കോഴിക്കോട്: കഥകളുടെ കലവറയാണ് മ്യൂസിയങ്ങൾ. ഭൂതകാലത്തിൻ്റെ ഭാഗങ്ങളിൽ നിന്ന് മാന്ത്രികത നെയ്തെടുക്കാൻ മ്യൂസിയങ്ങൾക്കു കഴിയും. പുസ്‌തകങ്ങൾക്കായും, ശിൽപങ്ങൾക്കായും, ചരിത്രപരമായ വസ്‌തുക്കളക്കായും നിരവധി മ്യൂസിയങ്ങൾ നമ്മുടെ രാജ്യത്തിലുണ്ട്. അതിലൊന്നാണ് പുതിയങ്ങാടിയിലെ ദീപാഞ്ജലി ലാമ്പ് മ്യൂസിയം. രാജ്യത്തെ എണ്ണവിളക്കുകളുടെ ഏക ശേഖരമാണിത്. വിലമതിക്കാനാവാത്ത ഈ ശേഖരത്തിൽ രണ്ടായിരം വർഷത്തോളം പഴക്കമുള്ള വിളക്കു വരെയുണ്ട്.
ഐസി രത്നപ്രസാദിന്‍റെ ലാമ്പ് മ്യൂസിയത്തിലെ അപൂർവ ശേഖരത്തെ കുറിച്ച് ചുറ്റുപാടുള്ളവർക്ക് വലിയ പിടിയുണ്ടാകില്ല. 'ആ അപൂർവ ശേഖരത്തിൽ ഹെർമിസ് ദേവന്‍റെ പേരിലുള്ള വിളക്ക് മുതൽ അലാവുദീന്‍റെ അത്ഭുത വിളക്ക് വരെയുണ്ട്'. അലാവുദീന്‍റെ അത്ഭുത വിളക്കിൽ നിന്ന് പുറത്ത് ചാടിയ ഭൂതത്തെ പിന്നീട് കണ്ടില്ലെന്ന് സന്ദർശകരോട് പ്രസാദ് തമാശയായി പറയും.
17-ാം നൂറ്റാണ്ടുമുതലുള്ള അപൂർവങ്ങളായ ആയിരക്കണക്കിന് എണ്ണ വിളക്കുകളുടെ ശേഖരവുമാണിത്. ഇതിനായി വീട് തന്നെ മ്യൂസിയമാക്കിയിരിക്കുകയാണ്. സ്ഥലമില്ലാത്തതിനാൽ ചിലതൊക്കെ ചാക്കിലാണ്. ഇവയെല്ലാം പ്രദർശിപ്പിക്കാനൊരിടം പല സ്ഥലത്ത് തേടിയെങ്കിലും കിട്ടിയില്ലെന്ന് പ്രസാദ് പറയുന്നു.
തുടക്കം ജോലിയുടെ ഭാഗമായി
ലോകത്തിന്‍റെ പലയിടങ്ങളിൽ നിന്നുള്ള എണ്ണമറ്റ വിളക്കുകളാണ് ഇവിടെയുള്ളത്. ലൈറ്റ് ഹൗസ് എഞ്ചീനീയറായിരുന്ന രത്നപ്രസാദിന്‍റെ വിളക്കുകളോടുള്ള മോഹം ജോലിയുമായി ബന്ധപ്പെട്ട് തുടങ്ങിയതാണ്. അപൂർവ വിളക്കുകൾ തേടിയുള്ള യാത്ര തന്നെയാണ് ഇദ്ദേഹത്തിന്‍റെ ജീവിതം. ഇന്ത്യയിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചാണ് പ്രസാദ് വിളക്കുകൾ സ്വന്തമാക്കിയത്.
വിദേശത്ത് നിന്നും ഓൺലൈൻ വഴിയും മറ്റും വിളക്കുകൾ വാങ്ങുന്നു. അപൂർവമായ വിളക്കുകൾ എവിടെയുണ്ടെങ്കിലും അത് വാങ്ങിക്കാൻ പ്രസാദ് എത്തും. അതിനായി എത്ര പണം മുടക്കാനും അദ്ദേഹം തയ്യാറാണ്. സമ്പാദ്യത്തിന്‍റെ വലിയൊരു പങ്ക് ഇതിനായി നീക്കി അദ്ദേഹം വച്ചിട്ടുണ്ട്. എന്നാൽ അതിന്‍റെ കണക്കൊന്നും ആരോടും പങ്കുവെക്കാറില്ല. പത്തു തലയുള്ള രാവണ വിളക്ക്, ട്രീ ലാമ്പ്, മദർ ഓഫ് ഗോഡ് ലാമ്പ്, ഗജലക്ഷ്‌മി വിളക്ക്, കുലവിളക്കും തല തിരിഞ്ഞ പെട്രോമാക്‌സ് തുടങഅങിയവയെല്ലാം ഇവിടുത്തെ പ്രത്യേകതയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
1932 ലാണ് ഇന്ത്യയിൽ കാറുകളിൽ ഇലക്‌ട്രിക് വെളിച്ചം തെളിഞ്ഞത്. അതിന് മുമ്പുള്ള കാർ വിളക്കുകൾ നിരവധിയുണ്ട്. മാടമ്പി വിളക്കും തൊട്ടിൽ വിളക്കും ദീപതരുണിയായ ആനവിളക്കും കുതര സവാരിയിൽ ഉപയോഗിച്ച ആഡംബര വിളക്കുമെല്ലാം പ്രസാദിന്‍റെ ശേഖരത്തിലുണ്ട്.
വീടുകളിൽ ഉപയോഗിച്ചിരുന്ന കോൽവിളക്ക്, കുത്തുവിളക്ക്, കെടാവിളക്ക് എന്നിവയും അദ്ദേഹത്തിന്‍റെ ശേഖരത്തിലെ അപൂർവ നിധികളാണ്. കാറ്റത്തും മഴയത്തും അണയാത്തതാണ് കെടാവിളക്ക്, തീപ്പെട്ടി ഇല്ലാതിരുന്ന കാലത്ത് വലിയ അനുഗ്രഹമായിരുന്നു ഈ കെടാവിളക്കുകൾ. അമ്പലങ്ങളിൽ ഉപയോഗിക്കുന്ന കവരവിളക്ക്, ചങ്ങലവട്ട, ഉത്സവങ്ങൾക്കും കലാരൂപങ്ങൾക്കും ഉപയോഗിച്ചിരുന്ന കഥകളി വിളക്ക് തുർക്കി ഓട്ടോമൻ ഭരണകാലത്തെ അപൂർവമായ ഇസ്‌ലാമിക വിളക്കുകളും ഇവിടെ കാണാം. എണ്ണയിൽ വീണ് പ്രാണികൾ ചാവാതിരിക്കാൻ അടപ്പുകൾ ഉപയോഗിക്കുന്നത് ഇവയുടെ പ്രത്യേകതയാണ്.
ഡച്ച് ക്രിസ്ത്യൻ മിഷണിമാർ ഇന്ത്യയിലെത്തിയപ്പോൾ ഇവിടെയുണ്ടായിരുന്ന വിളക്കുകൾ രൂപമാറ്റം വരുത്തിയിരുന്നു. വിളക്കുകളിലെ സൂര്യ, ചന്ദ്രന്മാരെ ഒഴിവാക്കി പകരം അവർ കുരിശുരൂപങ്ങൾ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള അത്യപൂർവ വിളക്കുകളും പ്രസാദിന്‍റെ മ്യൂസിയത്തിലുണ്ട്. നിലവിളക്കിന്‍റെ പൂർവികരായ സ്‌റ്റാൻഡ് ലാമ്പ്, യൂറോപ്പിൽ പെട്രോമാക്‌സിന്‍റെ പൂർവികരായ പ്രഷർലാമ്പ്, തിരി താഴേക്ക് കത്തുന്ന മണ്ണെണ്ണ വിളക്ക് തുടങ്ങിയവയെല്ലാം ഒരു കാലത്തിന്‍റെ ചരിത്രം ഓർമിപ്പിക്കുന്നവയാണ്.
യൂറോപ്പിൽ എണ്ണവിളക്കുകൾ ഉണ്ടായിരുന്നില്ല. തണുപ്പുകാരണം എണ്ണ ഉറയുന്നതാണ് കാരണം. പതിനെട്ടാം നൂറ്റാണ്ടിലാണ് മണ്ണെണ്ണ വിളക്കുകൾ യൂറോപ്പിൽ രംഗപ്രവേശം ചെയ്‌തത്. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന വിളക്കുകൾ പ്രസാദ് സ്വന്തമാക്കിയിട്ടുണ്ട്. രാജകീയ കുതിരവണ്ടികളിൽ ഉപയോഗിച്ചിരുന്നവയും ആദ്യകാല മോട്ടോർ വാഹനങ്ങളിലും തീവണ്ടികളിലും ഉപയോഗിച്ചിരുന്ന വിളക്കുകളും കാഴ്‌ചയിലും കേമന്മാരാണ്.
സ്ഥല പരിമിതി
വിളക്ക് മ്യൂസിയം സ്ഥാപിക്കാനായി വിനോദസഞ്ചാരികളെത്തുന്ന മേഖലകളിൽ രണ്ടായിരം ചതുരശ്ര അടിയെങ്കിലുമുള്ള കെട്ടിടം അന്വേഷിക്കുകയാണ് പ്രസാദ്. കാപ്പാട് പഞ്ചായത്ത് മ്യൂസിയത്തിനായി സ്ഥലം വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാൽ കെട്ടിടം തീരെ ചെറുതായിരുന്നതിനാൽ പദ്ധതി നടന്നില്ല. തീരദേശനിയമം കാരണം കെട്ടിടങ്ങൾ പണിയാൻ ഈ പ്രദേശങ്ങളിൽ അനുവാദം ലഭിച്ചിരുന്നില്ല. വിനോദസഞ്ചാര വകുപ്പിനെ സഹായത്തിന് സമീപിച്ചെങ്കിലും മ്യൂസിയം കാണാൻപോലും ഉദ്യോഗസ്ഥർ വന്നില്ലെന്ന് പ്രസാദ് പറഞ്ഞു. പുനെയിലെ ഖേൽക്കർ മ്യൂസിയത്തിൽ മാത്രമാണ് ഇന്ത്യയിൽ വിളക്കുകൾ പ്രത്യേകമായി പ്രദർശിപ്പിച്ചിരിക്കുന്നത്.
ലൈറ്റ് ഹൗസ് എഞ്ചിനീയറായി 36 വർഷക്കാലം രാജ്യത്തെ സ്ഥലങ്ങളിൽ പ്രസാദ് ജോലി ചെയ്‌തിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ, മഹാബലിപുരം, ചെന്നൈ, ദ്വാരക എന്നിവിടങ്ങളിൽ ലൈറ്റ്ഹൗസ് മ്യൂസിയം സ്ഥാപിക്കാൻ നേതൃത്വം നൽകിയത് ഇദ്ദേഹമാണ്.
12 പുസ്‌തകങ്ങൾ
വിളക്കുമാടങ്ങളുടെ ചരിത്രം പറയുന്ന 'ഹിസ്‌റ്റോറിക്കൽ ലൈറ്റ്ഹൗസസ്' സീരിസിൽ 12 പുസ്‌തകങ്ങൾ പ്രസാദിന്‍റേതായുണ്ട്. മലയാളത്തിൽ വിളക്കുകളുടെ വികാസ പരിണാമങ്ങളുടെ ചരിത്രവും പറയുന്ന വേറെ പുസ്‌തകങ്ങളില്ല. പുതിയങ്ങാടിയിൽ കുണ്ടുപറമ്പ് റോഡിലുള്ള മ്യൂസിയത്തിന് പ്രസാദ് അധികം പ്രചാരണം നൽകിയിട്ടില്ല. വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമില്ലാത്തതാണ് അവിടെ അദ്ദേഹം നേരിടുന്ന വലിയ പ്രശ്‌നം. സമൂഹ മാധ്യമങ്ങളിലും മറ്റും വായിച്ചറിഞ്ഞാണ് സഞ്ചാരികൾ ഇവിടെയെത്തുന്നത്. ഫീസായി ഒരാൾക്ക് 100 രൂപ ഈടാക്കുന്നുണ്ട്.
'നിരവധി റിസർച്ചുകൾ നടത്തി, 12 പുസ്‌തകങ്ങൾ എഴുതി, ഏതാനും മ്യൂസിയങ്ങൾ രൂപകൽപന ചെയ്‌തു. ഒരു തമാശക്ക് തുടങ്ങിയതാണ് ഈ വിളക്കു ശേഖരം. വിദേശ വിളക്കുകയായിരുന്നു ആദ്യം കമ്പം. എന്നാൽ ഇന്ത്യയിലെ പരമ്പരാഗത വിളക്കുകളെ അടുത്തറിഞ്ഞപ്പോൾ ശരിക്കും വിചിത്രമായി തോന്നി. ആ യാത്ര ഇപ്പോഴും തുടരുകയാണ്' എന്ന് പ്രസാദ് പറയുന്നു.
പഞ്ചഭൂതങ്ങളിൽ അഗ്നിയെ കൈകാര്യം ചെയ്യാനുള്ള കഴിവ് മനുഷ്യന് മാത്രമേ ലഭിച്ചിട്ടുള്ളൂ. മറ്റെല്ലാ ജീവികളും തീ കണ്ട് പിന്മാറുമ്പോൾ മനുഷ്യൻ അതിനെ പല വിധേന ഉപയോഗപ്പെടുത്തി. മനുഷ്യന് ദൈവം തന്ന ഒരു സ്ഥാനവും ബന്ധവും ആയതുകൊണ്ടാണ് സദ്‌കർമ്മങ്ങൾ തുടങ്ങുമ്പോൾ വിളക്ക് കൊളുത്തുന്നത്. അല്ലാതെ അതിന് മതപരമായ ഒരു ബന്ധവുമില്ലെന്ന് പ്രസാദ് വ്യക്തമാക്കി. പന്തത്തിലും ഓലച്ചൂട്ടിലും തുടങ്ങിയതാണ് വിളക്ക് യുഗം. അതിൽ പല മാറ്റങ്ങൾ വന്നു. അത് ഇന്ന് ഇലക്‌ട്രിക്ക് യുഗത്തിലേക്കും എത്തി. അവിടെയും കൊണ്ടുനടന്ന് ഉപയോഗിക്കാൻ എളുപ്പം പ്രകൃതിയിൽ നിന്ന് ലഭിക്കുന്നതാണെന്ന് പ്രസാദ് സാക്ഷ്യപ്പെടുത്തുന്നു.