കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന്മാർക്ക് ആദരം. യശശ്ശരീരരായ തോപ്പിൽ ഭാസി, പി. ഭാസ്‌കരൻ, പാറപ്പുറത്ത് എന്നിവരോടുള്ള ആദരസൂചകമായി മേളയിൽ ലിറ്റററി ട്രിബ്യൂട്ട് സംഘടിപ്പിക്കും. തോപ്പിൽ ഭാസി തിരക്കഥ എഴുതി പി. ഭാസ്‌കരൻ സംവിധാനം ചെയ്‌ത മൂലധനം, പാറപ്പുറത്ത് കഥയും തിരക്കഥയും എഴുതിയ അരനാഴികനേരം, പി. ഭാസ്‌കരന്‍റെയും രാമു കാര്യാട്ടിന്റെയും കൂട്ടുകെട്ടിൽ സംവിധാനം ചെയ്‌ത നീലക്കുയിൽ എന്നീ സിനിമകളുടെ പ്രദർശനം ചലച്ചിത്ര മേളയിൽ നടക്കും. മൂലധനം ഡിസംബർ 14ന് രാത്രി എട്ടിന് ഏരിസ്പ്ലക്‌സ് സ്‌ക്രീൻ 4ൽ പ്രദർശിപ്പിക്കും. അരനാഴികനേരം 15നു രാത്രി 8.30നും നീലക്കുയിൽ 17നു രാവിലെ 11.30നും നിള തിയേറ്ററിൽ പ്രദർശിപ്പിക്കും.
തോപ്പിൽ ഭാസി എന്നറിയപ്പെടുന്ന തോപ്പിൽ ഭാസ്‌കരപിള്ള 1924 ഏപ്രിൽ 8-ന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് ജനിച്ചു. കേരളത്തിന്റെ സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിൽ തന്റേതായ മുദ്രപതിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. നാടകകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രമുഖനായിരുന്ന തോപ്പിൽ ഭാസി അസമത്വം, അനീതി, ജാതീയത തുടങ്ങിയവയെ തന്റെ എഴുത്തുകളിലൂടെ ചോദ്യം ചെയ്‌തു.
1954-ലെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന വിപ്ലവ നാടകം മലയാള നാടക ചരിത്രത്തിലെ വഴിത്തിരിവായി മാറി. കെ.പി.എ.സിയെ കേരളത്തിലെ മുൻനിര നാടക പ്രസ്ഥാനമാക്കുന്നതിൽ തോപ്പിൽ ഭാസി വഹിച്ച പങ്കു വലുതാണ്. മുടിയനായ പുത്രൻ, പൊന്നി തുടങ്ങി നിരവധി സിനിമകളുടെ തിരക്കഥാകൃത്തും ഒരു സുന്ദരിയുടെ കഥ, യുദ്ധകാണ്ഡം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനുമായിരുന്നു. അദ്ദേഹം സംവിധാനം ചെയ്‌ത ശരശയ്യ എന്ന ചിത്രത്തിന് 1971-ൽ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും മൂലധനം എന്ന സിനിമയ്ക്ക് 1969-ൽ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഗാനരചയിതാവ്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനായ പി. ഭാസ്‌കരൻ 1924 ഏപ്രിൽ 21ന് തൃശ്ശൂരിലെ കൊടുങ്ങല്ലൂരിൽ ജനിച്ചു. അനശ്വരമായ ചലച്ചിത്ര ഗാനങ്ങളിലൂടെയും കവിതകളിലൂടെയും മലയാളിയുടെ മനസ്സിൽ ഇന്നും ജീവിക്കുകയാണ് ഭാസ്‌കരൻ മാഷ്.