ഹൈദരാബാദ് :സൈബറിടത്തിൽ തരംഗമായി തെലുഗു സൂപ്പർതാരം അല്ലു അർജുൻ നായകനായി എത്തുന്ന 'പുഷ്‌പ 2 ദി റൂൾ' സിനിമയിലെ ആദ്യ ഗാനം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ 'പുഷ്‌പ പുഷ്‌പ' എന്ന ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ഒറ്റരാത്രികൊണ്ട് സോഷ്യൽ മീഡിയയിലാകെ തരംഗം തീർക്കാൻ ഈ പാട്ടിനായി. ഏതായാലും യൂട്യൂബിൽ റെക്കോർഡിട്ടിരിക്കുകയാണ് ഗാനം.
ബുധനാഴ്‌ച റിലീസ് ചെയ്‌ത 'പുഷ്‌പ പുഷ്‌പ' ലിറിക്കൽ വീഡിയോ ഇതിനകം യൂട്യൂബിൽ ആറ് ഭാഷകളിലായി ദശലക്ഷക്കണക്കിന് ലൈക്കുകൾ നേടിക്കഴിഞ്ഞു. തെലുഗു, ഹിന്ദി പതിപ്പുകൾ 24 മണിക്കൂറിനുള്ളിൽ ലോകമെമ്പാടും ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോയായി മാറി. ഈ നേട്ടം നിർമാതാക്കൾ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
"ലോകമെമ്പാടും യൂട്യൂബിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട വീഡിയോകൾ 'പുഷ്‌പ പുഷ്‌പ' തെലുഗു, ഹിന്ദി ലിറിക്കൽ വീഡിയോകളാണ്'' എന്ന് കുറിച്ച പോസ്റ്റർ പ്രൊഡക്ഷൻ ഹൗസ് മൈത്രി മൂവി മേക്കേഴ്‌സ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. സിനിമയുടെ വരവിനായി കാത്തിരിക്കുന്ന ആരാധകർ പാട്ടും ആഘോഷമാക്കുകയാണ് എന്നതിന്‍റെ തെളിവ് കൂടിയാണ് ഈ റെക്കോർഡ് നേട്ടം. ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.