മലയാള സിനിമ - സീരിയൽ രംഗത്ത് ഡബ്ബിങ് ആർട്ടിസ്‌റ്റായും നടനായും തിളങ്ങുന്ന താരമാണ് ഷോബി തിലകൻ. അന്തരിച്ച മലയാളത്തിന്‍റെ മഹാനടൻ തിലകന്‍റെ മകൻ കൂടിയാണ് അദ്ദേഹം. മലയാള സിനിമയിൽ ഡബ്ബിങ് ആർട്ടിസ്‌റ്റായി നിലനിൽക്കാൻ കുറച്ചു ബുദ്ധിമുട്ടാണെന്ന് പറയുകയാണ് ഷോബി തിലകൻ. കലയുടെ വഴിയേ സഞ്ചരിക്കുന്നതിന് അച്‌ഛൻ പ്രചോദനമാണെന്നും ഷോബി തിലകൻ ഇടിവി ഭാരതിനോട് പറഞ്ഞു.
മലയാളത്തിലെ നടന്മാരെല്ലാം സ്വന്തം ശബ്‌ദത്തിൽ ഡബ് ചെയ്യാൻ താത്പര്യപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ സിനിമയെ സംബന്ധിച്ചിടത്തോളം ഒരു ഡബ്ബിങ് കലാകാരൻ ആയിരിക്കുക എന്നുള്ളത് പ്രയാസമേറിയ കാര്യം തന്നെ. എന്നിരുന്നാലും ഡബ്ബിങ് കലാകാരന്മാരുടെ ഭാവി അവതാളത്തിൽ ആകുമോ എന്ന ചിന്ത വേണ്ട. ഇന്ന് ഇന്ത്യയിൽ റിലീസാകുന്ന എല്ലാ ചിത്രങ്ങളും എല്ലാ ഭാഷകളിലേക്കും ഡബ്ബ് ചെയ്‌ത് ഒടിടികളിൽ എത്തുന്നുണ്ട് എന്നതുതന്നെയാണ് ആശ്വാസം.
ഒരു സമയത്ത് ഡബ്ബിങ് കലാകാരന്മാരുടെ ഭാവി അസ്‌തമിച്ചു എന്നുവരെ കരുതി പോയ നിമിഷങ്ങൾ ഉണ്ട്. എന്നാൽ ഒടിടികൾ ഞങ്ങളെപ്പോലുള്ള ശബ്‌ദകലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ തുറന്നുതന്നു. ഇന്ത്യയിലെ മിക്ക ഭാഷകളിലെയും സിനിമകൾക്ക് ഞാൻ ഡബ് ചെയ്‌തിട്ടുണ്ട്.
പ്രഗൽഭരായ ലോകോത്തര നടന്മാർക്കുവേണ്ടി ശബ്‌ദം നൽകുമ്പോൾ അവരുടെ അഭിനയ വഴികൾ കൂടുതൽ മനസിലാക്കാൻ കൂടി സാധിക്കും. അത്തരം പഠനങ്ങൾ എന്നിലെ നടനെ കൂടുതൽ മെച്ചപ്പെടുത്തുന്നു. തെലുഗുവിൽ വലിയ ഹിറ്റായ ആർആർആർ എന്ന ചിത്രത്തിൽ റാം ചരണ് ശബ്‌ദം നൽകിയത് ഞാനാണ്. പ്രകാശ് രാജ് അഭിനയിക്കുന്ന മിക്ക ചിത്രങ്ങൾക്കും മലയാളത്തിൽ എന്‍റെ ശബ്‌ദം തന്നെ. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് പ്രകാശ് രാജ്. അദ്ദേഹത്തിന്‍റെ മാനറിസങ്ങൾ ഒക്കെ കൃത്യമായി വിശകലനം ചെയ്യാൻ സാധിച്ചിട്ടുണ്ട്.
സിനിമയിലെത്തിയത് അഭിനയ മോഹവുമായി: അഭിനയ മോഹവുമായാണ് സിനിമയിലേക്ക് വന്നത്. പക്ഷേ അവസരങ്ങൾ ലഭിക്കാതെയായപ്പോൾ എങ്ങനെയും ഇവിടെ പിടിച്ചുനിന്നാൽ മതിയെന്നായി. ആദ്യകാലങ്ങളിൽ മിമിക്രി കലാകാരനായിരുന്നു. എന്നാൽ ഡബ്ബിങ് ആർട്ടിസ്‌റ്റ് ആയതോടെ മിമിക്രിയ്‌ക്ക് കർട്ടൻ ഇട്ടു. നിന്നിലെ കലാകാരനെ സ്വയം നശിപ്പിക്കുന്നതാണ് മിമിക്രി എന്നായിരുന്നു അച്‌ഛന്‍റെ ഉപദേശം. മറ്റുള്ളവരെ അനുകരിക്കുമ്പോൾ സ്വന്തം ശൈലിയും കഴിവും നഷ്‌ടപ്പെടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞ വാക്കുകളിലെ ഉൾക്കാമ്പ്.
എന്‍റെ ശബ്‌ദഗാംഭീര്യം ആയിരിക്കാം ഒരുപക്ഷേ അഭിനയത്തേക്കാൾ ഉപരി ഡബ്ബിങ്ങിൽ കൂടുതൽ അവസരങ്ങൾക്ക് വഴിതെളിച്ചത്. ഗാംഭീര്യമുള്ള ശബ്‌ദമുള്ളതുകൊണ്ട് മാത്രം ഒരു നല്ല ഡബ്ബിങ് ആർട്ട് ആകണമെന്നില്ല. ശബ്‌ദത്തെ വ്യതിചലിപ്പിക്കാനും സാഹചര്യങ്ങൾക്ക് അനുസരിച്ച് മോഡുലേറ്റ് ചെയ്യാനും സാധിക്കണം.
അച്‌ഛനെന്ന ഗുരു:ഒരു ഡബ്ബിങ് ആർട്ടിസ്‌റ്റ് എന്നതിലുപരി എന്‍റെ ശബ്‌ദത്തെ കൃത്യമായി ഉപയോഗിക്കാൻ പഠിച്ചത് അച്‌ഛനിൽ നിന്നുതന്നെ. അച്‌ഛൻ തന്നെയാണ് ഗുരു. അദ്ദേഹം തന്നെയാണ് ജീവിതത്തിന്‍റെ റോൾ മോഡലും.
ഒരുകാലത്തെ മലയാള സിനിമയിൽ മിക്ക വില്ലന്മാർക്കും എന്‍റെ ശബ്‌ദമായിരുന്നു. അവരുടെ പ്രകടനത്തെ ഒരുപക്ഷേ ഉയർത്തിക്കാട്ടാനും എന്‍റെ ശബ്‌ദം ഉപകരിച്ചു എന്നുവേണം പറയാൻ. വില്ലന്മാർക്ക് മാത്രമല്ല നായകന്മാർക്കും ഡബ് ചെയ്‌തിട്ടുണ്ട്. എന്‍റെ ശബ്‌ദം പല കഥാപാത്രങ്ങളെയും പ്രേക്ഷകപ്രിയമാക്കിയപ്പോൾ ഒരു അഭിനേതാവ് എന്നുള്ള നിലയിൽ എനിക്കുള്ള അവസരങ്ങൾ കുറഞ്ഞു എന്നത് മറ്റൊരു കാര്യം.