മുംബൈ:അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ വലിയ ക്രമക്കേട് നടത്തിയെന്ന് ആരോപണം ഉന്നയിച്ച യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു.
46 പേജുള്ള കാരണം കാണിക്കൽ നോട്ടീസിൽ, ഹിൻഡൻബർഗും ആൻഡേഴ്‌സണും സെബി ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് ആരോപിച്ചിരിക്കുന്നത്. സെബിയുടെ വഞ്ചനാപരവും അന്യായവുമായ ട്രേഡ് പ്രാക്‌ടീസ് തടയൽ നിയമം, റിസർച്ച് അനലിസ്‌റ്റ് നിയന്ത്രണങ്ങൾക്കുള്ള പെരുമാറ്റച്ചട്ടലംഘനം തുടങ്ങിയവയാണ് ഹിന്‍ഡെന്‍ബെര്‍ഗിന് നല്‍കിയ നോട്ടീസില്‍ സെബി ആരോപിക്കുന്നത്.
അതേസമയം, എഫ്‌പിഐ കിംഗ്‌ഡണും വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്കുള്ള സെബിയുടെ പെരുമാറ്റച്ചട്ടം എന്നിവ ഉള്‍പ്പെടെ ലംഘിച്ചുവെന്ന് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു. ഇന്ത്യയിലെ ലിസ്‌റ്റ് ചെയ്‌ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് പുറത്ത് വ്യാപാരം നടത്തുന്ന സെക്യൂരിറ്റികളുടെ മൂല്യനിർണ്ണയത്തിന് മാത്രമുള്ളതാണ് റിപ്പോർട്ട് എന്ന തെറ്റിദ്ധാരണയാണ് ഹിൻഡൻബർഗും എഫ്‌പിഐ സ്ഥാപനങ്ങളും സ്വീകരിച്ചതെന്ന് മാർക്കറ്റ് റെഗുലേറ്റർ ചൂണ്ടിക്കാട്ടി.