കേരളം

kerala

ETV Bharat / entertainment

"ഉറക്കെ നിലവിളിച്ചു, കൈകൂപ്പി അപേക്ഷിച്ചു, ആ നായിക നടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി"; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ്

ആ നടിക്ക് ഒരിക്കലും ഇത് വെളിപ്പെടുത്താൻ കഴിയില്ലെന്നും വരും തലമുറയ്ക്ക് ഇതൊരു ഗുണപാഠമാകട്ടെ എന്ന് കരുതിയാണ് താനിത് തുറന്ന് പറയുന്നതെന്ന് ആലപ്പി അഷ്‌റഫ്. ചതിക്കുഴിയിൽ പെടാതെ എല്ലാവരും രക്ഷപ്പെടട്ടെ എന്നും സംവിധായകന്‍..

ALLEPPEY ASHRAF  ആലപ്പി അഷ്‌റഫ്  നടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി  MALAYALAM ACTRESS GANG RAPED
Alleppey Ashraf (ETV Bharat)

By ETV Bharat Entertainment Team

Published : Oct 15, 2024, 2:22 PM IST

Updated : Oct 15, 2024, 2:29 PM IST

മലയാള സിനിമയിലെ ഒരു നായിക നടിക്കുണ്ടായ വേദനാജനകമായ അനുഭവം വെളിപ്പെടുത്തി സംവിധായകന്‍ ആലപ്പി അഷ്‌റഫ്. 1980കളില്‍ മലയാള സിനിമയിലും അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നിരവധി ആരാധകര്‍ ഉണ്ടായിരുന്ന ഒരു നടിക്കാണ് ദുരനുഭവം ഉണ്ടായതെന്നാണ് സംവിധായകന്‍റെ വെളിപ്പെടുത്തല്‍.

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വച്ചായിരുന്നു സംഭവം. സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ ഒരു സംഘം നടിയെ അമേരിക്കയിലേയ്‌ക്ക് കൂട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നാണ് ആലപ്പി അഷ്‌റഫിന്‍റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. 'ആലപ്പി അഷ്‌റഫ്' എന്ന തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് സംവിധായകന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.

ആലപ്പി അഷ്‌റഫിന്‍റെ വാക്കുകളിലേയ്‌ക്ക്-

"മിമിക്രി എന്ന കലാരൂപം അമേരിക്കയില്‍ ആദ്യമായി എത്തിച്ചത് ഞാനായിരുന്നു, 1982ല്‍. അന്ന് ഞാനും ബേബി ശാലിനിയും രോഹിണിയും ചേര്‍ന്നൊരു ചെറിയ ഗ്രൂപ്പ് അമേരിക്കയില്‍ പോയി പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. അത് വലിയ വിജയവും ആയിരുന്നു. ആ പ്രോഗ്രാമിന്‍റെ സ്പോൺസർഷിപ്പ് താരാ ആർട്‌സ്‌ വിജയനായിരുന്നു. ഞങ്ങൾ വിജയേട്ടാ എന്ന് സ്നേഹപൂർവം വിളിക്കാറുള്ള ആൾ. തിക്കുറിശ്ശിയുടെ കാലം തൊട്ട് ഇന്നത്തെ തലമുറ വരെ എല്ലാ വർഷവും അദ്ദേഹം പ്രോഗ്രാം നടത്താറുണ്ട്.

ഞാനിവിടെ പറയാൻ പോകുന്ന സംഭവത്തിന്‍റെ ജീവിച്ചിരിക്കുന്ന ഏക സാക്ഷി വിജയേട്ടൻ മാത്രമാണ്. മലയാളത്തിൽ നസീർ സാറിന്‍റെ കൂടെ നായികയായി അഭിനയിച്ചിരുന്ന ഒരു നടിയാണ് അവർ. അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒരുപാട് ആരാധകരുള്ള ഒരു നടിയാണ്. ഞാനൊക്കെ ആ നടിയുടെ വലിയ ആരാധകന്‍ ആയിരുന്നു.

കോളജിൽ പഠിക്കുന്ന കാലത്ത് യൂത്തിനെ ആകർഷിക്കുന്ന അവരുടെ ഒരു പടം ഭയങ്കര ഹിറ്റായിരുന്നു. അത് വീണ്ടും പല ഭാഷകളിലും റീമേക്ക് ചെയ്യുകയുണ്ടായി. ചിലതിലൊക്കെ അവർ തന്നെ നായികയായി അഭിനയിച്ചിരുന്നു. അങ്ങനെ ഇരിക്കയാണ് അവർക്ക് അമേരിക്കയിൽ നിന്നൊരു ഫോൺ കോള്‍ വരുന്നത്. ഹിന്ദിയിലെ ആളുകളാണ് സംസാരിച്ചത്. അവർ ഇംഗ്ലിഷിലും ഹിന്ദിയിലും ഒക്കെയായി സംസാരിച്ചു.

വിളിച്ചവർ അവരോട് പറഞ്ഞത്, ഒരു പടം അവിടെ ഷൂട്ടിംഗ് തുടങ്ങി, അതിൽ അവർക്ക് ജോയിൻ ചെയ്യാൻ പറ്റുമോ, വലിയ ഒരു റോളാണ് എന്നാണ്. പാവം ഈ നായിക അത് വിശ്വസിച്ചു. അവർ അത് ചെയ്യാമെന്ന് വാക്ക് കൊടുത്തു. ബാക്കിയുള്ള ഡീലിംഗ്‌സ്‌ ഒക്കെ അവർ തമ്മിൽ സംസാരിച്ചു, എഗ്രിമെന്‍റായി. പെട്ടെന്ന് വന്ന് ജോയിൻ ചെയ്യണമെന്ന് പറഞ്ഞ് വിസയും അയച്ചു.

അവർ നേരെ അമേരിക്കയിലേക്ക് പോയി. എയർപോർട്ടിൽ വന്നിറങ്ങിയ അവരെ വളരെ സ്നേഹപൂർവ്വം സ്വീകരിച്ച് ഒരു ഫ്ലാറ്റിൽ കൊണ്ട് പോയി താമസിപ്പിച്ചു. അവിടെ അവർക്ക് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്‌തു കൊടുത്ത് വിശ്രമിക്കാൻ പറഞ്ഞു. വൈകുന്നേരം ആയപ്പോൾ രണ്ട് പേർ മദ്യപിച്ച് അവരുടെ മുന്നിലേക്ക് എത്തുന്നു. അവരുടെ പെരുമാറ്റ രീതികളെല്ലാം കണ്ട് നടി അന്തം വിട്ടു. അപ്പോൾ അവർക്ക് മനസ്സിലായി താനൊരു കുടുക്കിലാണ് പെട്ടിരിക്കുന്നതെന്ന്. അവർ അവരെ പീഡിപ്പിക്കാൻ ശ്രമിച്ചു.

ശരിക്കും ഇവർ സിനിമാക്കാരോ സിനിമയുമായി യാതൊരു ബന്ധമോ ഉള്ളവർ അല്ലായിരുന്നു. അവരെല്ലാം ന്യൂയോർക്ക് സിറ്റിയിലെ ഒരു അണ്ടർവേൾഡിൽ പെട്ടവരായിരുന്നു. ഈ ഗ്യാങ്ങിന്‍റെ ഒരു പ്ലാനിങ്ങിലാണ് നമ്മുടെ മലയാളത്തിലെ പ്രിയപ്പെട്ട ആ നായിക കെണിയിൽ വീണത്. താൻ അകപ്പെട്ടു എന്നറിഞ്ഞ അവർ കൈകൂപ്പി അപേക്ഷിച്ചു, ഉറക്കെ നിലവിളിച്ചു, ആര് കേൾക്കാൻ അവരുടെ നിലവിളികൾ? പീഡനം തുടർന്നുകൊണ്ടേയിരുന്നു. എല്ലാ പ്രതീക്ഷകളും കൈവിട്ട അവർ തന്‍റെ അന്ത്യം ഇവിടെ ആയിരിക്കും എന്ന് ഉറപ്പിച്ചു.

തന്നെ രക്ഷപ്പെടുത്താൻ ആരുമില്ല, തനിക്കിനി എങ്ങനെ രക്ഷപ്പെടാൻ കഴിയും എന്നാലോചിച്ച് ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു. അവരെ നിരീക്ഷിക്കാനായി സെക്യൂരിറ്റിക്കാരെയും ഏർപ്പാട് ചെയ്‌തിരുന്നു. അവർക്ക് ആവശ്യമുള്ള ഭക്ഷണവും വെള്ളവും ഒക്കെ കിട്ടും. പക്ഷേ ഇങ്ങനെ ട്രാപ്പിൽ പെട്ടു കിടക്കുകയാണ്.

ഒരു ദിവസം എല്ലാവരും പെട്ടെന്ന് വെളിയിൽ പോയ സമയത്ത് ഇവർ നമ്മുടെ താര ആർട്‌സ്‌ വിജയനെ കുറിച്ച് ആലോചിച്ചു. അദ്ദേഹത്തിന്‍റെ നമ്പർ അവർക്ക് കാണാപാഠമായിരുന്നു. അവർ പെട്ടെന്ന് ലാൻഡ് ഫോണിൽ വിജയേട്ടനെ ബന്ധപ്പെട്ടു. ഭാഗ്യത്തിന് വിജയേട്ടൻ ഫോൺ എടുത്തു. നടന്ന സംഭവങ്ങൾ മുഴുവൻ വിജയേട്ടനോട് പറഞ്ഞു. വിജയേട്ടനും ആകെ അന്ധാളിച്ചു.

അന്ന് വിജയേട്ടൻ ന്യൂയോർക്കിൽ ടെലികോം എഞ്ചിനിയർ ആണ്. അദ്ദേഹം പെട്ടെന്ന് തന്നെ ഫോൺ വന്ന ഏരിയ മനസ്സിലാക്കി. പക്ഷേ ആ കെട്ടിടം കണ്ടുപിടിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം പറഞ്ഞു, വെയിറ്റ് ചെയ്യൂ, ഞാൻ ഇപ്പോൾ എത്താം. അദ്ദേഹം താമസിക്കുന്നത് ന്യൂ ജേഴ്‌സിയിലാണ്. അദ്ദേഹം അവിടെ നിന്ന് പെട്ടെന്ന് തന്നെ കോൾ വന്ന ഏരിയയിൽ വന്നു. പക്ഷേ എവിടെ പോകണം എന്നറിയില്ല. ആ സമയത്തിനുള്ളിൽ ഈ സംഘം അവിടെ തിരിച്ചെത്തുകയും ചെയ്യും. അതിന് മുൻപ് അവരെ അവിടുന്ന് രക്ഷപ്പെടുത്തണം. അങ്ങനെ ഒരു സാഹചര്യമാണ് ഉള്ളത്.

വിജയേട്ടൻ അവരോട് ജനല്‍ തുറക്കാൻ പറഞ്ഞു, ജനലിൽ കൂടി എന്ത് കാണാമെന്ന് ചോദിച്ചു. അവർ കാണാവുന്ന കെട്ടിടങ്ങള്‍ പറഞ്ഞു കൊടുത്തു. ബോർഡുകൾ വായിച്ചു കേൾപ്പിച്ചു കൊടുത്തു. അതുവച്ച് വിജയേട്ടൻ ഏകദേശം ഐഡിയ മനസ്സിലാക്കി. അവരോട് എന്‍റെ വണ്ടി ഇന്ന സ്ഥലത്തുണ്ട് പെട്ടെന്ന് ഇറങ്ങി വരാൻ പറഞ്ഞു. അവർ അത്യാവശ്യ സാധനങ്ങളും എടുത്ത് പെട്ടെന്ന് ഇറങ്ങി താഴെ വന്ന് വിജയേട്ടന്‍റെ വണ്ടിയിൽ കയറി. ഈ രംഗങ്ങൾ പല സിനിമക്കാർക്കും അറിയാവുന്നത് കൊണ്ട് പല സിനിമയിലും ഈ രംഗം ചിത്രീകരിച്ചിട്ടുണ്ട്.

വിജയേട്ടൻ പെട്ടെന്ന് തന്നെ വണ്ടി ഒറ്റ വിടൽ വിട്ടു. ഏതെങ്കിലും ഹോട്ടലിൽ റൂമെടുത്ത് താമസിച്ചാൽ അദ്ദേഹത്തിന് കൂടി പ്രശ്‌നമാകും എന്നുള്ളത് കൊണ്ട് എയർപോർട്ടിലേക്ക് തന്നെ വണ്ടി കയറ്റി. അവിടെ അന്നത്തെ കാലത്ത് അതൊക്കെ എളുപ്പമായിരുന്നു. അവിടെ നിന്ന് തന്നെ പെട്ടെന്ന് ടിക്കറ്റെടുത്തു.

അപ്പോഴേക്കും നടിയെ തട്ടിക്കൊണ്ടുപോയ ഗ്യാങ് വെളിയിൽ വന്ന് കാവൽ നിൽക്കുന്നത് അവർക്ക് ഉള്ളിൽ നിന്ന് കാണാമായിരുന്നു എന്ന് വിജയേട്ടൻ പറഞ്ഞു. പലരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി നടക്കുന്നുണ്ടായിരുന്നു. വിജയേട്ടൻ പെട്ടെന്ന് തന്നെ ഏറ്റവും അടുത്ത സമയത്തുള്ള ഒരു ഫ്ലൈറ്റിൽ കയറ്റി അവരെ ഇങ്ങോട്ട് തിരിച്ചയച്ചു.

ഇങ്ങനെ ഒരു സംഭവം ഉണ്ടായത് ഞങ്ങളെയെല്ലാം ഞെട്ടിച്ചു. ഒരുപക്ഷേ ഈ സംഭവം നിങ്ങൾക്ക് അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷേ ഇതെല്ലാം നൂറ് ശതമാനം സത്യസന്ധമായ സംഭവമാണ്. എന്തുകൊണ്ടാണ് ഇത് ഇപ്പോൾ പറയുന്നത് എന്ന് ചോദിച്ചാൽ ആ നടിക്ക് ഒരിക്കലും ഇത് വെളിപ്പെടുത്താൻ പറ്റുമെന്ന് തോന്നുന്നില്ല. പക്ഷേ വരുന്ന തലമുറയ്ക്ക് ഇതൊരു ഗുണപാഠമാകട്ടെ എന്ന് വിചാരിച്ചാണ് ഞാൻ ഇത് തുറന്നു പറയുന്നത്.

അതാണല്ലോ രാധിക ശരത് കുമാർ കാരവനിലെ ഒളിക്യാമറയെ കുറിച്ച് ഇപ്പോൾ പറഞ്ഞത്. അന്ന് എന്തു കൊണ്ട് പറഞ്ഞില്ല, ഇപ്പോൾ എന്തുകൊണ്ട് പറയുന്നു എന്ന് ചോദ്യം വന്നപ്പോൾ അവർ പറഞ്ഞത്, അന്ന് അതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല, പറയാൻ പറ്റുമായിരുന്നില്ല.

ഇപ്പോൾ ഹേമ കമ്മിറ്റിയും റിപ്പോർട്ടുമൊക്കെ വന്നതിന് ശേഷം കുറച്ചു കൂടി അലർട്ട് ആയിട്ടുണ്ട്. അതുകൊണ്ട് ഇനി വരുന്ന തലമുറയ്ക്ക് ഒരു ഗുണപാഠം ആയിരിക്കട്ടെ എന്ന് കരുതിയാണ്. അതുപോലെ ഞാനും പറയുന്നു, വരും തലമുറയ്‌ക്കെങ്കിലും പ്രയോജനം ആകട്ടെ. അതുകൊണ്ടാണ് ഞാനിത് തുറന്നു പറയുന്നത്. ചതിക്കുഴിയിൽ പെടാതെ എല്ലാവരും രക്ഷപ്പെടട്ടെ." -ആലപ്പി അഷ്‌റഫ് പറഞ്ഞു.

Also Read: 'മാധ്യമങ്ങൾ പറയുന്നതൊക്കെ ശരിയാണോ...?': പൃഥ്വിരാജ് - PRITHVIRAJ AGAINST MEDIA REPORTS

Last Updated : Oct 15, 2024, 2:29 PM IST

ABOUT THE AUTHOR

...view details