എറണാകുളം: മലയാളത്തിൽ റിലീസ് ചെയ്‌തതിൽ ഏറ്റവും അധികം വിഎഫ്‌എക്‌സ് രംഗങ്ങൾ ഉൾപ്പെടുത്തി '13' ഹ്രസ്വചിത്രം പുറത്തിറങ്ങി. വെബ് സീരീസുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് സുപരിചിതരായ അമ്പു യോഗി, ഷാരിക് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് സുസാദ് സുധാകറാണ്.
രക്തരക്ഷസുകളുടെ ലോകത്തിൽ അകപ്പെട്ടുപോയ സുഹൃത്തുക്കളെ രക്ഷപ്പെടുത്താൻ നായകൻമാരിൽ ഒരാളായ മുജീബ് എന്ന കഥാപാത്രം നടത്തുന്ന ധീരമായ ചെറുത്തുനിൽപ്പാണ് ഹ്രസ്വചിത്രത്തിന്‍റെ കഥാ തന്തു. സോഷ്യൽ മീഡിയയിലൂടെ പ്രശസ്‌തയായ മിഥു വിജിലാണ് പ്രധാന സ്ത്രീകഥാപാത്രം.
മാധ്യമപ്രവർത്തകനായ ചന്ദ്രശേഖർ, ശ്രീ തുടങ്ങിയവർ മറ്റു സുപ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ബ്ലോക്ക് ബസ്റ്റർ ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് ആസ്വദിക്കാൻ ആവുക. റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ ചിത്രം സംസാര വിഷയമായി കഴിഞ്ഞു. കണ്ടുകേട്ട കഥകളിയിൽ നിന്ന് വിഭിന്നമായി ഭീതിയുടെയും ആകാംക്ഷയോടെയും അകമ്പടിയിൽ കഥ പറയുന്ന ഫാന്‍റസി ചിത്രം തീർത്തും ആസ്വാദ്യകരം എന്നാണ് പ്രേക്ഷക നിരൂപണം.