മുംബൈ:ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) മൂന്നാം തവണയും വിജയിക്കുമെന്ന എക്സിറ്റ് പോൾ പ്രവചിച്ചനങ്ങൾ വന്നതോടെ ഇന്ത്യൻ ഓഹരി വിപണികൾ റെക്കോർഡ് ഉയരത്തിൽ. ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകളായ സെൻസെക്സും നിഫ്റ്റിയും തിങ്കളാഴ്ച ആദ്യ വ്യാപാരത്തിൽ ഏകദേശം 4 ശതമാനം ഉയർന്നു. ബിഎസ്ഇ സെൻസെക്സ് ആദ്യ വ്യാപാരത്തിൽ 2,777.58 പോയന്റ് (3.75%) ഉയർന്ന് 76,738.89 എന്ന റെക്കോർഡ് ഉയരത്തിലെത്തി.
എൻഎസ്ഇ നിഫ്റ്റി 808 പോയിന്റ് (3.58%) ശതമാനം ഉയർന്ന് 23,338.70 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും അധികാരം നിലനിർത്തുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചതാണ് വിപണിയിലെ ഉണർവ്വിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
സെൻസെക്സിന്റെ 30 ഘടകങ്ങളും പച്ച നിറത്തിലാണ് വ്യാപാരം നടത്തിയത്. പവർ ഗ്രിഡ്, എൻടിപിസി, ലാർസൻ ആൻഡ് ടൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്.