കോഴിക്കോട് :ഏതെങ്കിലും ഒരു വാക്ക് ഹിറ്റായാൽ, അഥവാ അത് വൈറലായാൽ ആ വാക്കിന്‍റെ അർത്ഥം ഇന്‍റർനെറ്റിൽ തിരയുന്നത് പലരുടേയും ഒരു ശീലമാണ്. എന്നാൽ പലപ്പോഴും അതിന്‍റെ യഥാർത്ഥ അർത്ഥം നമുക്ക് ലഭിക്കണമെന്നില്ല. നിഘണ്ടുവിൽ ആണെങ്കിൽ അത് കണ്ടെത്താം, പക്ഷേ നമ്മളില്‍ അധികമാരുടേയും കൈയില്‍ നിഘണ്ടു ഉണ്ടാവില്ല.
എന്നാൽ നാളെ മുതൽ ഇതൊന്നും തിരഞ്ഞ് നമുക്ക് അലയേണ്ടി വരില്ല. മലയാളത്തിനായി സ്വന്തം മൊബൈൽ നിഘണ്ടു ആപ് തയ്യാറായി കഴിഞ്ഞു (New Mobile App As A Gift To Malayalam language On World Language Day). മൂന്ന് ലക്ഷത്തോളം വാക്കുകൾ ഉൾപ്പെടുന്ന മലയാള നിഘണ്ടുവിന്‍റെ മൊബൈൽ ആപ് ബുധനാഴ്‌ച (21-02-2024) മുതൽ പ്ലേസ്‌റ്റോറിൽ ലഭ്യമാകും.
https://malayalanighandu.kerala.gov.in/എന്നതാണ് ഈ ആപിന്‍റെ ഓൺലൈൻ വിലാസം. കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടാണ് ലോക മാതൃഭാഷാ ദിനത്തിൽ മലയാള ഭാഷക്ക് സമ്മാനമായി പുതുമയാർന്ന മൊബൈൽ ആപ് തയ്യാറാക്കിയത്. ഇക്‌ഫോസുമായി ( International Centre For Free and Open Source Software) ചേർന്നാണ് മലയാള നിഘണ്ടുവിന്‍റെ ഓൺലൈൻ നിഘണ്ടു തയ്യാറാക്കിയത്. ആദ്യഘട്ടത്തിൽ മൊബൈൽ ആപ്പിൽ മൂന്നുലക്ഷം വാക്കുകൾ ഉൾപ്പെടുത്തി. കോളജ് അധ്യാപകരും ഗവേഷകരും അടങ്ങിയ സംഘം ശിൽപ്പശാലകളിലൂടെയാണ് ഉള്ളടക്കം തയ്യാറാക്കിയത്.