്ദാന, ഫഹദ് ഫാസിൽ, പ്രകാശ് രാജ്, സുനിൽ, ജഗപതി ബാബു തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സംവിധായകന്‍ സുകുമാര്‍ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സ്‌, സുകുമാർ റൈറ്റിംഗ്‌സ്‌ എന്നീ ബാനറുകളില്‍ നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. മിറെസ്ലോ ക്യൂബ ബ്രോസെക് ഛായാഗ്രാഹണവും നിര്‍വ്വഹിച്ചിരിക്കുന്നു.

ഗാനരചയിതാവ് - ചന്ദ്ര ബോസ്, പ്രൊഡക്ഷൻ ഡിസൈനർ - എസ്. രാമകൃഷ്‌ണ -മോണിക്ക നിഗോത്രേ, സിഇഒ - ചെറി, മാർക്കറ്റിംഗ് ഹെഡ് - ശരത്ചന്ദ്ര നായിഡു, മാർക്കറ്റിംഗ് - ഫസ്‌റ്റ് ഷോ, പിആർഒ - ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: ആദ്യ ഭാഗത്തേക്കാൾ ഹെവി മാസ് പടം, അല്ലുവും ഫഫയും പൊളിച്ചടുക്കി! പുഷ്‌പ 2 ത്രില്ലില്‍ ജിസ് ജോയ്

ABOUT THE AUTHOR

...view details