ന്യൂഡൽഹി: ഇന്ത്യയുടെ വിദേശത്തുള്ള സ്വർണശേഖരം അടുത്തിടെ തിരികെ എത്തിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. യുകെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന 100 ടൺ സ്വർണശേഖരമാണ് തിരികെ ഇന്ത്യയിലെത്തിച്ചത്. എന്നാൽ വിദേശത്തുള്ള സ്വർണശേഖരത്തിന്‍റെ ഒരു ഭാഗം മാത്രമാണ് തിരികെ കൊണ്ടുവന്നതെന്നാണ് വസ്‌തുത.
ആർബിഐയുടെ 2024 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, 308 ടൺ സ്വർണം ഇന്ത്യയിൽ ഇഷ്യൂ ചെയ്‌ത നോട്ടുകളുടെ പിൻബലമായി സൂക്ഷിക്കുന്നുണ്ട്. അതേസമയം 100.28 ടൺ ബാങ്കിങ് വകുപ്പിൻ്റെ ആസ്‌തിയായി പ്രാദേശികമായി സൂക്ഷിക്കുന്നു. മുംബൈയിലും നാഗ്‌പൂരിലുമാണ് അതീവ സുരക്ഷയോടെ പ്രാദേശികമായി സ്വർണം സൂക്ഷിക്കുന്നത്. മൊത്തം സ്വർണശേഖരത്തിൽ 413.79 ടൺ വിദേശത്താണ് സൂക്ഷിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്തുകൊണ്ടാണ് സെൻട്രൽ ബാങ്കുകൾ സ്വർണശേഖരം സൂക്ഷിക്കുന്നത്?
നിക്ഷേപകർക്കോ നോട്ട് ഉടമകൾക്കോ ട്രേഡിങുകാർക്കോ പണം നൽകാനുള്ള വാഗ്‌ദാനങ്ങൾ വീണ്ടെടുക്കുന്നതിനുള്ള ഒരു ഗ്യാരണ്ടിയായും ദേശീയ കറൻസിയുടെ മൂല്യത്തെ പിന്തുണയ്ക്കുന്നതിനും ആണ് ദേശീയ സെൻട്രൽ ബാങ്കിൻ്റെ കൈവശമുള്ള സ്വർണശേഖരം. വേൾഡ് ഗോൾഡ് കൗൺസിലിന്‍റെ (ഡബ്ല്യുജിസി) കണക്കനുസരിച്ച് 2019-ൽ ഇതുവരെ ഖനനം ചെയ്‌തത് 190,040 മെട്രിക് ടൺ സ്വർണമാണ്. 2017 ഓഗസ്റ്റിലെ കണക്കനുസരിച്ച് ഒരു മെട്രിക് ടൺ സ്വർണത്തിന് ഏകദേശം 40.2 ദശലക്ഷം മില്യൺ ഡോളര്‍ മൂല്യമുണ്ട്. ഇതുവരെ ഖനനം ചെയ്‌ത എല്ലാ സ്വർണത്തിൻ്റെയും മൊത്തം മൂല്യം പരിശോധിക്കുകയാണെങ്കിൽ 7.5 ട്രില്യൺ ഡോളറിലധികം വരും.
ഡബ്ല്യുജിസി പ്രകാരം സ്വർണം വാങ്ങുന്ന മികച്ച അഞ്ച് സെൻട്രൽ ബാങ്കുകളിൽ ആർബിഐയും ഉൾപ്പെടുന്നു. അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കനുസരിച്ച്, 2024 മെയ് 3 വരെയുള്ള കണക്കനുസരിച്ച് പരമാധികാര സ്വർണത്തിൻ്റെ കാര്യത്തിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്. അതേസമയം യുഎസ് പട്ടികയിൽ ഒന്നാമതാണ്. യുഎസിൻ്റെ സ്വർണശേഖരം 8,133.5 ടൺ ആണ്. മറുവശത്ത്, ഇന്ത്യയുടെ സ്വർണശേഖരം 827.69 ജർമനി, ഇറ്റലി, ഫ്രാൻസ്, റഷ്യ, ചൈന, സ്വിറ്റ്‌സർലൻഡ്, ജപ്പാൻ എന്നിവയാണ് സ്വർണശേഖരത്തിൻ്റെ കാര്യത്തിൽ ഇന്ത്യയെക്കാൾ മുന്നിലുള്ള മറ്റ് രാജ്യങ്ങൾ.