ന്യൂഡൽഹി : ഡീപ്‌ഫേക്ക് വീഡിയോ അടക്കമുള്ള എഐയുടെ ദുരുപയോഗത്തെ കുറിച്ച് പ്രതികരിച്ച് ബോളിവുഡ് നടന്‍ രാജ്‌കുമാര്‍ റാവു. രശ്‌മിക മന്ദാന, ആമിർ ഖാൻ, രൺവീർ സിങ് തുടങ്ങി നിരവധി ബോളിവുഡ് താരങ്ങള്‍ ഡീപ്ഫേക്ക് വീഡിയോകളുടെ ഇരകളായ സാഹചര്യത്തിലാണ് താരത്തിന്‍റെ പ്രതികരണം. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നിയമം കൊണ്ടുവരണമെന്നും രാജ്‌കുമാര്‍ പറഞ്ഞു. തൻ്റെ പുതിയ സിനിമ 'ശ്രീകാന്ത്' ന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിർമിത ബുദ്ധി (എഐ)യുടെ ഉപയോഗത്തെക്കുറിച്ച് ക്യത്യമായ അറിവുളളത് രാജ്യത്തെ മുഴുവന്‍ ജനസംഖ്യയുടെ വളരെ ചെറിയ ശതമാനത്തിന് മാത്രമാണ്. അതിനാല്‍, എഐയുടെ ഉപയോഗത്തെക്കുറിച്ച് ആളുകളില്‍ ശരിയായ അവബോധം സ്യഷ്‌ടിക്കേണ്ടതും ദുരുപയോഗം തടയുന്നതിന് ഉതകുന്ന നിയമങ്ങൾ കൊണ്ടുവരേണ്ടതും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയെക്കുറിച്ച് സംസാരിക്കുന്നതിനിടെ "ശ്രീകാന്തിൻ്റെ ജീവിത കഥ ആദ്യം കേട്ടപ്പോള്‍ തന്നെ എന്നെ വല്ലാതെ സ്‌പര്‍ശിച്ചു. കാഴ്‌ചശക്തി കുറവായിരുന്നിട്ടും ഇത്ര ചെറുപ്പത്തിലെ ഇത്രയധികം നേട്ടങ്ങൾ കൈവരിച്ച ശ്രീകാന്തിൻ്റെ കഥയ്ക്ക് എല്ലാവരെയും പ്രചോദിപ്പിക്കാനാകും. അത് ലോകത്തെ അറിയിക്കേണ്ടത് അത്യാവശ്യമാണ്. കാരണം പലപ്പോഴും നമുക്ക് മുന്നോട്ട് നീങ്ങാന്‍ ഇത്തരത്തിലുളള പ്രചോദനം ആവശ്യമാണ്. ഒരേ സമയം ആളുകളെ പ്രചോദിപ്പിക്കാനും രസിപ്പിക്കാനും കഴിയുന്ന കഥാപാത്രമാണ് ശ്രീകാന്തിൻ്റേത്" -എന്നും താരം പറഞ്ഞു.