നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട് ധനുഷും നയന്‍താരയും തമ്മിലുള്ള തുറന്ന പോരില്‍ ആദ്യമായി പ്രതികരിച്ച് നയന്‍താര. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ ആദ്യ പ്രതികരണം. പ്രശസ്‌തിക്കോ മാധ്യമ ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയോ ആരുടെയും ഇമേജിനെ കരിവാരിപ്പൂശേണ്ട ആവശ്യം തനിക്കില്ലെന്നും അതില്‍ താത്പര്യമില്ലാത്തയാളാണ് താനെന്നും നയന്‍താര പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരുപാട് ശ്രമിച്ചെന്നും എന്നാല്‍ ധനുഷ് ഒരു രീതിയിലും സഹകരിച്ചില്ലെന്നും നയന്‍താര പറയുന്നു.
"ഡോക്യുമെന്‍ററിയുടെ സ്വീകാര്യത ലഭിച്ചതില്‍ ഞാന്‍ സന്തോഷവതിയാണ്. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ഇറക്കിയ ഡോക്യുമെന്‍ററിയായിരുന്നില്ല അത്. പക്ഷേ അത് സംഭവിച്ചു. വിവാദങ്ങള്‍ നിരന്തരമുണ്ടാകുന്നതിനാല്‍ താന്‍ ഇപ്പോള്‍ അതിനോട് പൊരുത്തപ്പെട്ടു. 20 വര്‍ഷമായില്ലേ. രണ്ടാഴ്‌ചകൊണ്ട് 50 ലക്ഷം ആളുകള്‍ ഡോക്യുമെന്‍ററി കണ്ടു. പൊതുവെ ഡോക്യുമെന്‍ററികള്‍ക്ക് ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ദശലക്ഷകണക്കിന് പ്രേക്ഷകരെ ലഭിക്കാറില്ല. പത്തു പേരിലേക്ക് എത്തിയാല്‍ പോലും ഞാന്‍ വളരെ സന്തോഷവതിയാണ്. അതുകൊണ്ട് തന്നെ ഇത്രയും കാഴ്‌ചക്കാര്‍ എനിക്കൊരു ബോണസാണ്. എന്‍റെ ഒരു സിനിമയ്ക്ക് പോലും ഇത്രയധികം പ്രതികരണം ലഭിച്ചിട്ടില്ല.
വിവാദങ്ങളെ കുറിച്ച് സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ ചോദിച്ചതുകൊണ്ട് എന്താണ് ശരിക്കും സംഭവിച്ചതെന്ന് ഞാന്‍ പറയുകയാണ്. ഡോക്യുമെന്‍ററിയുടെ റിലീസ് അടുത്തിരിക്കുന്ന സമയത്ത് ഇങ്ങനെയൊരു പ്രസ്‌താവന ഇറക്കണമെന്നൊന്നും കരുതിയിരുന്നില്ല. പക്ഷേ ആ സമയത്താണ് ഞങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ് ലഭിക്കുന്നത്. അതിലെ കാര്യങ്ങള്‍ വിശദമായി മനസിലാക്കാന്‍ രണ്ടുമൂന്ന് ദിവസമെടുത്തു. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്യാന്‍ ഞാന്‍ ആരേയും ഭയക്കേണ്ടതില്ലല്ലോ. ഞാന്‍ ചെയ്യുന്നത് തെറ്റാണെങ്കില്‍ അല്ലേ ഭയക്കേണ്ടതുള്ളു. പബ്ലിസിറ്റിക്ക് വേണ്ടി ആരുടെയും ഇമേജിനെ കരിവാരിപ്പൂശേണ്ട ആവശ്യം എനിക്കില്ല.
ഞങ്ങളെ പിന്തുണച്ച പലരും ധനുഷിന്‍റെ ആരാധകരും ആയിരുന്നു. പലരും പറയുന്നത് കേട്ടു, ഡോക്യുമെന്‍ററിക്ക് വേണ്ടിയുള്ള പി ആര്‍ ആയിരുന്നു വിവാദമെന്ന്. ഞങ്ങളുടേത് സിനിമയല്ലല്ലോ ഡോക്യുമെന്‍ററിയല്ലേ. ഇത് ഹിറ്റോ ഫ്ലോപ്പോ ആകുന്നില്ല. അതൊന്നുമല്ല ഇതിന് കാരണം. ഞാന്‍ തുറന്നു സംസാരിച്ചതുകൊണ്ടാണ് വിവാദമായത്. പരസ്യമായി പറയാതെ അദ്ദേഹത്തെ (ധനുഷ്) പേഴ്‌സനലി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. സുഹൃത്തുക്കള്‍ വഴി സംസാരിക്കാനും ശ്രമിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എന്താണ് യഥാര്‍ത്ഥ പ്രശ്‌നം എന്നറിയണമായിരുന്നു. പക്ഷേ ഒന്നും പ്രതീക്ഷിച്ചതുപോലെ വര്‍ക്കൗട്ടായില്ല. പിന്നീട് ആ ക്ലിപ്പുകള്‍ ഉപയോഗിക്കേണ്ട തീരുമാനത്തില്‍ ഞങ്ങളെത്തി. അദ്ദേഹത്തിന് ഞങ്ങള്‍ക്ക് എന്‍ ഒ സി നല്‍കേണ്ട കാര്യമില്ല. കാരണം അത് അദ്ദേഹം നിര്‍മിച്ച സിനിമയാണ്. അതില്‍ ഞങ്ങള്‍ക്കൊരു പ്രശ്‌നവുമില്ല, പക്ഷേ ആ സിനിമയിലെ ക്ലിപ്പിനേക്കാള്‍ ഉപരി വിഘ്നേഷ് എഴുതിയ നാല് വരികള്‍ ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തണമെന്നുണ്ടായിരുന്നു. അതിനുള്ള അനുവാദം കിട്ടാന്‍ വേണ്ടി കുറേയേറെ പരിശ്രമിച്ചു. കാരണം ആ നാല് വരികള്‍ ഞങ്ങളുടെ ജീവിതവുമായും പ്രണയുവുമായും കുഞ്ഞുങ്ങുളുമായും എല്ലാം വരളെ അധികം ബന്ധപ്പട്ടുകിടക്കുന്നതാണ്.
ആരേയും വിളിച്ച് സഹായം ചോദിച്ച് അവര്‍ക്കൊരു ബാധ്യതയായി മാറാന്‍ ഒരിക്കലും എനിക്ക് താത്പര്യമില്ല. അങ്ങനെ ചെയ്യാത്തായാളുമാണ് ഞാന്‍. പക്ഷേ അത് അത്രത്തോളം പ്രധാനപ്പെട്ടതായതുകൊണ്ടാണ് ഇത്രയും പ്രയത്നിച്ചത്. അദ്ദേഹം ആദ്യമേ ഓക്കേ പറയുമെന്നാണ് ഞാന്‍ ആദ്യമേ വിചാരിച്ചത്. കാരണം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ശത്രുക്കളായി ജനിച്ചവരല്ല. കഴിഞ്ഞ 10 വര്‍ഷത്തില്‍ കാര്യങ്ങള്‍ എങ്ങനെ മാറിയെന്ന് അറിയില്ല. ഞങ്ങള്‍ രണ്ടുപേര്‍ക്കും അവരവരുടേതായ കാരണങ്ങള്‍ ഉണ്ടാവും.
അങ്ങനെ അദ്ദേഹത്തിന്‍റെ മാനേജരോട് സംസാരിച്ചു. സാധാരണ ഞാന്‍ അവരോട് സംസാരിക്കാറില്ല. പക്ഷേ ഞാന്‍ വിളിച്ചു. എന്നിട്ടു പറഞ്ഞു എന്‍ ഒ സി ഞങ്ങള്‍ക്ക് വേണ്ട, ആ ക്ലിപ്പുകളും ഉപയോഗിക്കുന്നില്ല. എങ്കിലും അദ്ദേഹത്തോട് ഒന്നു ഫോണില്‍ സംസാരിക്കാന്‍ കഴിയുമോ എന്നാണ് ചോദിച്ചത്. എന്താണ് പ്രശ്‌നം എന്ന് നേരില്‍ അറിയാന്‍ വേണ്ടിയായിരുന്നു. കാരണം ഡോക്യുമെന്‍ററി ആ സമയത്ത് റി എഡിറ്റ് ചെയ്‌ത് നെറ്റ്ഫ്ലിക്‌സ് അപ്‌ലോഡ് ചെയ്‌ത് കഴിഞ്ഞിരുന്നു. അവര്‍ക്കെല്ലാം സമയത്ത് തന്നെ വേണം", നയന്‍താര പറഞ്ഞു.