മുംബൈ :ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍ ഇടപാടുകള്‍ക്കുള്ള സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (എസ്‌ടിടി) ഉയര്‍ത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ച. ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ് ബോംബെ ഓഹരിസൂചികായ സെന്‍സെക്‌സ് ഇടപാടുകള്‍ ആരംഭിച്ചത് വലിയ നേട്ടത്തോടെ ആയിരുന്നു. എന്നാല്‍ പിന്നീട് നാടകീയമായി വിപണി കൂപ്പ് കുത്തി. 1,266.17 പോയിന്‍റ് ഇടിഞ്ഞ് ബിഎസ്‌ഇ സെന്‍സെക്‌സ് 79,235.91ലെത്തി.
ആദ്യഘട്ടത്തില്‍ നേട്ടം പ്രദര്‍ശിപ്പിച്ചിരുന്ന ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റിയിലും ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇടിവുണ്ടായി. 435.05 പോയിന്‍റ് ഇടിഞ്ഞ് 24,074.20ലേക്കാണ് നിഫ്റ്റി കൂപ്പ്കുത്തിയത്.
എന്നാല്‍ സാവധാനം വിപണി ഉണര്‍ന്ന് വരുന്നതിന്‍റെ കാഴ്‌ചയും പിന്നീടുണ്ടായി. സെന്‍സെക്‌സില്‍ 264.33 പോയിന്‍റ് ഉയര്‍ച്ച ഉണ്ടായി സൂചിക 80,766.41 ലെത്തി. നിഫ്റ്റിയിലും നേരിയ ഉണര്‍വ് രേഖപ്പെടുത്തി. 73.3 പോയിന്‍റ് ഉയര്‍ന്ന് 24,582.55 ലെത്തി.
ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ ഇടപാടുകൾക്കുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജുകൾ 0.02 ശതമാനം, 0.01 ശതമാനം എന്നിങ്ങനെയായാണ് വർധിപ്പിച്ചത്. ഫ്യൂചർ കരാറുകളുടെ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജ് 0.0125 ശതമാനത്തിൽ നിന്നാണ് 0.02 ശതമാനമാക്കി ഉയർത്തിയത്. ഓപ്ഷൻ ചാർജുകൾ 0.0625 ശതമാനത്തിൽ നിന്നാണ് 0.10 ശതമാനമാക്കിയത്. ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ ഇടപാടുകളിൽ സാധാരണക്കാരുടെ പങ്കാളിത്തം ഉയരുന്നതിൽ ആർബിഐയും സെബിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.