സിനിമ ജീവിതത്തിന്‍റെ ഭാഗമായി സമന്വയിക്കുന്ന കാഴ്‌ചകൾ ചലച്ചിത്രമേളകളിൽ സ്ഥിരമാണ്. 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലും നല്ല സിനിമകൾ പോലെ ചില ജീവിത കഥകളും ഹൃദയസ്പർശിയാകുന്നു. മലയാള സിനിമയെ ദേശീയ തലത്തിൽ ഉയർത്തിക്കാട്ടിയ 'ആളൊരുക്കം' എന്ന ചലച്ചിത്രത്തിന്‍റെ ഛായാഗ്രഹകൻ ചലച്ചിത്രം കാണാനെത്തിയത് തന്‍റെ രണ്ടാം ജന്മത്തിലാണ്.
സാം ലാൽ പി തോമസ് എന്ന ഛായാഗ്രാഹകന്‍റെ ജീവിതം ഒരുപക്ഷേ സിനിമാക്കഥയെ വെല്ലുന്ന തരത്തിലാണ്. 'തൂവൽ കൊട്ടാരം' എന്ന ജയറാം ചിത്രം മലയാളി പ്രേക്ഷകർ ഉറപ്പായും കണ്ടിട്ടുണ്ടാകും. ആ ചിത്രത്തിലെ ജയറാമിന്‍റെ കഥാപാത്രത്തെ പോലെയായിരുന്നു സാംലാൽ പി തോമസിന്‍റെ ഒരു കാലത്തെ ജീവിതം.
ജീവിക്കാനായി എന്ത് പണിയും എടുക്കുന്ന ചെറുപ്പക്കാരൻ. സിനിമയായിരുന്നു അദ്ദേഹത്തിന്‍റെ ജീവിത ലക്ഷ്യം എങ്കിലും ജീവിക്കാനുള്ള നെട്ടോട്ടത്തിൽ ചെയ്യാത്ത ജോലികൾ ഒന്നുമില്ല. ഒരു കാലഘട്ടത്തിൽ ഗാനമേളകളിൽ ഗായകനായി സാം ലാൽ പി. തോമസിനെ കണ്ടവരുണ്ട്.
ചിലപ്പോൾ പള്ളി ബാൻഡ് സെറ്റിലെ ബ്യൂഗിൾ ആർട്ടിസ്റ്റായി, വയനാട് മലനിരകളിലെ ഹൈറേഞ്ച് ജീപ്പ് ഡ്രൈവറായും നഗരങ്ങളിൽ ടാക്‌സി ഡ്രൈവറായും അയാൾ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടർന്നു. റെക്കോർഡിങ് സ്റ്റുഡിയോകളിൽ സൗണ്ട് റെക്കോർഡിസ്റ്റായി ജോലി ചെയ്യുമ്പോൾ തന്നെ സിനിമകളിൽ ക്യാമറ അസിസ്റ്റന്‍റായി ആയി. ഇടവേള ലഭിക്കുന്ന ദിവസങ്ങളിൽ പെയിന്‍റ് പണിക്കാരനായി പോകും.
അങ്ങനെ ലഭിച്ച സമ്പാദ്യം കൊണ്ട് ഷോർട്ട് ഫിലിമുകൾ ചെയ്യും. കഷ്‌ടപ്പാടുകൾക്കിടയിൽ ആദ്യ സിനിമ സംഭവിക്കുന്നു. 'വേദം' അതായിരുന്നു സിനിമയുടെ പേര്. പിന്നീടായിരുന്നു ജീവിതത്തെ മാറ്റിമറിച്ച ചില സംഭവവികാസങ്ങൾ നടക്കുന്നത്.
നിനച്ചിരിക്കാതെ വന്ന അപകടം
സിനിമാക്കഥയെ വെല്ലുന്ന ഒരു സിനിമക്കാരന്‍റെ അതിജീവനത്തിന്‍റെ കഥ ഇവിടെ ആരംഭിക്കുന്നു. 2017 ജനുവരി 6 വൈകുന്നേരം 5 30. സാംലാൽ പി തോമസ് എന്ന ചെറുപ്പക്കാരനായ ഛായഗ്രഹകന്‍റെ കണ്ണിൽ ഏകദേശം ഒരു വർഷത്തേക്ക് സൂര്യൻ അസ്‌തമിക്കുന്നത് അന്നാണ്.
വയനാട് ജില്ലയിലെ മാനന്തവാടിയിൽ വച്ച് സാം ലാൽ പി തോമസ് സഞ്ചരിച്ച ബൈക്കിലേക്ക് ചെകുത്താനെപ്പോലെ ഒരു ജീപ്പ് ഇടിച്ചുകയറി. അപകടം കണ്ട് ഓടിക്കൂടിയവർ ചോരയിൽ കുളിച്ചു കിടന്ന സാം ലാൽ പി തോമസിനെ കണ്ട് മരിച്ചെന്ന് വിധിയെഴുതി.
പക്ഷേ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് അയാളുടെ ഉള്ളിൽ എവിടെയോ ജീവന്‍റെ തുടിപ്പുണ്ടെന്ന് തിരിച്ചറിയുന്നത്.
ബൈക്കോടിക്കുമ്പോൾ ഹെൽമറ്റ് ധരിച്ചിരുന്നുവെങ്കിലും സാമിന് പരുക്ക് മുഴുവൻ മുഖത്തും തലയിലുമായിരുന്നു.രണ്ട് കണ്ണുകൾക്കും സ്ഥാനം മാറ്റം സംഭവിച്ചു. മുഖത്ത് തലയിലുമായി 680 ലധികം തുന്നലുകൾ വേണ്ടിവന്നു.
അപകടത്തെക്കുറിച്ച് സാം ഇ ടി വി ഭാരതി നോട് പ്രതികരിച്ചത് ഇങ്ങനെ.."ബൈക്ക് ഓടിച്ചു പോകുമ്പോൾ നേരെ എതിർവശത്തായി ജീപ്പ് വരുന്നത് തനിക്ക് കാണാമായിരുന്നു. ജീപ്പ് ബൈക്കിലേക്ക് ഇടിച്ചു കയറിയശേഷം പിന്നെ ഒന്നും ഓർമ്മയില്ല. തലയ്ക്കായിരുന്നു പരിക്ക് കൂടുതൽ എന്ന് ധാരണയുണ്ട്.
രണ്ട് കണ്ണുകൾക്കും സ്ഥാനം മാറ്റം സംഭവിച്ചു. ഒരു കണ്ണ് പുറത്തേക്ക് ഇറങ്ങി വന്ന നിലയിലായിരുന്നു. കണ്ണൊക്കെ പിന്നീട് രണ്ടാമത് സെറ്റ് ചെയ്‌തതാണ്.
മുഖം മുഴുവൻ പിന്നീട് പ്ലാസ്റ്റിക് സർജറി ചെയ്‌തു. 600 ലധികം തുന്നലുകൾ മുഖത്തും തലയിലുമായി ഉണ്ട്. മുഖത്തും തലയിലുമായി ഇപ്പോൾ ഒരു 16 ലധികം സ്ക്രൂകൾ ഉണ്ട്. ബോധമില്ലാതെ ഒരു വർഷത്തോളം കിടക്കുമ്പോഴും സിനിമയെക്കുറിച്ച് ചിന്തയുണ്ടായിരുന്നു.
ആരെയും തിരിച്ചറിയാൻ സാധിക്കാതിരുന്നത് കണ്ടു നിന്നവരെ ഏറെ സങ്കടപ്പെടുത്തി. പക്ഷേ തോറ്റു പിന്മാറാൻ ഞാൻ തയ്യാറായിരുന്നില്ല "ഇനിയില്ല എന്ന് വിധിയെഴുതിയവരെ പോലും അത്ഭുതപ്പെടുത്തി സാം ലാൽ പതിയെ ജീവിതത്തിലേക്ക് തിരിച്ചുവന്നു.