ഇടുക്കി :കാലാവസ്ഥ വ്യതിയാനത്തെത്തുടര്‍ന്ന് നാടന്‍ കുടംപുളി ഉത്പാദനം കുറഞ്ഞതോടെ ഹൈറേഞ്ചിലെ കമ്പോളങ്ങളില്‍ വില ഉയര്‍ന്നു. വേനലും ഉഷ്‌ണതരംഗവും മൂലം പുളിയുടെ ഉത്പാദനം കുത്തനെ ഇടിയുകയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ 100 രൂപ ലഭിച്ചിരുന്ന നാടന്‍ കുടംപുളി ഇത്തവണ 150 മുതല്‍ 160 രൂപയ്ക്കാണ് വ്യാപാരികള്‍ ശേഖരിക്കുന്നത്. നാടന്‍ പുളിക്ക് വില കൂടിയതോടെ കുടകില്‍ നിന്നുള്ള വരവുപുളി വിപണിയില്‍ സജീവമായി ലഭിക്കുന്നുണ്ട്.
100 മുതല്‍ 110 രൂപയ്ക്ക് ചില്ലറ വില്‍ക്കാനാകും എന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും വരവുപുളി വാങ്ങാന്‍ പ്രേരിപ്പിക്കുന്നുണ്ട്. പുറത്ത് നിന്ന് കുറഞ്ഞ വിലയ്ക്ക് പുളി എത്തുന്നുണ്ടെങ്കിലും ഹൈറേഞ്ചില്‍ ഉത്പാദിപ്പിക്കുന്ന നാടന്‍പുളിക്ക് ആവശ്യക്കാർ ഏറെയാണ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാപാരികളാണ് നാടന്‍പുളി ശേഖരിക്കുന്നത്.