കേരളം

kerala

ETV Bharat / entertainment

'ആശയക്കുഴപ്പം ഇല്ല, സംശയങ്ങളെല്ലാം പരിഹരിക്കും': ആഷിഖ് അബു - Aashiq Abu about new association - AASHIQ ABU ABOUT NEW ASSOCIATION

പ്രോഗസീവ് ഫിലിം മേക്കേഴ്‌സ്‌ അസോസിയേഷനില്‍ ആശയക്കുഴപ്പം ഇല്ലെന്ന് സംവിധായകന്‍ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുമെന്നും ആഷിഖ് അബു.

AASHIQ ABU  PROGRESSIVE FILM MAKERS ASSOCIATION  ആഷിഖ് അബു  പ്രോഗസീവ് ഫിലിം മേക്കേഴ്‌സ്‌
Aashiq Abu (ETV Bharat)

By ETV Bharat Entertainment Team

Published : Sep 18, 2024, 1:06 PM IST

പുതിയ സിനിമ കൂട്ടായ്‌മയായ പ്രോഗസീവ് ഫിലിം മേക്കേഴ്‌സ്‌ അസോസിയേഷനില്‍ ആശയക്കുഴപ്പമൊന്നും ഇല്ലെന്ന് സംവിധായകന്‍ ആഷിഖ് അബു. സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടങ്ങിയിട്ടെ ഉള്ളൂവെന്നും സംശയങ്ങളെല്ലാം പരിഹരിക്കുമെന്നും ആഷിഖ് അബു മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രോഗസീവ് ഫിലിം മേക്കേഴ്‌സിന്‍റെ ഭാഗമല്ലെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാതാവ് ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയതിന് പിന്നാലെയാണ് ആഷിഖ് അബുവിന്‍റെ പ്രതികരണം.

പുതിയ സംഘടനയുടെ ഔദ്യോഗികമായ അന്തിമ രൂപം ആയിട്ടില്ലെന്നും, സംശയങ്ങളെല്ലാം തീര്‍ക്കുമെന്നുമാണ് ആഷിഖ് അബു അറിയിച്ചിരിക്കുന്നത്. കൂടാതെ ആഷിഖ് അബുവും രാജീവ് രവിയും ചേര്‍ന്ന് സംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്ത കുറിപ്പ് ഇന്ന് പുറത്തിറക്കും. മറ്റ് സംഘടനകള്‍ക്ക് ബധലായി പുതിയ അസോസിയേഷന്‍ വരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ലിജോ ജോസും ബിനീഷും സംഘടനയുടെ ആദ്യ ഘട്ടത്തില്‍ പങ്കാളികള്‍ ആയവരാണ്. പക്ഷേ ഔദ്യോഗിക രൂപത്തിലേയ്‌ക്ക് പെട്ടെന്ന് എത്തുമെന്ന് അവര്‍ കരുതിയിരുന്നില്ല. അതിന്‍റെ ഒരു ആശയക്കുഴപ്പമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അത് പരിഹരിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ആഷിഖ് അബു.

പുതിയ സംഘനടയുടെ ഭാഗമല്ലെന്ന് പ്രതികരിച്ച് ഇന്ന് രാവിലെയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തിയത്. നിര്‍മ്മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്‌മയോട് താന്‍ യോജിക്കുന്നുവെന്നും സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞ ലിജോ തന്‍റെ പേരില്‍ പ്രചരിക്കുന്നതൊന്നും തന്‍റെ അറിവോടെ അല്ലെന്ന് വ്യക്തമാക്കി. ഫേസ്‌ബുക്കിലൂടെയായിരുന്നു ലിജോ ജോസഫിന്‍റെ പ്രതികരണം.

'മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചലച്ചിത്ര കൂട്ടായ്‌മയിൽ ഞാൻ നിലവിൽ ഭാഗമല്ല. ക്രിയാത്‌മകമായ ചലച്ചിത്ര സംവിധായക നിർമ്മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്‌മ എന്ന ആശയത്തോട് യോജിക്കുന്നു. അത്തരത്തില്‍ ഒന്നിനെ സ്വാഗതം ചെയ്യുന്നു. അങ്ങനെ ഒരു കൂട്ടായ്‌മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകും. അതുവരെ എന്‍റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്‍റെ അറിവോടെയല്ല.'- ഇപ്രകാരമാണ് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്‌ബുക്കില്‍ കുറിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരിക്ക് പിന്നാലെ ബിനീഷ് ചന്ദ്രയും രംഗത്തെത്തി. പുതിയ സംഘടനയുടെ ഭാഗമാകാന്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ബിനീഷ് അറിയിച്ചു. ആശയം നല്ലതാണെന്നും എന്നാല്‍ കത്തില്‍ പേര് വച്ചത് തന്‍റെ അറിവോടെ അല്ലെന്നും ബിനീഷ് വ്യക്തമാക്കി.

പുതിയ സംഘനട രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അസോസിയേഷന്‍, സിനിമ പ്രവര്‍ത്തകര്‍ക്ക് കത്ത് നല്‍കിയിരുന്നു. സിനിമ പ്രവര്‍ത്തകരുടെ ശാക്തീകരണമാണ് പുതിയ സംഘടനയുടെ ലക്ഷ്യം. പുതിയ സംഘടനയിലൂടെ മലയാളം സിനിമ മേഖലയില്‍ പുതിയ സംസ്‌കാരം രൂപീകരിക്കുമെന്ന് സംഘടന വ്യക്തമാക്കിയിരുന്നു. സമത്വം സംരക്ഷിക്കുക, സമൂഹ്യനീതി നടപ്പാക്കുക തുടങ്ങിയ മൂല്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും പ്രവര്‍ത്തനം.

Also Read: 'എന്‍റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്‍റെ അറിവോടെയല്ല': ലിജോ ജോസ് പെല്ലിശ്ശേരി - Lijo Jose Pellisserry reacts

ABOUT THE AUTHOR

...view details