ന്യൂഡൽഹി: അമേരിക്കയുടെ പ്രതിശീർഷ വരുമാനത്തിന്‍റെ നാലിലൊന്നിൽ എത്താൻ ഇന്ത്യക്ക് 75 വർഷം വേണ്ടിവരുമെന്ന് ലോക ബാങ്ക് റിപ്പോർട്ട്. ഇന്ത്യയുൾപ്പെടെ നൂറിലധികം രാജ്യങ്ങൾ അടുത്ത ഏതാനും ദശാബ്‌ദങ്ങളിൽ ഉയർന്ന വരുമാനമുള്ള രാജ്യങ്ങമായി മാറുന്നതിന് നിരവധി പ്രതിബന്ധങ്ങൾ നേരിടേണ്ടിവരുമെന്നും ലോക ബാങ്ക് റിപ്പോർട്ടില്‍ പറയുന്നു. ലോക ബാങ്കിന്‍റെ 'വേൾഡ് ഡെവലപ്‌മെന്‍റെ റിപ്പോർട്ട് 2024: ദി മിഡിൽ ഇൻകം ട്രാപ്പ്' എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
അമേരിക്കയുടെ പ്രതിശീർഷ വരുമാനത്തിന്‍റെ നാലിലൊന്ന് എത്താന്‍ ചൈനയ്ക്ക് 10 വർഷത്തിലേറെ സമയമെടുക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്തോനേഷ്യ ഏകദേശം 70 വർഷമെടുക്കും എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ 50 വർഷത്തെ രീതി വിലയിരുത്തുമ്പോള്‍, രാജ്യങ്ങൾ സമ്പന്നമായി വളരുന്ന ഘട്ടത്തില്‍, സ്വാഭാവികമായി ഒരു 'പിന്നോട്ടടി' ഉണ്ടാകും. ഇത് ഒരു വ്യക്തിക്ക് വാർഷിക യുഎസ് ജിഡിപിയുടെ 10 ശതമാനം അഥവാ ഇന്നത്തെ 8,000 യുഎസ് ഡോളറിന് തുല്യമാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ലോകബാങ്ക് ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾ എന്ന് തരംതിരിക്കുന്ന ശ്രേണിയുടെ മധ്യത്തിലാണ് ഇത് സംഭവിക്കുക.
2023 അവസാനത്തില്‍ 108 രാജ്യങ്ങളെയാണ് ഇടത്തരം വരുമാന രാജ്യമായി ലോക ബാങ്ക് തരംതിരിച്ചത്. ഈ രാജ്യങ്ങളുടെ പ്രതിശീർഷ ജിഡിപി 1,136 മുതൽ 13,845 യുഎസ് ഡോളർ വരെയാണ്. ഈ രാജ്യങ്ങളിൽ ആറ് ബില്യൺ ആളുകള്‍, അഥവാ ആഗോള ജനസംഖ്യയുടെ 75 ശതമാനം പേര്‍ താമസിക്കുന്നുണ്ട്. കൂടാതെ ഓരോ മൂന്നിൽ രണ്ട് ആളുകളും കടുത്ത ദാരിദ്ര്യത്തിലാണ്.
അതിവേഗം പ്രായമാകുന്ന ജനസംഖ്യയും വർധിച്ചുവരുന്ന കടവും, കടുത്ത ഭൗമ രാഷ്‌ട്രീയ - വ്യാപാര സംബന്ധമായ സംഘർഷങ്ങൾ, പരിസ്ഥിതിയെ മലിനമാക്കാതെ സാമ്പത്തിക പുരോഗതി വേഗത്തിലാക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം സാമ്പത്തിക പുരോഗതിക്ക് വിലങ്ങുതടി ആകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പല ഇടത്തരം വരുമാന രാജ്യങ്ങളും നിക്ഷേപം വിപുലീകരിക്കാൻ രൂപകൽപ്പന ചെയ്‌ത നയങ്ങളെ മാത്രം ഇപ്പോഴും ആശ്രയിക്കുകയാണെന്നും ഇത് ഫസ്റ്റ് ഗിയറിൽ ഒരു കാർ ഓടിച്ച് വേഗത്തിൽ പോകാൻ ശ്രമിക്കുന്നത് പോലെയാണും റിപ്പോർട്ട് പറയുന്നു.
ഈ പഴഞ്ചന്‍ രീതിയില്‍ തുടരുകയാണെങ്കില്‍ മിക്ക വികസ്വര രാജ്യങ്ങൾക്കും ഈ നൂറ്റാണ്ടിന്‍റെ മധ്യത്തോടെ സമൃദ്ധമായ സമൂഹങ്ങൾ സൃഷ്‌ടിക്കാനുള്ള ശേഷി നഷ്‌ടപ്പെടുമെന്ന് ലോക ബാങ്ക് ഗ്രൂപ്പിന്‍റെ ചീഫ് ഇക്കണോമിസ്റ്റും ഡെവലപ്‌മെന്‍റ് ഇക്കണോമിക്‌സിന്‍റെ സീനിയർ വൈസ് പ്രസിഡന്‍റുമായ ഇൻഡെർമിറ്റ് ഗിൽ പറഞ്ഞു.
രാജ്യങ്ങൾക്ക് അവരുടെ വികസന ഘട്ടത്തെ ആശ്രയിച്ച് ഉയർന്ന വരുമാനമുള്ള നിലയിലേക്ക് എത്താനുള്ള തന്ത്രവും റിപ്പോർട്ട് നിർദ്ദേശിക്കുന്നുണ്ട്. 1990 മുതൽ, 34 ഇടത്തരം വരുമാനമുള്ള സമ്പദ്‌വ്യവസ്ഥകൾക്ക് മാത്രമേ ഉയർന്ന വരുമാന നിലയിലേക്ക് ഉയരാന്‍ കഴിഞ്ഞിട്ടുള്ളൂ. അവരിൽ മൂന്നിലൊന്നും യൂറോപ്യൻ യൂണിയനുമായുള്ള സംയോജനത്തിന്‍റെ ഗുണഭോക്താക്കളോ അല്ലെങ്കിൽ പുതുതായി കണ്ടെത്തിയ എണ്ണയുടെ ഗുണഭോക്താക്കളോ അണ് എന്നും ലോക ബാങ്ക് വ്യക്തമാക്കുന്നു.
Also Read :'രാജ്യത്തെ വികസനം കണ്ട് ലോകം അമ്പരക്കുന്നു'; മൂന്നാമൂഴത്തില്‍ ഇന്ത്യയെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കുമെന്ന് പ്രധാനമന്ത്രി