'മയൂഖം' എന്ന സിനിമയിലൂടെ വെള്ളിത്തരിയില്‍ എത്തിയ നടനാണ് സൈജു കുറുപ്പ്. 'ഭരതനാട്യം' ആണ് നടന്‍റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കൂടാതെ അടുത്തിടെ റിലീസായ 'ആനന്ദ് ശ്രീബാല', 'പല്ലൊട്ടി', 'സ്ഥാനാർത്ഥി ശ്രീക്കുട്ടൻ' എന്നീ ചിത്രങ്ങളിലും സൈജു കുറുപ്പ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
ഇപ്പോഴിതാ തന്‍റെ സിനിമ ജീവിത വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവെച്ചിരിക്കുകയാണ് സൈജു കുറുപ്പ്. ഡേറ്റ് പ്രശ്‌നം കാരണം ഇതുവരെ ഒരു സിനിമയില്‍ നിന്നും പിന്‍മാറേണ്ട സാഹചര്യം വന്നിട്ടില്ലെന്നാണ് നടന്‍ പറയുന്നത്.
"ഞാൻ അഭിനയിക്കേണ്ട പല കഥാപാത്രങ്ങളും മുകളിൽ ഇരിക്കുന്ന ഒരാൾ എന്‍റെ തലയില്‍ എഴുതി വെച്ചിട്ടുള്ളത് പോലെയാണ് സംഭവിക്കുന്നത്. ഒരുപക്ഷേ ഡേറ്റ് ഇഷ്യൂ കാരണം ചില സിനിമകളിൽ നിന്നും പിന്‍മാറാൻ ശ്രമിച്ചാലും ഏതെങ്കിലും ഒരു സാഹചര്യത്തിലൂടെ ആ കഥാപാത്രം എന്നെത്തേടി വരും.
സ്ഥാനാർത്ഥി ശ്രീക്കുട്ടൻ എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. സത്യത്തിൽ ഒന്നര വർഷം മുമ്പ് ചിത്രീകരിച്ചതാണ് ഈ ചിത്രം. അതേസമയം തന്നെയാണ് ജാനകി ജാനേ എന്ന സിനിമയുടെ ചിത്രീകരണവും പുരോഗമിക്കുന്നത്. സ്ഥാനാർത്ഥി ശ്രീക്കുട്ടനിൽ അഭിനയിക്കാൻ സംവിധായകൻ ബിനീഷ് വിശ്വനാഥ് ആവശ്യപ്പെട്ടത് മൂന്ന് ദിവസമായിരുന്നു. എന്നാൽ ജാനകി ജാനെയുടെ ഡേറ്റ് പ്രശ്‌നം കാരണം ഞാൻ പരമാവധി ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
പക്ഷേ ദിവസങ്ങൾക്ക് ശേഷം സംവിധായകൻ വീണ്ടും വിളിച്ച് എന്നെ മനസ്സിൽ കണ്ട് എഴുതിയ കഥാപാത്രം ആണെന്ന് പറഞ്ഞതോടെ ജാനകി ജാനെയുടെ സെറ്റിൽ നിന്നും പ്രത്യേക അനുമതി വാങ്ങി സ്ഥാനാർത്ഥി ശ്രീക്കുട്ടനിൽ അഭിനയിക്കാൻ പോവുകയായിരുന്നു. ഞാൻ ഒഴിവാക്കാൻ ശ്രമിച്ച ചിത്രമായിരുന്നു അത്. പക്ഷേ തലയിലെഴുത്ത് പോലെ ചില കഥാപാത്രങ്ങൾ എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും എന്നെ തേടിയെത്തും." -സൈജു കുറുപ്പ് പറഞ്ഞു.
സമാന രീതിയിൽ ഡേറ്റ് പ്രശ്‌നത്തെ തുടര്‍ന്ന് പരമാവധി ഒഴിഞ്ഞുമാറാൻ ശ്രമിച്ച ഒരു സിനിമയായിരുന്നു 'മാളികപ്പുറം' എന്നും നടന്‍ പറഞ്ഞു. തനിക്ക് വേണ്ടി സിനിമയുടെ സെക്കന്‍ഡ് ഹാഫാണ് ആദ്യം ഷൂട്ട് ചെയ്‌തതെന്നും സൈജു കുറുപ്പ് വ്യക്തമാക്കി.
"ഒരു തരത്തിലും മാളികപ്പുറം എന്ന സിനിമയുടെ ഭാഗമാകാൻ എനിക്ക് സാധിക്കുമായിരുന്നില്ല. കാരണം മാളികപ്പുറം ഡിസംബറിൽ മണ്ഡല കാലത്ത് റിലീസ് ചെയ്യണമായിരുന്നു. സിനിമയുടെ ചിത്രീകരണം ഓഗസ്‌റ്റില്‍ തുടങ്ങും. ഞാൻ അഭിനയിക്കുന്ന കഥാപാത്രമായ അജയന്‍റെ കൂടുതൽ രംഗങ്ങൾ വരുന്നത് സെക്കൻഡ് ഹാഫിലാണ്.
അതുകൊണ്ട് തന്നെ എന്‍റെ രംഗങ്ങൾ ചിത്രീകരിച്ച് തുടങ്ങാൻ സെപ്റ്റംബർ മുതലേ സാധിക്കുകയുള്ളു. പക്ഷേ ആ സമയത്ത് വലിയ രീതിയിലുള്ള ഡേറ്റ് ഉള്ളതുകൊണ്ടും മാളികപ്പുറം എന്ന സിനിമയിൽ ഞാൻ അഭിനയിക്കണമെന്ന് ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് നിർബന്ധമുള്ളത് കൊണ്ടും ഓഗസ്‌റ്റ് മാസം കുറച്ച് ദിവസം ഞാൻ ഡേറ്റ് നൽകി.
അതുകൊണ്ട് തന്നെ സിനിമയുടെ സെക്കൻഡ് ഹാഫ് ആദ്യം ഷൂട്ട് ചെയ്യണമായിരുന്നു. അതായത് എന്‍റെ കഥാപാത്രത്തിന്‍റെ മരണത്തിന് ശേഷം വരുന്ന രംഗങ്ങളാണ് സെക്കൻഡ് ഹാഫിൽ ഷൂട്ട് ചെയ്യേണ്ടത്. കുട്ടികളാണ് അഭിനയിക്കുന്നത്. ദേവനന്ദയുടെ കഥാപാത്രത്തിന് അതുകൊണ്ട് തന്നെ അച്ഛൻ മരിച്ച ഇമോഷൻ കൃത്യമായി ലഭിക്കണം. ആദ്യമെ അച്ഛൻ മരിച്ച രംഗങ്ങളൊക്കെ ഷൂട്ട് ചെയ്‌തിരുന്നുവെങ്കിൽ ആ ഒരു ഇമോഷൻ കുട്ടികൾക്ക് കിട്ടും.
പക്ഷേ ദൈവാധീനം കൊണ്ടും പ്രതിഭ മികവ് കൊണ്ടും കുട്ടികൾ മികച്ച രീതിയിൽ അഭിനയിച്ചു. ഇത്രയും റിസ്‌ക് എടുത്ത് എന്നെ ആ സിനിമയിൽ കാസ്‌റ്റ് ചെയ്യേണ്ട യാതൊരു കാര്യവും ഇല്ലായിരുന്നു. വേറെ ഏത് നടനെ വേണമെങ്കിലും ആ റോളിൽ കാസ്‌റ്റ് ചെയ്യാം. അതാണ് പറയുന്നത് ചില നിമിത്തങ്ങൾ ചില കഥാപാത്രങ്ങളിലേക്ക് എന്നെക്കൊണ്ട് എത്തിക്കുന്നു." -സൈജു കുറുപ്പ് വ്യക്‌തമാക്കി.
സിനിമയുടെ ആദ്യ ഷോ കാണാൻ തന്നോടൊപ്പം അമ്മയും ഉണ്ടായിരുന്നതായി സൈജു പറഞ്ഞു. ഷോ കണ്ടിറങ്ങിയ ശേഷം അമ്മ പറഞ്ഞ വാര്‍ക്കുകള്‍ ഓര്‍ത്തെടുക്കുകയാണ് നടന്‍.
"നീ ഡേറ്റിന്‍റെ കാര്യങ്ങൾ പറഞ്ഞ് പല പടങ്ങളും ഒഴിവാക്കാറുണ്ടല്ലോ. ഈ സിനിമയെങ്ങാനും ഒഴിവാക്കിയിരുന്നെങ്കിൽ എനിക്ക് ചിന്തിക്കാനേ വയ്യ. ഇതുപോലുള്ള സിനിമകൾ ഡേറ്റ് പ്രശ്‌നം പറഞ് ഒരു കാരണവശാലും ഒഴിവാക്കരുത്. ഇത് കേട്ട് ഞാൻ സത്യത്തിൽ ചിരിച്ചു പോയി." -സൈജു കുറിപ്പ് പറഞ്ഞു.
സാധാരണക്കാരുടെ കഥ പറയുന്ന ചിത്രങ്ങളാണ് തനിക്ക് കൂടുതലും ലഭിക്കുന്നതെന്നും ആക്ഷൻ സിനിമകള്‍ ചെയ്യാൻ താല്‍പ്പര്യം ഉണ്ടെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍. തനിക്ക് അന്യഭാഷകളിൽ നിന്നും നിരവധി ഓഫറുകൾ വരുന്നുണ്ടെന്നും സൈജു കുറുപ്പ് പറഞ്ഞു.
"അടുത്തിടെ റിലീസ് ചെയ്‌ത ജൂനിയർ എൻടിആർ ചിത്രം 'ദേവര'യിൽ നിന്നും ഒരു ഓഫർ ലഭിച്ചിരുന്നു. പക്ഷേ പോകുവാൻ സാധിച്ചിരുന്നില്ല. കാരണം ആ സമയം മൂന്ന് സിനിമകളിൾ ഞാൻ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു. മൂന്നും പുതുമുഖ സംവിധായകർ. മൂന്ന് ചിത്രങ്ങളിലും നായക വേഷം. ഞാൻ പറഞ്ഞല്ലോ എന്നെ വെച്ച് സിനിമ ചെയ്യുന്നത് കൂടുതലും പുതുമുഖ സംവിധായകരാണ്.
ഇവരുടെയൊക്കെ അമ്മ, ഭാര്യ, മക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരൊക്കെ ഇവരുടെ ആദ്യ സിനിമ സംഭവിക്കുന്നതും പ്രതീക്ഷിച്ച് ഇരിക്കുകയാകും. ഒരു വ്യക്‌തിയുടെ മാത്രം സ്വപ്‌നമല്ല സിനിമയെന്ന് മനസ്സിലാക്കണം. അപ്പോൾ ഈ സമയത്ത് വലിയ പ്രതിഫലം കിട്ടും. ആറ് മാസത്തിൽ കൂടുതൽ ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുക എന്ന് പറയുന്നത് ഉചിതമായി തോന്നുന്നില്ല."-സൈജു കുറുപ്പ് വ്യക്‌തമാക്കി.
തിയേറ്ററുകളില്‍ പരാജയപ്പെട്ട തന്‍റെ സിനിമകളെ കുറിച്ചും നടന്‍ മനസ്സുതുറന്നു. ഉറപ്പായും വിജയിക്കും എന്ന് കരുതിയ സാറ്റര്‍ഡേ നൈറ്റ് വിശേഷങ്ങളും ആടിലെ അറക്കൽ അബു സംഭവിക്കാനുണ്ടായ കാരണവും അദ്ദേഹം പങ്കുവച്ചു.
"ഒരുപാട് പ്രതീക്ഷയോടെ ചെയ്‌ത പല കഥാപാത്രങ്ങളും തിയേറ്ററുകളിൽ പരാജയപ്പെട്ട് പോയിട്ടുള്ളതായി സൈജു കുറുപ്പ് പറഞ്ഞു. ഇത്രയും കാലം ചെയ്‌ത ചിത്രങ്ങളിൽ ഏറ്റവുമധികം പ്രതീക്ഷയോടു കൂടി ചെയ്‌ത ഒരു ചിത്രമായിരുന്നു സാറ്റർഡേ നൈറ്റ്. അതിലെ എന്‍റെ കഥാപാത്രം കുറച്ചധികം ബുദ്ധിമുട്ടേറിയതായിരുന്നു. ഉറപ്പായും വിജയിക്കുമെന്ന് കരുതിയ സാറ്റർഡേ നൈറ്റ് ദാരുണമായി ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു.
ആട് എന്ന ചിത്രത്തിലെ അറക്കൽ അബു എന്ന കഥാപാത്രത്തിന് ഇത്രയധികം പ്രേക്ഷക പിന്തുണ ലഭിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. ഈ സമയത്തായിരുന്നു ആടിലെ കഥാപാത്രം എന്നെ ആദ്യമായി തേടി വന്നിരുന്നതെങ്കിൽ ഉറപ്പായും അറക്കൽ അബു എന്ന കഥാപാത്രം ഞാൻ ചെയ്യില്ലായിരുന്നു. ഇപ്പോൾ ധാരാളം സിനിമകൾ എന്നെ തേടി വരുന്നുണ്ട്.
ഒരുപക്ഷേ ആ കാരണം മുന്നിൽ നിർത്തി അറക്കൽ അബു എന്ന കഥാപാത്രത്തെ എനിക്ക് അഭിനയിച്ച് പഠിപ്പിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് തടി തപ്പിയേനെ. ആട് ഒന്നാം ഭാഗം സംഭവിക്കുമ്പോൾ, വലിയ അവസരങ്ങൾ ലഭിക്കുന്ന ഒരു നടൻ ആയിരുന്നില്ല. വരുന്ന അവസരങ്ങൾ നിർബന്ധപൂർവ്വം ചെയ്‌തേ പറ്റു എന്ന സാഹചര്യമാണ്. ആട് എന്ന സിനിമയിൽ സത്യത്തിൽ ഞാൻ ചാൻസ് ചോദിച്ചതാണ് അവസരം നേടിയെടുക്കുന്നത്.
പക്ഷേ കഥാപാത്രത്തിന്‍റെ രൂപഭാവ സ്വഭാവങ്ങൾ അറിഞ്ഞതോടെ എങ്ങനെയും ഒഴിവാക്കണമെന്ന് തോന്നിപ്പോയി. സംവിധായകൻ മിഥുൻ മാനുവൽ തോമസിന്‍റെ ഒറ്റ ഡയലോഗാണ് അറക്കൽ അബു പിൽക്കാലത്ത് ചരിത്രമാകാൻ കാരണമായത്. ഞാനീ കഥാപാത്രം ചെയ്‌താൽ ശരിയാകുമോ എന്ന ചോദ്യത്തിന് ചേട്ടൻ താടിയും മീശയും വളർത്തി സെറ്റിലെത്തൂ, ബാക്കി അവിടെവച്ച്.. എന്നുള്ള മിഥുൻ മാനുവൽ തോമസിന്‍റെ പിന്തുണയാണ് അറക്കൽ അബു സംഭവിക്കുന്നതിനുള്ള പ്രചോദനം.
അറക്കൽ അബു എന്ന കഥാപാത്രം വിജയിക്കുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. അറക്കൽ അബുവിനെ പോലൊരു വ്യക്‌തിയെയോ കഥാപാത്രത്തെയോ മലയാളി ഇതിന് മുമ്പ് കണ്ടിട്ടില്ല. എന്നിലൂടെയാണ് അറക്കൽ അബു മലയാളിക്ക് പരിചിതനാകുന്നത്. അതുകൊണ്ടു തന്നെ ഒരു താരതമ്യത്തിന് മുതിരാൻ അവരെ കൊണ്ടായില്ല. നല്ലതെന്നോ ചീത്തയെന്നോ ആർക്കും പറയാൻ സാധിച്ചില്ല. ഒരുപക്ഷേ എന്നിൽ അറക്കൽ അബു എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് കണക്‌ട് ചെയ്യാൻ സാധിച്ചു. സംഗതി സക്‌സസ്." -സൈജു കുറുപ്പ് വിശദീകരിച്ചു.
സൈജു കുറുപ്പ് നായകനായ അന്താക്ഷരിയുടെ വിശേഷങ്ങളും അദ്ദേഹം പങ്കുവച്ചു. വിപിൻ ദാസിന്‍റെ ആദ്യ ചിത്രമായ മുദുഗൗവിൽ തനിക്ക് അവസരം ലഭിച്ചതും അത് നിഷേധിക്കേണ്ടി വന്നതിനെ കുറിച്ചും നടന്‍ പറഞ്ഞു. ജിത്തു ജോസഫിന്‍റെ നല്ല മനസ്സിനെ കുറിച്ചും സൈജു കുറിപ്പ് വാചാലനായി.
"ഞാൻ നായകനായ പാൻ ഇന്ത്യൻ സിനിമയാണ് അന്താക്ഷരി എന്ന് വേണമെങ്കിൽ പറയാം. കാരണം ആദ്യമായാണ് എന്‍റെ സിനിമയുടെ റിവ്യൂ ബംഗാളിയിലും കന്നടയിലും പഞ്ചാബിയിലും ഹിന്ദിയിലും ഒക്കെ കാണുന്നത്. ലോക്ക് ഡൗൺ സംഭവിച്ച് സിനിമ ചിത്രീകരണം പൂർണ്ണമായും നിന്നു.
അതിനുശേഷം 50 പേരെ ഉൾപ്പെടുത്തി ഭാഗികമായ രീതിയിൽ സിനിമ ചിത്രീകരണം നടത്താമെന്നൊരു അനുമതി ഗവൺമെന്‍റിന്‍റെ ഭാഗത്തു നിന്നും ഉണ്ടായ സമയത്താണ് അന്താക്ഷരി ചിത്രീകരിക്കുന്നത്. തുടക്കത്തിൽ റൈറ്റർ വിപിൻ ദാസ് എന്നെ വിളിച്ച് കഥ പറഞ്ഞു. അദ്ദേഹത്തിന്‍റെ ആദ്യ ചിത്രമായ മുദുഗൗവിൽ എനിക്കൊരു വേഷം ഓഫർ ചെയ്‌തതായിരുന്നു. പക്ഷേ ചില സാഹചര്യങ്ങൾ കൊണ്ട് എനിക്കന്ന് ആ കഥാപാത്രം ചെയ്യാൻ സാധിച്ചില്ല.
സിനിമയുടെ ആശയം പറഞ്ഞപ്പോൾ തന്നെ ഇതൊരു ഉഗ്രൻ ചിന്തയാണെന്ന് മനസ്സിൽ തോന്നി. അന്താക്ഷരി എന്ന സിനിമ സത്യത്തിൽ ഒരു വെബ് സീരീസ് ആയിരുന്നു. വെബ് സിരീസ് പോലെ തന്നെയാണ് ചിത്രീകരിച്ചതും. എന്നാൽ ആ സമയത്ത് പ്രാദേശിക വെബ് സിരീസുകളെ വലിയ ഒടിടികൾ തഴഞ്ഞു. അതോടെ അന്താക്ഷരിയുടെ റിലീസ് പ്രതിസന്ധിയിലായി.
അന്താക്ഷരി റിലീസ് ചെയ്യാൻ സഹായം ചോദിച്ചത് സംവിധായകൻ ജിത്തു ജോസഫിനോട് ആയിരുന്നു. അദ്ദേഹം ഒരു പ്രതിഫലേഛയും മോഹിക്കാതെ അന്താക്ഷരി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു. പിന്നീട് വെബ് സിരീസിൽ നിന്നും സിനിമ രൂപത്തിലേക്ക് എഡിറ്റ് ചെയ്‌ത് മാറ്റി. ജിത്തു ജോസഫിന് പാൻ ഇന്ത്യൻ ഇമേജ് ഉള്ളത് കൊണ്ട് തന്നെ ഒരു ഒടിടി റിലീസ് കിട്ടാൻ ബുദ്ധിമുട്ട് ഉണ്ടായില്ല.
അന്ന് ജിത്തു ഞങ്ങളോട് പറഞ്ഞ ഒരു കാര്യം ഇപ്പോഴും മനസ്സിൽ തട്ടി നിൽക്കുന്നു. ഈ സിനിമ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ എനിക്ക് യാതൊരു പ്രതിഫലവും വേണ്ട. നല്ല സിനിമകളെ പിന്തുണക്കാൻ ഏതു പ്രതികൂല സാഹചര്യത്തിലും ഞാൻ ഒപ്പം നിൽക്കും. ജിത്തു ജോസഫിന്‍റെ നല്ല മനസ്സാണ് അന്താക്ഷരി ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടാൻ കാരണമായത്." -സൈജു കുറുപ്പ് വ്യക്തമാക്കി.
സിനിമ മേഖലയിലെ നിരവധി വ്യക്‌തിത്വങ്ങൾ തന്‍റെ ജീവിതത്തെ ഇൻസ്‌പെയര്‍ ചെയ്‌തിട്ടുള്ളതായി സൈജു കുറുപ്പ് പറഞ്ഞു. അത്തരത്തിൽ ഒരാളാണ് അജു വർഗീസ് എന്നും അജു അഭിനയിക്കാത്ത സിനിമകൾ പോലും അയാൾ സ്വന്തം സോഷ്യൽ മീഡിയ പേജുകളിലൂടെ പ്രമോട്ട് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"അജു വർഗീസിന്‍റെ അത്തരമൊരു സമീപനം എന്നെ വല്ലാതെ ആകർഷിച്ചതാണ്. അജു സോഷ്യൽ മീഡിയയിലൂടെ പ്രൊമോട്ട് ചെയ്യുന്ന പല സിനിമകളുടെയും അണിയറ പ്രവർത്തകരുമായി അദ്ദേഹത്തിന് യാതൊരു ബന്ധവും ചിലപ്പോൾ കാണില്ല. പക്ഷേ സിനിമ ജനങ്ങളിലേക്ക് എത്തിക്കാൻ അദ്ദേഹം കാണിക്കുന്ന ചില നീക്കങ്ങൾ ഹൃദയത്തിൽ സ്‌പർശിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോൾ ആരെങ്കിലും ഒരു പോസ്‌റ്റർ ഷെയർ ചെയ്യുമോ എന്ന് ആവശ്യപ്പെട്ടാലും ഞാൻ അത് ചെയ്യും."-സൈജു കുറുപ്പ് വ്യക്‌തമാക്കി.
താനുമായി സമാന സ്വഭാവമുള്ള ഒരു വ്യക്‌തിയായി നടൻ ഇന്ദ്രൻസ് ചേട്ടനെ തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ദ്രൻസ് ചേട്ടൻ ആളുകളോട് പെരുമാറുന്ന രീതി, സംസാരിക്കുന്ന രീതി ഇതൊക്കെ എനിക്ക് വലിയ ഇഷ്‌ടമാണ്. ഞങ്ങൾ ഒരുമിച്ച് ചില സിനിമകളിൽ വർക്ക് ചെയ്‌തു. എല്ലാ ദിവസവും വിളിച്ച് സംസാരിക്കുന്ന സൗഹൃദം ഇല്ലെങ്കിൽ പോലും നേരിൽ കാണുമ്പോൾ സ്‌നേഹത്തിന് അതിർവരമ്പുകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയ കഥയും സൈജു കുറുപ്പ് പങ്കുവച്ചു. "ഒരു സിനിമയ്ക്ക് തിരക്കഥ എഴുതിയത് ജീവിതത്തിലെ വലിയ പാഠമായിരുന്നു. സിനിമയിൽ അവസരങ്ങൾ ഒന്നും ലഭിക്കാതെ വന്നപ്പോൾ പിടിച്ചു നിൽക്കാൻ വേണ്ടി എഴുതിയതാണ് ആ ചിത്രം. അതോടെ ഒരു കാര്യം മനസ്സിലായി. എഴുത്ത്, സംവിധാനം ഇവയൊക്കെ ചെയ്യാൻ തല വേണം, നല്ല ക്ഷമ വേണം. ഈ ലോകത്തെ കുറിച്ചുള്ള നല്ല ധാരണ വേണം.. ഏകോപിപ്പിച്ച് പ്രവർത്തിക്കാനുള്ള കഴിവ് വേണം..
ഇതൊന്നും എനിക്കില്ലെന്ന് ബോധ്യപ്പെട്ടു. ആകെ അറിയാവുന്നത് അഭിനയിക്കാനാണ്. മികച്ചൊരു പാർട്‌ണറെ ലഭിച്ചത് കൊണ്ടാണ് ഒരു സിനിമ നിർമ്മിച്ചത്. അതുകൊണ്ട് തൽക്കാലം കടുത്ത പ്രവർത്തികൾക്കൊന്നും മുതിരാതെ അഭിനയ ജീവിതവുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനം." -സൈജു കുറുപ്പ് വ്യക്‌തമാക്കി.
തന്‍റെ സിനിമ ജീവിതത്തെ കുറിച്ച് ചെറിയൊരു വിവരണവും നൽകിയാണ് സൈജു കുറുപ്പ് സംസാരിച്ചു നിർത്തിയത്. "മയൂഖം എന്ന സിനിമ ലഭിക്കുന്നു. സിനിമയുടെ വിജയ പരാജയങ്ങൾ ചർച്ച ചെയ്യുന്നില്ല. പക്ഷേ മയൂഖം റിലീസ് ചെയ്‌ത ശേഷമുള്ള നീണ്ട എട്ടു വർഷങ്ങൾ ജീവിതത്തിലെ ഇരുണ്ട കാലഘട്ടം എന്ന് വിശേഷിപ്പിക്കേണ്ടതായി വരും. സിനിമയിൽ തുടരണം, പഴയ കോർപ്പറേറ്റ് ജീവിതത്തിലേക്ക് തിരിച്ചു പോകണം എന്നുള്ള ചിന്തകൾ അലട്ടിക്കൊണ്ടിരുന്നു.
ഹലോ എന്ന ചിത്രത്തിലെ വേഷം ലഭിച്ചപ്പോൾ ഞാൻ കരുതി ഇതോടെ രക്ഷപ്പെട്ടുവെന്ന്. 100 ദിവസത്തിലധികം ഓടിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അത്. എന്‍റെ അഭിനയം മികച്ചത് ഒന്നുമായിരുന്നില്ല. അവസരങ്ങൾ ലഭിക്കാതെ ആയപ്പോൾ ഒരു കാര്യം ബോധ്യപ്പെട്ടു. സിനിമ പരാജയപ്പെട്ടോ വിജയിച്ചോ എന്നുള്ളതല്ല കാര്യം. ആ സിനിമയിൽ അവതരിപ്പിക്കുന്ന കഥാപാത്രം ജനങ്ങൾക്ക് ഇഷ്‌ടപ്പെടണം. പിന്നീട് ചോക്ലേറ്റ് വന്നു. എന്നിട്ടും രക്ഷയില്ല.
ഒടുവിലാണ് ട്രിവാൻഡ്രം ലോഡ്‌ജ് സംഭവിക്കുന്നത്. സിനിമ ഹിറ്റായി.. കഥാപാത്രം പ്രേക്ഷകർക്ക് ഇഷ്‌ടപ്പെട്ടു. ഇനി അവസരങ്ങളുടെ പെരുമഴയാകും എന്ന് തെറ്റിദ്ധരിച്ചു. ആ സിനിമ റിലീസ് ചെയ്‌ത്, മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പിന്നീട് എനിക്കൊരു അവസരം ലഭിക്കുന്നത്. പിന്നീട് വന്ന ചിത്രങ്ങൾ സിനിമ മേഖലയിൽ സൈജു കുറിപ്പ് എന്ന പേര് എഴുതി ചേർത്തു. ഒന്ന് മോഹൻലാൽ ചിത്രം റെഡ് വൈൻ, രണ്ട് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, മൂന്ന് ഹോട്ടൽ കാലിഫോർണിയ."- സൈജു കുറുപ്പ് പറഞ്ഞു നിര്‍ത്തി.