കേരളം

kerala

ETV Bharat / business

സീ-സോണി തര്‍ക്കം; ലയന നീക്കത്തില്‍ നിന്നും പിന്മാറി സോണി; നിയമ നടപടികള്‍ക്കൊരുങ്ങി സീ - സീ സോണി ലയനം പൊളിഞ്ഞു

ZEE-Sony Merger Deal: സീ എന്‍റര്‍ടെയ്‌ന്‍മെന്‍റുമായി ലയനത്തിനില്ലെന്ന് സോണി. കമ്പനികള്‍ തമ്മിലുള്ള തര്‍ക്കമാണ് ലയന നീക്കം പൊളിച്ചത്. സോണിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടെന്ന് സീ. ഓഹരികളിലേക്ക് ഉറ്റുനോക്കി ജനം.

ZEE Sony Merger Deal  സീ സോണി തര്‍ക്കം  സീ സോണി ലയനം പൊളിഞ്ഞു  Zee Entertainment
Sony Terminates Merger Deal With Zee Entertainment

By ETV Bharat Kerala Team

Published : Jan 22, 2024, 10:51 PM IST

ഹൈദരാബാദ്:ഇന്ത്യന്‍ മാധ്യമ രംഗത്തെ ഏറ്റവും വലിയ ലയന നീക്കം പൊളിഞ്ഞു. ഇന്ത്യന്‍ കമ്പനിയായ സീ എന്‍റര്‍ടെയ്‌ന്‍മെന്‍റും ജാപ്പനീസ് കമ്പനിയായ സോണിയും തമ്മിലുള്ള ലയന നീക്കമാണ് പൊളിഞ്ഞത്. 1000 കോടി ഡോളറിന്‍റെ ലയന നീക്കത്തില്‍ നിന്നും സോണി പിന്മാറുകയാണുണ്ടായത്.

ലയന ഉടമ്പടികളും ലയനത്തിനുള്ള സമയക്രമവും പാലിക്കാന്‍ സീ എന്‍റര്‍ടെയ്‌ന്‍മെന്‍റിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സോണിയുടെ പിന്മാറ്റം. കഴിഞ്ഞ ദിവസമായിരുന്നു ഇരു കമ്പനികളുടെയും ലയനത്തിന് അനുവദിച്ചിരുന്ന സമയം. ലയനത്തില്‍ നിന്നും പിന്മാറിയതിന് പിന്നാലെ സീ എന്‍റര്‍ടെയ്‌ന്‍മെന്‍റുമായുള്ള ലയനം ഉപേക്ഷിച്ചതായി സോണി തന്നെയാണ് വിവരം പുറത്ത് വിട്ടത്.

2021 മുതലാണ് ഇരുകമ്പനികളും ലയനത്തിനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. തീരുമാനത്തിന് പിന്നാലെ ഇരുകമ്പനികളും കരാറില്‍ ഒപ്പിടുകയും ചെയ്‌തു. സീയും കള്‍വര്‍ മാക്‌സും തമ്മിലായിരുന്നു കരാര്‍.

ഇതിനിടെ ലയിച്ചുണ്ടാകുന്ന പുതിയ കമ്പനിയുടെ മേധാവിയാകാന്‍ സീയുടെ എംഡിയും സിഇഒയുമായ പുനീത് ഗോയങ്ക താത്‌പര്യം അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെ സോണി ശക്തമായി എതിര്‍ക്കുകയായിരുന്നു. സോണിയുടെ എംഡിയും സിഇഒയുമായ എന്‍പി സിങ്ങിനെ ലയിച്ചുണ്ടാക്കുന്ന പുതിയ കമ്പനിയുടെ മേധാവിയാക്കണമെന്നായിരുന്നു സോണിയുടെ ആവശ്യം. ഇതേ ചൊല്ലി ഇരുവിഭാഗവും തര്‍ക്കമുണ്ടായി. ഇതോടെയാണ് ലയന നടപടികള്‍ നീണ്ടുപോയത്.

തര്‍ക്കങ്ങള്‍ നിലനില്‍ക്കെ ലയനത്തിന് ആറ് മാസത്തെ സാവകാശം വേണമെന്ന് സീ സോണിയോട് ആവശ്യപ്പെട്ടു. എന്നാല്‍ സീയുടെ ആവശ്യത്തിനോട് സോണി പ്രതികരിച്ചില്ലെന്ന് മാത്രമല്ല ലയനം തന്നെ വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ സീയുടെ ഓഹരി ഉടമകളുടെ താത്‌പര്യം സംരക്ഷിക്കുമെന്നും സോണിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് നീങ്ങുമെന്നും സീ എന്‍റര്‍ടെയ്‌ന്‍മെന്‍റ് അറിയിച്ചു. ലയനത്തിനുള്ള അംഗീകാരം ലഭിച്ചതിന് ശേഷമുള്ള സോണിയുടെ പിന്മാറ്റം ഇരുകമ്പനികളും തമ്മിലുള്ള നിയമ പേരാട്ടത്തിന്‍റെ തുടക്കമാകുമെന്നും വിലയിരുത്തലുണ്ട്.

ABOUT THE AUTHOR

...view details