ന്യൂഡല്‍ഹി:കേരളം പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റില്‍ ഇത്തവണയും പറയത്തക്കവിധമുള്ള പാക്കേജുകളൊന്നുമില്ല. ഒന്നും രണ്ടുമല്ല 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇതിലൊന്നും തന്നെ കേന്ദ്രം കനിഞ്ഞില്ലെന്നതാണ് വാസ്‌തവം. അതേസമയം വിദ്യാഭ്യാസ മേഖലയിലേക്കുള്ള ചെറിയൊരു പാക്കേജ് കേരളത്തിന് ലഭിച്ചിട്ടുണ്ട്.
5 ഐഐടികളിൽ പുതിയ കോഴ്‌സ് തുടങ്ങന്നതിൽ ഒരു കോഴ്‌സ് മാത്രമാണ് കേരളത്തിനുള്ളത്. രാജ്യത്തെ ഐഐടികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അടക്കം മെച്ചപ്പെടുത്തുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യപിച്ചിട്ടുണ്ട്. അക്കൂട്ടത്തിലാണ് പാലക്കാട്ടേക്ക് പുതിയ പ്രഖ്യാപനമുണ്ടായത്.
വയനാടിനെ ഒട്ടും ഗൗനിച്ചില്ല: മഴയും മണ്ണിടിച്ചിലും തകര്‍ത്ത വയനാടിന്‍റെ പുനരധിവാസത്തിനായി 2000 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അതിനായി ഒരു രൂപ പോലും ഇത്തവണത്തെ ബജറ്റില്‍ വകയിരുത്തിയില്ല. വയനാടിന് പുറമെ കേരളം ആവശ്യപ്പെട്ട വിഴിഞ്ഞം തുറമുഖത്തിനുള്ള 5000 കോടിയും റബര്‍ താങ്ങുവില 250 രൂപയായി നിലനിര്‍ത്തുന്നതിന് 1000 കോടിയും ആവശ്യപ്പെട്ടിരുന്നെങ്കിലും ബജറ്റില്‍ ഇതേ കുറിച്ച് യാതൊന്നും മന്ത്രി ഉരുവിട്ടത് പോലുമില്ല.
കേരളം ഏറെ നാളായി ആവശ്യമുന്നയിക്കുന്ന എയിംസ്, സില്‍വര്‍ ലൈന്‍ എന്നിവയും കേന്ദ്രം പരിഗണിച്ചില്ല. റെയില്‍വേ വികസനത്തിന് സഹായകമായ പദ്ധതികള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവിടെയും നിരാശ മാത്രം. ഇരട്ടപ്പാത പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികളിലാണ് കേരളം പ്രതീക്ഷ അര്‍പ്പിച്ചിരുന്നത്. എന്നാല്‍ അതെല്ലാം കപ്പലേറി.
Also Read:കേന്ദ്ര ബജറ്റ് 2025: കര്‍ഷകര്‍ക്ക് കൈതാങ്ങ്; പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു