കാസർകോട്: രോഗിയുമായി പോകുന്ന ആംബുലൻസിന്‍റെ വഴി മുടക്കൽ പതിവായതോടെ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്‌ത് ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും നടപടികളുടെ കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ലൈസൻസ് സസ്പെൻഡ് ചെയ്യലും പിഴ ഈടാക്കലുമാണ് നിലവിലുള്ള നടപടികള്‍. എന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് കടുത്ത നടപടിക്ക് ഒരുങ്ങുന്നത്. ആംബുലൻസിന് തടസം സൃഷ്‌ടിക്കാതെ വണ്ടി ഓടിക്കുക എന്നത് ഡ്രൈവർമാരുടെ മര്യാദയാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഇന്നലെ (നവംബർ 21) കാസർകോട് ബേക്കലിൽ ആംബുലൻസിന്‍റെ വഴിമുടക്കി കാറിൽ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ ആർടിഒ കേസ് എടുത്തിരുന്നു. കാസർകോട് കെയർവെൽ ആശുപത്രിയിൽ നിന്ന് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ടു പോകുകയായിരുന്നു ആംബുലൻസ്. ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോകുകയായിരുന്ന ആംബുലൻസിന് മുന്നിലൂടെ കാറിൽ 15 കിലോമീറ്ററാണ് യുവാവ് അഭ്യാസ പ്രകടനം നടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആംബുലൻസ് സൈറൺ മുഴക്കിയിട്ടും കാർ വഴി മാറി കൊടുത്തില്ല. അമിത വേഗതയിൽ പോയ കാർ മറ്റൊരു കാറിലും, ബൈക്കിലും ഇടിക്കുകയും ചെയ്‌തു. KL48 K 9888 എന്ന കാറിൽ എത്തിയ സംഘമാണ് ആംബുലൻസിന്‍റെ വഴിമുടക്കിയത്. കൊടുവള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് ആംബുലൻസിന് മുന്നിൽ അഭ്യാസ പ്രകടനം നടത്തിയത്.
ഉടമയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഹാജരാകാൻ ആവശ്യപെട്ടിട്ടുണ്ടെന്നും കാസർകോട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം പിഴ ഈടാക്കേണ്ടത് കോടതിയാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസം തൃശൂർ പെരുമ്പിലാവിൽ ആംബുലൻസിനു മുന്നിൽ അപകടകരമായി കാർ ഓടിച്ച് തടസം സൃഷ്‌ടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ഈ മാസം ഏഴിനായിരുന്നു സംഭവം.
Also Read: ലംഘിച്ചാല്‍ കനത്ത പിഴ; പുതിയ പരിഷ്‌ക്കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്