പ്രശസ്‌ത കന്നട സംവിധായകനും നടനുമായ രാജ് ബി ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ആദ്യ മലയാള ചിത്രമാണ് 'രുധിരം'. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. സൈക്കോളജിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ജിഷോ ലോണ്‍ ആന്‍റണിയാണ്. മലയാളത്തിന് പുറമേ കന്നടയിലും തമിഴിലും ചിത്രം മൊഴിമാറ്റി എത്തുന്നുണ്ട്.
'രുധിരം' എന്ന സിനിമയുടെ ആശയം സംവിധായകൻ ജിഷോ ലോണ്‍ ആന്‍റണിയുടെ മനസില്‍ ഉദിച്ചത് തന്നെയാണ്. സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ജോസഫിനോട് ആശയം പറയുന്നു. തുടർന്ന് സംവിധായകനും സഹ എഴുത്തുകാരനായ ജോസഫും ചേർന്നാണ് തിരക്കഥ പൂർത്തിയാക്കുന്നത്. ഒരു സിനിമയുടെ ആശയം സംവിധായകന്‍റെ സ്വന്തമാണെങ്കിൽ കഥാപാത്രങ്ങളിലൂടെ യാത്ര ചെയ്യാൻ വളരെയധികം എളുപ്പമായിരിക്കും എന്ന് ജിഷോ പറഞ്ഞു. മറ്റൊരാളുടെ ആശയത്തിൽ എഴുതി പൂർത്തിയാക്കി ഒരു തിരക്കഥ ഒരു സംവിധായകന് ഉൾക്കൊള്ളാൻ ഒരുപാട് സമയമെടുക്കും.
ഈ ചിത്രത്തിന്‍റെ നായകനായ രാജ് ബി ഷെട്ടി സംവിധാനം ചെയ്‌തിട്ടുള്ള സിനിമകളെല്ലാം അദ്ദേഹത്തിന്‍റെ സ്വന്തം ആശയങ്ങൾ തന്നെയായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ സിനിമകൾ സംവിധാന മികവിന്‍റെ പൂർണതയിൽ എത്തുന്ന അനുഭവം പ്രേക്ഷകർക്ക് ആസ്വദിക്കാൻ ആവുന്നത്. സംവിധായകൻ ജിഷോ പറഞ്ഞു.
'രുധിരം' എന്ന ചിത്രത്തിലെ രാജ് ബി ഷെട്ടി അവതരിപ്പിക്കുന്ന മാത്യു എന്ന കഥാപാത്രം നമ്മുടെ സമൂഹത്തിന്‍റെ പരിച്ഛേദം തന്നെയാണ്. ഈ കഥാപാത്രത്തെ ഒരു നല്ലവനാണോ മോശക്കാരൻ ആണോ എന്ന് സിനിമ കണ്ടു കഴിഞ്ഞ ശേഷം പ്രേക്ഷകർ വേണം തീരുമാനിക്കാൻ. ഇയാളുടെ സ്വഭാവസവിശേഷതകൾ ഉള്ള നിരവധി ആളുകളെ ജീവിതത്തിൽ താൻ കണ്ടിട്ടുള്ളതായി സംവിധായകൻ പറയുന്നു.
മനുഷ്യനും പ്രകൃതിയും മൃഗങ്ങളും സമന്വയിക്കുന്ന കഥയാണ് ചിത്രത്തിന്‍റേത്. ഈ സിനിമയുടെ ശബ്‌ദം ഓഫ് ചെയ്‌തു വച്ച് കണ്ടാലും പ്രേക്ഷകർക്ക് കഥ മനസ്സിലാകും. സംവിധായകൻ പറഞ്ഞു. ആക്ഷൻ സിനിമകൾ ചെയ്യാൻ വളരെയധികം ഇഷ്ടമുള്ള ആളാണ് രാജ് ബി ഷെട്ടി.
'രുധിരം' എന്ന ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലർ ആണെങ്കിലും സിനിമയുടെ തിരക്കഥ ഡിമാൻഡ് ചെയ്യുന്ന ആക്ഷൻ സീനുകൾ മാത്രമേ ഈ സിനിമയ്ക്ക് വേണ്ടി ചെയ്‌തിട്ടുള്ളു എന്ന് രാജ് ബി ഷെട്ടി പറഞ്ഞു. താൻ അഭിനയിക്കുന്ന സിനിമകളിൽ സ്വന്തമായി തന്നെ ഡബ്ബ് ചെയ്യാൻ വളരെയധികം ഇഷ്ടമാണ്. തമിഴ് തെലുഗു ഭാഷകൾ തനിക്ക് ഒരിക്കലും വഴങ്ങില്ല. എങ്കിലും മലയാളം കുറച്ചൊക്കെ അറിയാം. അഭിനയിക്കുന്ന സിനിമകളിൽ പരമാവധി സ്വന്തം ഭാഷയിൽ തന്നെ ഡബ്ബ് ചെയ്യാൻ ശ്രമിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രുധിരം എന്ന സിനിമയിൽ തന്റെ സ്വന്തം ശബ്ദം തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. നിങ്ങൾക്കറിയാം എന്‍റെ മലയാളം അത്ര ഫ്ലൂയിഡ് അല്ല എങ്കിലും ആ കഥാപാത്രത്തിന് ലിമിറ്റേഷൻസ് ഉള്ള മലയാള ഭാഷ സംസാരിക്കാൻ തിരക്കഥയിൽ അനുവാദം ഉണ്ട്. ചിത്രത്തിന്‍റെ ശബ്‌ദം ഷൂട്ടിംഗ് സമയത്ത് തന്നെ തൽസമയം റെക്കോർഡ് ചെയ്യുന്ന സിങ്ക് സൗണ്ട് ടെക്നോളജി ആണ് ഉപയോഗിച്ചിട്ടുള്ളത്. എങ്കിലും ചില ചിത്രങ്ങളിൽ തന്‍റെ സ്വന്തം ശബ്‌ദം ഉപയോഗിക്കാൻ അവസരം ലഭിച്ചിട്ടില്ല. മലയാളം സംസാരിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. ചിലപ്പോൾ കഥാപാത്രത്തിന് പ്രാദേശിക ഭാഷയാകും വേണ്ടത്. അപ്പോൾ ഡബ്ബ് ചെയ്യണോ വേണ്ടയോ എന്നുള്ള തീരുമാനം സംവിധായകൻ ആകും തീരുമാനിക്കുക. രാജ് ബി ഷെട്ടി പറഞ്ഞു.
മാത്യു വന്ന കഥാപാത്രം തിയേറ്ററുകളിൽ പ്രേക്ഷകരെ ഞെട്ടിക്കുക തന്നെ ചെയ്യും. മാത്യുവിന്‍റെ കഥാപാത്രം ഒരു ഡോക്‌ടറാണ്. വ്യത്യസ്‌ത സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഇതുപോലൊരു കഥാപാത്രം ജീവിതത്തിൽ ആദ്യമായിട്ടാണ് ചെയ്യുന്നതെന്ന് രാജ് ബി ഷെട്ടി വ്യക്തമാക്കി. ഈ സിനിമയിൽ നല്ലവൻ മോശക്കാരൻ അങ്ങനെയുള്ള കഥാപാത്രങ്ങൾ ഒന്നും തന്നെയില്ല. എല്ലാവർക്കും ഒരു ഗ്രേ ഷെയ്‌ഡ്‌സ് ഉണ്ട്. ആരാണ് നല്ലവൻ ആരാണ് മോശക്കാരൻ എന്ന് പ്രേക്ഷകർ വേണം തീരുമാനിക്കാൻ.
രുധിരം എന്ന സിനിമയുടെ ലൊക്കേഷനും വളരെയധികം പ്രാധാന്യമുണ്ട്. കഥ നടക്കുന്ന സ്ഥലവും വളരെയധികം പ്രാധാന്യമുള്ളതാണ്. രാജ് ബി ഷെട്ടി കൂട്ടിച്ചേർത്തു. കഥാപാത്രങ്ങളെക്കാൾ കഥയുടെ മൂല്യം നോക്കിയാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത് എന്ന് അപർണ ബാലമുരളി പറഞ്ഞു. കിഷ്‌കിന്ധാകാണ്ഡം എന്ന ചിത്രത്തിലെ എന്‍റെ കഥാപാത്രം മികച്ചത് ആയിരുന്നു. പക്ഷേ കഥാപാത്രത്തെക്കാൾ കഥയ്ക്ക് പ്രാധാന്യം നൽകിയാണ് ഞാൻ ആ സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്. അതുപോലെ തന്നെയാണ് രുധിരം എന്ന സിനിമയുടെ കാര്യവും. അടുത്തിടെ കേട്ടതിൽ വച്ച് മികച്ച തിരക്കഥയായിരുന്നു ചിത്രത്തിന്‍റേത്.
സിനിമ പുതിയ ഒരു ട്രീറ്റ്മെന്റ് ആണ്. ഒരുപാട് ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കേണ്ടതായി വന്നു. ഇത്രയും മികച്ച ആക്ഷൻ രംഗങ്ങളിൽ അഭിനയിക്കുന്നത് കരിയറിൽ ആദ്യമായിട്ടാണ്. അപർണ ബാലമുരളി പറഞ്ഞു.
Also Read:അമ്മയുടെ നൃത്തം കണ്ട് നിറമിഴികളോടെ കാളിദാസ്;തകര്‍പ്പന്‍ ഡാന്‍സുമായി ജയറാമും പാര്‍വതിയും, വീഡിയോ