ഹൈദരാബാദ്:ബോളിവുഡിൽ നിന്നും മറ്റൊരു ഹൊറർ ചിത്രം കൂടി വരുന്നു. അജയ് ദേവ്ഗൺ, ജ്യോതിക, ആർ മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശൈത്താൻ സിനിമയാണ് പ്രേക്ഷകരുടെ കണ്ണിൽ ഭയം നിറയ്‌ക്കാൻ എത്തുന്നത് (Ajay Devgn, Jyotika R Madhavan starrer Shaitaan). സൂപ്പർനാച്ചുറൽ ത്രില്ലർ ചിത്രത്തിന്‍റെ ടീസർ പുറത്തുവന്നു.
ഭയപ്പെടുത്തുന്ന വോയ്‌സ് ഓവറിന്‍റെ പശ്ചാത്തലത്തിലുള്ള, ഗ്രാഫിക്‌സിന്‍റെ മികവും പ്രകടമാകുന്ന ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള ടീസർ മികച്ച പ്രതികരണമാണ് നേടുന്നത് (Shaitaan Teaser Out). ആർ മാധവനാണ് പ്രതിനായക കഥാപാത്രമായ 'ശൈത്താനെ' അവതരിപ്പിക്കുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാണ്. ഭയചകിതരായാണ് അജയ് ദേവ്ഗണും ജ്യോതികയും ടീസറിൽ. ഏതായാലും തിയേറ്ററുകളിൽ വേറിട്ട ദൃശ്യാനുഭവമാകും 'ശൈത്താൻ' സമ്മാനിക്കുക എന്ന് ഉറപ്പുതരുന്നതാണ് ടീസർ.
മാധവന്‍റെ വോയ്‌സ് ഓവറിനൊപ്പമാണ് ടീസർ ആരംഭിക്കുന്നത്. "ലോകം ബധിരമാണെന്ന് അവർ പറയുന്നു. എന്നിട്ടും, എന്‍റെ ഓരോ വാക്കും അവർ പിന്തുടരുന്നു. ഞാൻ ഇരുട്ടാണ്, പ്രലോഭനമാണ്, ദുഷിച്ച പ്രാർഥനകൾ മുതൽ വിലക്കപ്പെട്ട മന്ത്രങ്ങൾ വരെ, ഞാൻ നരകത്തിന്‍റെ ഒമ്പത് ലോകങ്ങളും ഭരിക്കുന്നു," മാധവന്‍റെ 'ശൈത്താൻ' പറയുന്നതിങ്ങനെ.
കൂടാതെ, വൂഡൂ പാവകളും മറ്റ് ബ്ലാക്ക് മാജിക് സാമഗ്രികളും ടീസറിൽ കാണാം. ടീസറിനൊടുവിൽ മാധവന്‍റെ ഭയാനകമായ ചിരിയും അജയ്‌യുടെയും ജ്യോതികയുടെയും പേടിച്ചരണ്ട മുഖഭാവവുമെല്ലാം കാണികളിൽ കൗതുകം ജനിപ്പിക്കുന്നു. അതേസമയം സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടില്ല.
'ഒരു ഗെയിം കളിക്കാൻ അവൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കും... പക്ഷേ അവന്‍റെ പ്രലോഭനത്തിൽ നിങ്ങൾ വീഴരുത്' എന്ന് കുറിച്ചുകൊണ്ടാണ് അജയ് ദേവ്‌ഗൺ ഇൻസ്റ്റഗ്രാമിൽ പ്രിവ്യൂ പോസ്റ്റ് പോസ്റ്റ് ചെയ്‌തത്. 'ഗെയിം ഉണ്ടാക്കുന്നത് അവനാണ്. നിയമങ്ങൾ ക്രമീകരിക്കുന്നതും അവൻ തന്നെ. അങ്ങനെയാണ് അവൻ നിങ്ങളെ പ്രലോഭിപ്പിക്കുന്നത്'- ടീസർ പങ്കുവച്ചുകൊണ്ട് ജ്യോതിക കുറിച്ചു.
'എന്ത് സംഭവിച്ചാലും, അവനെ പ്രലോഭിപ്പിക്കരുത്'- എന്നാണ് ആർ മാധവന്‍റെ വാക്കുകൾ. വികാസ് ബഹലിനാണ് ഈ ചിത്രം സവിധാനം ചെയ്യുന്നത്. 'ശൈത്താനി'ലൂടെ തെന്നിന്ത്യയുടെ പ്രിയ താരം ജ്യോതിക ബോളിവുഡിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്.
അജയ് ദേവ്ഗൺ ഫിലിംസ്, പനോരമ സ്റ്റുഡിയോസ് ഇന്‍റർനാഷണൽ, ജിയോ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ അജയ് ദേവ്ഗൺ, ജ്യോതി ദേശ്‌പാണ്ഡെ, കുമാർ മങ്ങാട് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം. സഞ്ജീവ് ജോഷി, ആദിത്യ ചൗക്‌സി, അമിത് ഡാൽമിയ എന്നിവരാണ് സഹനിർമാണം. ജാങ്കി ബോഡിവാല, ആങ്കത് മഹോലേ എന്നിവരും 'ശൈത്താനി'ൽ പ്രധാന വേഷങ്ങളിലുണ്ട്.