'ബാഹുബലി' സിനിമയിൽ നായകനായ പ്രഭാസിന് ശബ്‌ദം നൽകാനാണ് അണിയറ പ്രവർത്തകർ ആദ്യം തന്നെ സമീപിച്ചതെന്ന് ഷോബി തിലകൻ. എന്നാൽ പ്രതിനായകനായ പൽവാൾദേവന് ആരുടെ ശബ്‌ദം ഉപയോഗിക്കും എന്നതായി അണിയറക്കാരുടെ ആശയ കുഴപ്പം. വില്ലൻ മികച്ചതാകാതെ ഗംഭീര നായകൻ ഉണ്ടാകില്ലല്ലോ. അങ്ങനെയാണ് പൽവാൾദേവന്‍റെ വേഷം കൈകാര്യം ചെയ്‌ത റാണ ദഗുബട്ടിക്ക് ശബ്‌ദം നൽകാൻ മലയാളം പരിഭാഷ ഒരുക്കിയ മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ തന്നെ പരിഗണിക്കുന്നതെന്ന് നടനും ഡബ്ബിങ് ആർട്ടിസ്‌റ്റുമായ ഷോബി തിലകൻ പറഞ്ഞു.
എന്‍റെ ശബ്‌ദം ഉപയോഗിച്ച് ഒരുക്കിയ ബാഹുബലിയുടെ പ്രമോഷണൽ വീഡിയോകൾ ഒറിജിനൽ പതിപ്പായ തെലുഗുവിന് അടക്കം റഫറൻസ് ആയിരുന്നു. ചേട്ടൻ ഷമ്മി തിലകന് ദേവാസുരത്തിലെ നെപ്പോളിയന്‍റെ കഥാപാത്രമായ മുണ്ടക്കൽ ശേഖരന്‍റെ ശബ്‌ദം എത്രത്തോളം പ്രിയങ്കരമോ അതുപോലെ എന്നെ സംബന്ധിച്ചിടത്തോളം ബാലേട്ടൻ എന്ന സിനിമയിൽ റിയാസ് ഖാന്‍റെ ശബ്‌ദം ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു.
ഒരുകാലത്ത് റിയാസ് ഖാന്‍റെ യഥാർഥ ശബ്‌ദം എന്‍റേതാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ബാലേട്ടൻ സിനിമയിൽ റിയാസ് ഖാന് ശബ്‌ദം നൽകാനായി വിളിച്ചപ്പോൾ എനിക്ക് തൊണ്ടയിൽ ചെറിയ പ്രശ്‌നമുണ്ടായിരുന്നു. ഒരു വരി പോലും മിണ്ടാനാകാത്ത അവസ്ഥ. രണ്ടുദിവസത്തെ വോയിസ് റെസ്‌റ്റ് ആവശ്യമാണ്. പക്ഷേ സ്‌റ്റുഡിയോ രണ്ടുദിവസം കഴിഞ്ഞ് ലഭ്യമാകില്ല. മറ്റൊരു സിനിമയുടെ ഡബ്ബിങ് ജോലികൾക്കായി രണ്ട് ദിവസങ്ങൾക്കപ്പുറം സ്‌റ്റുഡിയോ വേറൊരു പ്രൊഡക്ഷൻ കമ്പനി ബുക്ക് ചെയ്‌തിട്ടുണ്ട്.
ആ സിനിമയുടെ ഡബ്ബിങ് രാവിലെ 9 മണിക്കാരംഭിച്ച് വൈകുന്നേരം എട്ടുമണിക്ക് അവസാനിക്കും. ശബ്‌ദം ശരിയായി രണ്ടു ദിവസത്തിന് ശേഷം രാവിലെ ആറുമണി മുതൽ 9 മണി വരെയും 8 മണി മുതൽ രാത്രി 12 മണി വരെയും ബാലേട്ടൻ സിനിമയിലെ റിയാസ് ഖാന്‍റെ കഥാപാത്രത്തിനായി ഞാൻ ഡബ്ബ് ചെയ്‌തു. രണ്ട് ദിവസം കൊണ്ടാണ് ഡബ്ബിങ് പൂർത്തിയാക്കിയത്.