തമിഴകത്തിന്‍റെ സൂപ്പര്‍ താരം അജിത് കുമാറും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രം 'വിടാമുയര്‍ച്ചി'ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. പുതുവത്സരത്തില്‍ പൊങ്കല്‍ റിലീസായി ജനുവരി 10 ന് ചിത്രം എത്തുമെന്നാണ് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. ഇതോടെ ആരാധകരുടെ ആവേശവും പ്രതീക്ഷയും വര്‍ധിക്കുകയും ചെയ്‌തു. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് നിര്‍മാതാക്കള്‍ പങ്കുവച്ച ഒരു പോസ്‌റ്റാണ് ഇപ്പോള്‍ ആരാധകരെ നിരാശരാക്കുന്നത്.
പ്രശസ്‌ത സംവിധായകന്‍ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടാമുയര്‍ച്ചി' ഇത്തവണ പൊങ്കലിന് എത്തില്ലയെന്നാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്‍റെ റിലീസ് തിയതി മാറ്റിവച്ച വിവരം അറിയിച്ചത്. ഒഴിവാക്കാനാവാത്ത ചില കാരണങ്ങളാല്‍ റിലീസ് മാറ്റി വയ്ക്കുകയാണ് എന്ന് മാത്രമാണ് അറിയിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ആരാധകരെ അറിയിച്ചത്.
മങ്കാത്ത എന്ന ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രത്തിന് ശേഷം തൃഷയും അജിത് കുമാറും ഒന്നിക്കുന്ന ചിത്രമാണിത്. അതുകൊണ്ട് തന്നെ ആരാധകര്‍ ഏറെ ആവേശത്തിലുമായിരുന്നു. 2023 ജനുവരിയില്‍ റിലീസായ തുനിവ് ആണ് അജിത്തിന്‍റേതായി തിയേറ്ററുകളില്‍ ഒടുവിലായി എത്തിയ ചിത്രം.
അതുകൊണ്ട് തന്നെ വിടാമുയര്‍ച്ചിക്കായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. അതേസമയം പുതുവത്സര സമ്മാനമായി ട്രെയിലറും എത്തുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. ചിത്രം മാറ്റിവച്ചു എന്ന പ്രഖ്യാപനം ആരാധകരെ ഏറെ നിരാശരാക്കിയിരിക്കുകയാണ്.