ഹൈദരാബാദ് :ഏറെ ആരാധകരുള്ള ഹിന്ദി സിനിമ-ടെലിവിഷന്‍ താരമാണ് ഹിന ഖാന്‍. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥി കൂടിയായിരുന്നു താരം. ഫോട്ടോ ഷൂട്ടും മറ്റും പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്‍റെ പുതിയ വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
തനിക്ക് സ്‌തനാര്‍ബുദമാണെന്ന് പറഞ്ഞുകൊണ്ടാണ് ഹിന ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്. കാന്‍സര്‍ മൂന്നാം സ്റ്റേജിലാണെന്നും ചികിത്സ നടക്കുന്നുണ്ടെന്നും താരം കുറിച്ചു. രോഗത്തെ താന്‍ അതിജീവിക്കുമെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട പോസ്റ്റില്‍ പറയുന്നു.
'എന്‍റെ ആരാധകരോടും എന്നെ കുറിച്ച് ആശങ്കപ്പെടുന്നവരോടുമായി, എന്നെ കുറിച്ച് അടുത്തിടെ പ്രചരിച്ച അഭ്യൂഹത്തെ കുറിച്ച് വ്യക്തമാക്കുകയാണ്. സ്‌തനാര്‍ബുദത്തിന്‍റെ മൂന്നാം സ്റ്റേജിലാണ് ഞാനിപ്പോള്‍. രോഗനിർണയം വളരെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും ഞാന്‍ നന്നായിരിക്കുന്നു എന്ന് നിങ്ങളെ അറിയിക്കട്ടെ. തീര്‍ച്ചയായും രോഗത്തെ ഞാന്‍ അതിജീവിക്കുക തന്നെ ചെയ്യും. ചികിത്സ ആരംഭിച്ചുകഴിഞ്ഞു. രോഗത്തെ അതിജീവിക്കാനായി സാധ്യമായതെല്ലാം ചെയ്യാനും എല്ലാം നേരിടാനും ഞാന്‍ തയാറാണ്' -ഹിനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ.