ബറോസിന്‍റെ ട്രെയിലർ പുറത്തുവന്ന നാൾ മുതൽ തന്നെ ചർച്ചയായ സിനിമയിലെ ഒരു കഥാപാത്രമാണ് വൂടു. ഇന്നിപ്പോൾ ചിത്രത്തിന്‍റെ ഷോ കഴിഞ്ഞ് പുറത്തിറങ്ങുന്ന പ്രേക്ഷകർ മോഹൻലാലിന്‍റെ ബറോസ് എന്ന കഥാപാത്രത്തിനൊപ്പം തന്നെ വൂടുവിനെയും മനസിൽ ഒപ്പം കൂട്ടുമെന്ന് ഉറപ്പ്. മോഹൻലാലിന്‍റെ കഥാപാത്രത്തോടൊപ്പം പ്രാധാന്യമുണ്ട് വൂടുവിനും.
ത്രീഡി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിത്രത്തിൽ വൂടുവിനെ സൃഷ്‌ടിച്ചിട്ടുള്ളത്. പ്രത്യേക രീതിയിലുള്ള സംസാരശൈലിയും ചടുലമായ ശരീരഭാഷയും സിനിമയിൽ വൂടുവിനെ ആകർഷകമാക്കി. പ്രേക്ഷകർക്ക് കഥാപാത്രം വളരെ പെട്ടെന്ന് തന്നെ കണക്‌ട് ചെയ്‌തു എന്നുള്ളതും വൂടുവിന്‍റെ വിജയമാണ്. എന്നാൽ കഥാപാത്രത്തിന്‍റെ ഏറ്റവും വലിയ വിജയം അനുയോജ്യമായ ശബ്‌ദം തന്നെയായിരുന്നു.
ത്രീഡി ആനിമേഷൻ സാങ്കേതിക വിദ്യയിൽ സൃഷ്‌ടിച്ചെടുത്ത വൂടുവിന് ശബ്‌ദം കൊണ്ട് ജീവൻ പകർന്നത് നമുക്കേവർക്കും പ്രിയപ്പെട്ട ഒരു കലാകാരനാണ്. മിമിക്രി പരിപാടികളിലൂടെയും മഴവിൽ മനോരമ സംപ്രേഷണം ചെയ്യുന്ന കോമഡി റിയാലിറ്റി ഷോകളിലൂടെയും സോഷ്യൽ മീഡിയയിൽ തരംഗമായ മലയാളികളുടെ സ്വന്തം ഭാസി അണ്ണൻ. അഥവാ ഭാസി വൈക്കം. വൂടു എന്ന കഥാപാത്രത്തിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ കൊച്ചിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഭാസിയെയും ശ്രീ മോഹൻലാൽ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരുന്നു. വിശേഷങ്ങൾ പങ്കുവച്ച് ഭാസി വൈക്കം ഇടിവി ഭാരതിനോട് സംസാരിക്കുകയാണ്.
35 കൊല്ലത്തെ കലാ ജീവിതത്തിനിടയിൽ 47ാം വയസിൽ വീണുകിട്ടിയ ബംബർ ആണ് ബറോസ് എന്ന് ഭാസി ആദ്യം തന്നെ വ്യക്തമാക്കി. ജീവിതത്തിന്‍റെ നല്ലൊരു കാലം മിമിക്രി കലാ വേദിയിൽ ചെലവഴിച്ചെങ്കിലും മഴവിൽ മനോരമ പ്രക്ഷേപണം ചെയ്യുന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് നാലാൾ മുഖം തിരിച്ചറിഞ്ഞ് തുടങ്ങിയതെന്ന് ഭാസി പറയുകയുണ്ടായി. പരിപാടിയിൽ അവതരിപ്പിച്ച ഒന്ന് രണ്ട് സ്‌കിറ്റുകൾ മോഹൻലാലും ബറോസ് സിനിമയുടെ ക്രിയേറ്റീവ് ഡയറക്‌ടറുമായ ടി കെ രാജീവ് കുമാറും കണ്ടിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് വൂടുവിന്‍റെ കഥാപാത്രത്തിന് ശബ്‌ദം നൽകാൻ ഭാസിയെ ക്ഷണിക്കുന്നത്.
ഭാസിയുടെ വാക്കുകളിലൂടെ
"മോഹൻലാൽ സാർ ബറോസ് എന്ന സിനിമ സംവിധാനം ചെയ്യുന്നുണ്ട് എന്നുള്ള വാർത്തകൾ ഒക്കെ ഞാൻ അറിഞ്ഞിരുന്നു. പക്ഷേ ആ സിനിമയുടെ ഭാഗമാകാൻ ഏതെങ്കിലും രീതിയിൽ സാധിക്കുമെന്ന് സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. വൂടു എന്ന കഥാപാത്രത്തിന് ശബ്‌ദം നൽകാൻ വരാമോ എന്ന് ചോദിച്ചു കൊണ്ട് സിനിമയുടെ ക്രിയേറ്റീവ് ഡയറക്‌ടറായ ടികെ രാജീവ് കുമാർ സാറാണ് എന്നെ വിളിക്കുന്നത്.
അയ്യോ സാറേ എനിക്ക് ഡബ്ബിങ് ഒന്നും അറിഞ്ഞുകൂടാ എന്നായിരുന്നു ആദ്യത്തെ മറുപടി. ഞാനിതുവരെ എനിക്ക് പോലും ഡബ്ബ് ചെയ്‌തിട്ടില്ല. അപ്പോൾ ഒരു അനിമേഷൻ കഥാപാത്രത്തിന് ഞാൻ ശബ്‌ദം നൽകിയാൽ അത് എത്രമാത്രം ശരിയാകും എന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല. എനിക്ക് എക്‌സ്‌പീരിയൻസ് ഇല്ല, മാത്രമല്ല ഇത്രയും വലിയ സിനിമയിൽ നിസാര കളിയല്ല.
ടികെ രാജീവ് കുമാർ സാർ മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു. ഈ കഥാപാത്രത്തിന് ശബ്‌ദം നൽകാൻ പല കലാകാരന്മാരെയും ഞങ്ങൾ സമീപിച്ചു. ആരും ചെയ്‌തിട്ട് ശരിയാകുന്നില്ല. അപ്പോഴാണ് ഭാസിയുടെ ഒരു ടെലിവിഷൻ പരിപാടി ലാൽ സാർ കാണുന്നത്. ഭാസിയുടെ ശബ്‌ദം വൂടുവിന് യോജിക്കുമെന്ന് അഭിപ്രായപ്പെട്ടത് ലാൽ സർ തന്നെയാണ്. ഭാസി എന്തായാലും ഇവിടെ വന്ന് ഒന്ന് ശ്രമിച്ചു നോക്കൂ."
ടികെ രാജീവ് കുമാർ നൽകിയ പിൻബലത്തിലാണ് ഭാസി എറണാകുളത്തെ സ്റ്റുഡിയോയിൽ വൂടുവിന് ശബ്‌ദം നൽകാൻ എത്തുന്നത്. ഭാസി തുടർന്നു..
"കഥാപാത്രത്തിന്‍റെ ശബ്‌ദത്തിന്‍റെ റഫറൻസിന് വേണ്ടി ആരും തന്നെ ട്രാക്ക് ഒന്നും ഡബ്ബ് ചെയ്‌തിരുന്നില്ല. അതുകൊണ്ടുതന്നെ ഏത് രീതിയിൽ ഡബ്ബ് ചെയ്‌തു തുടങ്ങണം എന്നുള്ളതിനെ കുറിച്ച് ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. മോഹൻലാലിന്‍റെ കഥാപാത്രത്തിനോടൊപ്പം ആദ്യാവസാനം വൂടു സഞ്ചരിക്കുന്നുണ്ട്. രണ്ടും കൽപ്പിച്ച് ടികെ രാജീവ് കുമാർ സാറിന്‍റെ നിർദേശ പ്രകാരം ഡബ്ബ് ചെയ്‌തു തുടങ്ങി.
കുറച്ച് ശരിയായാലും സാർ പറയും സൂപ്പർ എന്ന്. എന്നിട്ട് ഒന്നുകൂടി എടുക്കാം എന്ന് പറയും. ഡബ്ബ് ചെയ്‌ത് പോകുന്ന വഴി കഥാപാത്രത്തെ ഉൾക്കൊണ്ട് ട്രാക്കിൽ ആകുക എന്ന പരിപാടിയൊന്നും അവിടെ നടന്നിട്ടില്ല. ഓരോ സീനും ഓരോ ഡയലോഗും പുതുമയുള്ളത് പോലെയാണ് എനിക്ക് തോന്നിയത്. ഒരുപാട് ടേക്കുകൾ എടുപ്പിച്ച് എന്നെ ടികെ രാജീവ് കുമാർ സാർ ബുദ്ധിമുട്ടിച്ചിട്ടില്ല.
വളരെ പെട്ടെന്നുതന്നെ കഥാപാത്രത്തിന് ഡബ്ബ് ചെയ്‌ത് തീർക്കാൻ സാധിച്ചു. രാജീവ് കുമാർ സാർ കൃത്യമായ മോഡുലേഷൻ പറഞ്ഞുതരും. നമ്മൾ അത് ഏറ്റു പറയുകയേ വേണ്ടൂ. സാർ പറഞ്ഞുതന്ന രീതിയിൽ തന്നെ ഡബ്ബ് ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ കുറച്ചുകൂടി മെച്ചപ്പെട്ടേനെ എന്നും ഭാസി കൂട്ടിച്ചേർത്തു."
ഭാസി മൂന്നുനാല് സീനുകൾ ഡബ്ബ് ചെയ്‌ത ശേഷം സീനുകൾ മിക്‌സ് ചെയ്‌ത് രംഗങ്ങൾ സംവിധായകനായ മോഹൻലാലിന് അയച്ചുകൊടുത്തു. അദ്ദേഹത്തിന് ഭാസിയുടെ ശബ്‌ദം ഇഷ്‌ടമായെന്ന് പറഞ്ഞതിനുശേഷം ആണ് ബാക്കിയുള്ള ഭാഗങ്ങൾ ഭാസി ഡബ്ബ് ചെയ്‌തു തീർത്തത്.
ശബ്‌ദം ഇഷ്‌ടപ്പെട്ട ശേഷം ടികെ രാജീവ് കുമാർ സാറിന്‍റെ ഫോണിലൂടെ മോഹൻലാൽ സാർ തന്നെ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചതായി ഭാസി പറഞ്ഞു. ഇനിയും ധാരാളം അവസരങ്ങളിൽ ഒപ്പം സഹകരിക്കാമെന്ന വാഗ്‌ദാനവും മോഹൻലാൽ നൽകിയതായി ഭാസി വെളിപ്പെടുത്തി.
മോഹൻലാലിന്‍റെ കഥാപാത്രത്തിനൊപ്പമാണ് വൂടു പരമാവധി സമയം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. കൂടുതൽ ഡയലോഗും മോഹൻലാലിന്‍റെ കഥാപാത്രത്തിനോട് ആയിരുന്നു എന്ന് ഭാസി പറഞ്ഞു. തന്‍റെ ഭാഗത്തുനിന്നും എന്തെങ്കിലും പാകപ്പിഴ സംഭവിക്കുമോ എന്ന ഭയം ആദ്യാവസാനം ഉണ്ടായിരുന്നതായി ഭാസി വ്യക്തമാക്കി. തിയേറ്ററിൽ വൂടുവിനെ പ്രേക്ഷക പ്രിയങ്കരം ആക്കുന്നതിൽ തന്‍റെ ശബ്‌ദത്തിന് മുഖ്യ പങ്കുണ്ട്. റിലീസിന്‍റെ തലേദിവസം വരെ അങ്ങനെ ഒരു ടെൻഷനും തനിക്ക് ഉണ്ടായിരുന്നതായി ഭാസി പറഞ്ഞു.
ബറോസിന്‍റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനോടൊപ്പം തന്നെ കലാജീവിത ഓർമകളെ കുറിച്ചും അദ്ദേഹം സംസാരിക്കുകയുണ്ടായി. ഭാസിയുടെ വാക്കുകളിലൂടെ..
"കലാമേഖലയിലേക്ക് കടന്നുവരുന്നത് സത്യത്തിൽ സ്‌കൂളിൽ പഠിക്കുമ്പോഴാണ്. ഞങ്ങടെ നാട്ടിൽ ദിലീപ് നാദിർഷ കലാഭവൻ മണി എന്നിവർ അവതരിപ്പിച്ച ഒരു മെഗാ ഷോ കാണാൻ പോകുന്നു. സംഭവം കൊള്ളാമെന്ന് തോന്നിയതോടെ അവർ അവതരിപ്പിച്ച അതേ പരിപാടി ഞങ്ങൾ ഒരു മൂന്നാലഞ്ച് പേർ ചേർന്ന് കോപ്പിയടിച്ച് ചെയ്യാൻ തീരുമാനിക്കുന്നു. എങ്ങനെയോ രണ്ടുമൂന്നു വേദിയൊക്കെ കിട്ടി. ദിലീപ്, നാദിർഷ ടീമിന്‍റെ മെഗാ ഷോ രണ്ടുമണിക്കൂർ ആയിരുന്നെങ്കിൽ ഞങ്ങൾ അവതരിപ്പിച്ച ഷോ മൂന്നര മണിക്കൂർ കഴിഞ്ഞു പോയി. എവിടുന്നൊക്കെ? ആരൊക്കെ? കൂവലോട് കൂവൽ. ഒരു നിശ്ചയവുമില്ല. കൂവൽ കഴിഞ്ഞതോടെ അടി തുടങ്ങി." അമ്പലപ്പറമ്പിൽ നിന്ന് കിട്ടുന്ന അടിയുടെ കണക്കെടുക്കാനുള്ള ഗണിതജ്ഞാനം തനിക്ക് ഇല്ലെന്നാണ് ഭാസി വൈക്കം പറഞ്ഞത്.
"ആദ്യ ശ്രമം പാഴായെങ്കിലും മിമിക്രി മേഖലയോട് അഭിനിവേശം കൂടുകയാണ് ഉണ്ടായത്.'' അമ്പലപ്പറമ്പിൽ പരിപാടി പൊളിഞ്ഞ് അടികിട്ടി ഓടുമ്പോൾ സങ്കടം തോന്നാറില്ലെന്ന് ഭാസി പറഞ്ഞു. "10 പരിപാടി വിജയിക്കുമ്പോൾ ആയിരിക്കും ഒരെണ്ണം പൊളിയുന്നത്. സംഘാടകരുടെ തല്ലും കൊണ്ട് ഓടുമ്പോൾ ഭയവും സങ്കടവും അപ്പോൾ മാത്രമാണ് തോന്നുന്നത്. പിന്നീട് ആലോചിച്ചാൽ പൊട്ടിച്ചിരിക്കാൻ ഉള്ള വകയാണ് അതൊക്കെ.
പഠനം കഴിഞ്ഞ് പൂർണമായി മിമിക്രി മേഖലയിൽ ചേക്കേറി. വൈക്കത്തും എറണാകുളത്തുമായി നിരവധി പ്രശസ്‌തമായ ട്രൂപ്പുകളിൽ പ്രവർത്തിച്ചു. വർഷങ്ങളോളം മിമിക്രി കളിച്ചു നടന്നെങ്കിലും ജനങ്ങൾ അറിയപ്പെടുന്ന ഒരു കലാകാരനായി മാറിയത് അടുത്തിടയ്ക്കാണ്. മഴവിൽ മനോരമ പ്രക്ഷേപണം ചെയ്‌ത ഒരു ചിരി ഇരു ചിരി ബംബർ ചിരി ജീവിതത്തിലെ വഴിത്തിരിവായി. പല സ്‌കിറ്റുകളും ഇന്‍റർനെറ്റിൽ ആൾക്കാർ ശ്രദ്ധിച്ചു. നാട്ടിലൊക്കെ ഇറങ്ങി നടക്കുമ്പോൾ 10- 35 വർഷമായി ലഭിക്കാത്ത പരിഗണനയും സ്നേഹവും ഒക്കെ ലഭിച്ചു തുടങ്ങി.
എവിടെയെങ്കിലും ഒക്കെ പോകുമ്പോൾ ആൾക്കാർ തിരിച്ചറിയാൻ തുടങ്ങി. എല്ലാത്തിലും ഉപരി പരിപാടി കണ്ട് മലയാളത്തിന്‍റെ പ്രിയപ്പെട്ട സംവിധായകൻ ജിത്തു ജോസഫ് തനിക്ക് സിനിമയിൽ ഒരു അവസരം നൽകി. അദ്ദേഹത്തിന്‍റെ നുണക്കുഴി എന്ന ചിത്രത്തിലാണ് എനിക്ക് അഭിനയിക്കാൻ അവസരം നൽകിയത്. സിനിമയെന്ന ആഗ്രഹം തന്നെയാണ് ഏതൊരു മിമിക്രിക്കാരന്‍റെയും മനസിൽ. അങ്ങനെ ഒരു ആഗ്രഹം നുണക്കുഴിയിലൂടെ സാധിച്ചു. " ഒരുപാട് ചിത്രങ്ങളിലേക്കുള്ള അവസരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നതായും ഭാസി തുറന്നു പറഞ്ഞു.
അച്ഛനും അമ്മയും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ഇക്കാലമത്രയും പോറ്റിയത് മിമിക്രി എന്ന കലാരൂപം കൊണ്ട് തന്നെയാണെന്ന് ഭാസി തുറന്നു പറഞ്ഞു. "മിമിക്രി തന്നെ ഒരിക്കലും പട്ടിണി കിടത്തിയിട്ടില്ല. ലോക്ക്ഡൗൺ കാലത്ത് പോലും പട്ടിണി കിടക്കാനുള്ള ഗതികേട് മിമിക്രി എന്ന കല തനിക്ക് ഉണ്ടാക്കിയില്ല. ലോക്ക്ഡൗൺ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്യുന്ന കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയുടെ ഭാഗമായിരുന്നു. ലോക്ക്ഡൗൺ കാരണം പരിപാടി നിന്നതോടെ വരുമാനം മുടങ്ങും എന്ന് കരുതി.
പക്ഷേ ഏഷ്യാനെറ്റ് ഞാൻ ഉൾപ്പെടെയുള്ള കലാകാരന്മാർക്ക് രണ്ടുമാസത്തെ പ്രതിഫലം തന്ന് സഹായിച്ചു. എല്ലാത്തിലും ഉപരി കോമഡി സ്റ്റാർസിന്‍റെ പ്രധാന ജഡ്‌ജ് ആയിരുന്ന നടൻ ജഗദീഷ് ചേട്ടൻ ആ ഷോയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും നല്ലൊരു തുക ലോക്ക്ഡൗൺ കാലത്ത് നൽകിയിരുന്നു. ലോക്ക്ഡൗൺ കഴിഞ്ഞതോടെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടവും അസ്‌തമിച്ചു." അതിനുശേഷം പ്രശസ്‌തിയും അവസരങ്ങളും തേടിയെത്തിയതായി ഭാസി വ്യക്തമാക്കി. ഒടുവിൽ 47-ാം വയസിൽ ബംബർ അടിച്ചത് പോലെ ബാറോസും.
Also Read:ബറോസ് ശരവേഗത്തിൽ റെക്കോർഡുകൾ തകർക്കുമോ? ആദ്യ പ്രേക്ഷക പ്രതികരണം