എറണാകുളം: ഇന്ത്യൻ ഓഹരി വിപണിയില്‍ ഇന്നു കണ്ട അസാധാരണ മുന്നേറ്റം തുടരാനാണ് സാധ്യതയെന്ന് ഓഹരി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ബോംബെ ഓഹരി സൂചികയായ ബിഎസ്ഇ സെൻസെക്‌സ് ചരിത്രത്തിലാദ്യമായി 80,000 പോയിന്‍റ് കടന്ന സാഹചര്യത്തില്‍ വിപണിയുടെ സാധ്യതകളെ അവലോകനം ചെയ്യുകയാണ് സാമ്പത്തിക വിദഗ്‌ദനായ ജോർജ് ജോസഫ്.
"ഇന്ത്യൻ ഓഹരി വിപണി തുടർച്ചയായി മുന്നേറ്റത്തിൻ്റെ പാതയിലായിരുന്നു. ഓഹരി വിപണിയിലെ ഈ മുന്നേറ്റം തുടരാനാണ് സാധ്യത. കേന്ദ്ര സർക്കാറിൻ്റെ ഭരണ തുടർച്ച ഓഹരി വിപണിയിലെ കുതിപ്പിന് പ്രധാനപ്പെട്ട കാരണമായിട്ടുണ്ട്. കമ്പനികളുടെ ഒന്നാം പാദത്തിലെ സാമ്പത്തിക അവലോകന റിപ്പോർട്ടുകൾ വരുന്നതു ഓഹരി വിപണിക്ക് ഇനിയും കരുത്ത് പകരാനാണ് സാധ്യത. കമ്പനികൾ മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. ഇതിൻ്റെ ഫലമായി ഇന്ത്യൻ സാമ്പത്തിക മേഖല വളരുമെന്ന പ്രതീക്ഷയാണുള്ളത്. ഓഹരി വിപണികളിലെ മുന്നേറ്റം കൂടുതൽ വിദേശ നിക്ഷേപം രാജ്യത്ത് എത്താൻ കാരണമാകും.
ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങളാണ് കുറച്ച് കാലമായി ഓഹരി വിപണിയിൽ മുന്നേറ്റമുണ്ടാക്കുന്നത്. സെൻസെക്‌സ്, നിഫ്റ്റി സൂചികകളുടെ ചരിത്രപരമായ മുന്നേറ്റത്തിനും ഇത് കാരണമായിട്ടുണ്ട്. സാമ്പത്തിക മേഖല മെച്ചപെടുമ്പോൾ ബാങ്കിങ് മേഖലയാണ് സാധാരണയായി മുന്നേറ്റമുണ്ടാക്കുക. നിലവിൽ എല്ലാ ബാങ്കുകളും മികച്ച മുന്നേറ്റമാണ് കാഴ്‌ചവെക്കുന്നത്. ഓയിൽ മേഖലയിലെ കമ്പനികളും വലിയ നേട്ടമുണ്ടാക്കുന്നുണ്ട്. അതേസമയം ഓഹരി വിപണയിൽ പുതുതായി നിക്ഷേപം നടത്തുന്നവർ വിപണി സാഹചര്യം കൃത്യമായി വിലയിരുത്തണം".