കേരളം

kerala

ETV Bharat / business

ഇന്ത്യന്‍ വനിതകളുടെ പ്രിയ നിക്ഷേപ മേഖലയായി റിയല്‍ എസ്റ്റേറ്റ് രംഗം ; വമ്പന്‍ വീടുകള്‍ വാങ്ങിക്കൂട്ടാന്‍ സ്‌ത്രീകള്‍ - women prefer Large Sized Homes

സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ട കൂടുതല്‍ സ്‌ത്രീകള്‍ വീടുകള്‍ സ്വന്തമാക്കാന്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നു. സ്‌ത്രീകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന വീടുകള്‍ക്ക് നികുതി കുറവാണെന്നതും സ്‌ത്രീകള്‍ക്ക് പ്രത്യേക ഭവന വായ്‌പ പദ്ധതികള്‍ ആവിഷ്കരിച്ചതും ഇതിന് കാരണമായി.

Real Estate  Women and real estate  ANAROCK Group  റിയല്‍ എസ്റ്റേറ്റ് രംഗം
Real Estate Is the Preferred Investment for Indian Women with Large-Sized Homes Being the First Choice

By ETV Bharat Kerala Team

Published : Mar 8, 2024, 5:08 PM IST

ഹൈദരാബാദ്‌ :സ്‌ത്രീകള്‍ സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ടതോടെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് അവര്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ തുടങ്ങിയിരിക്കുന്നു. വലിയ വീടുകള്‍ വാങ്ങിക്കുന്നതിലാണ് സ്‌ത്രീകള്‍ക്ക് താത്പര്യമെന്നും ഈ രംഗത്തുനിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയായ അനാറോക്ക്(ANAROCK) നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 57ശതമാനം സ്‌ത്രീകളും മൂന്ന് കിടപ്പുമുറികളും ഹാളും അടുക്കളയുമുള്ള വീട് വാങ്ങാനാണ് താത്‌പര്യം പ്രകടിപ്പിച്ചത്. 29ശതമാനത്തിന് രണ്ട് കിടപ്പുമുറികളും ഹാളും അടുക്കളയുമുള്ള വീടിനോടാണ് താത്‌പര്യം. ഒന്‍പത് ശതമാനം പേര്‍ നാല് കിടപ്പുമുറികളുള്ള വീടുകളോട് ആഭിമുഖ്യം പ്രകടിപ്പിച്ചു.

64ശതമാനം സ്‌ത്രീകളും നാല്‍പ്പത്തഞ്ച് ലക്ഷത്തിനും ഒന്നരക്കോടിക്കും ഇടയില്‍ വിലയുള്ള വീടുകളോട് താത്പര്യം കാട്ടി. 36ശതമാനം പേര്‍ 45 ലക്ഷത്തിനും 90 ലക്ഷത്തിനും ഇടയിലുള്ള വീടുകളോടാണ് താത്പര്യം കാട്ടിയത്. 28ശതമാനം സ്‌ത്രീകള്‍ക്ക് 90 ലക്ഷത്തിനും ഒന്നരക്കോടിക്കും ഇടയില്‍ വിലയുള്ള വസതികളോടാണ് ആഭിമുഖ്യം. 23ശതമാനം സ്‌ത്രീകള്‍ ഒന്നരക്കോടിക്ക് മുകളിലുള്ള ആഡംബര വസതികളോടാണ് താത്‌പര്യം കാട്ടിയത്.

20 ശതമാനം സ്‌ത്രീകള്‍ മാത്രമാണ് നാല്‍പ്പത്തഞ്ച് ലക്ഷത്തിന് താഴെ വിലയുള്ള വീടുകളോട് താത്പര്യം പ്രകടിപ്പിച്ചത്. നിര്‍മ്മാണം പൂര്‍ത്തിയായതോ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകാന്‍ സാധ്യതയുള്ളതോ ആയ വീടുകളോടാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം സ്‌ത്രീകളും ആഭിമുഖ്യം കാട്ടിയത്. വനിതകളുടെ പേരില്‍ വീടുകള്‍ രജിസ്റ്റര്‍ ചെയ്‌താല്‍ നികുതി ഇനത്തില്‍ വന്‍ ഇളവുകള്‍ ലഭിക്കുന്നതും സ്‌ത്രീകള്‍ക്കുള്ള പ്രത്യേക ഭവനവായ്‌പ പദ്ധതികളും റിയല്‍ എസ്റ്റേറ്റ് രംഗത്ത് സ്‌ത്രീകള്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ കാരണമാകുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു.

സ്‌ത്രീകള്‍ ഇപ്പോള്‍ വീട് വാങ്ങുന്നതില്‍ കേവലം സ്വാധീന ശക്തികള്‍ എന്ന നിലയില്‍ നിന്ന് മാറിയിരിക്കുന്നുവെന്ന് അനാറോക്ക് വൈസ് ചെയര്‍മാന്‍ സന്തോഷ് കൂമാര്‍ പറയുന്നു. ഇക്കാര്യത്തില്‍ സ്വന്തമായി തീരുമാനമെടുക്കുന്നവരായി അവര്‍ മാറിയിരിക്കുന്നു. സ്വയം താമസിക്കാനോ അല്ലെങ്കില്‍ നിക്ഷേപം എന്ന നിലയിലോ ആണ് വീടുകള്‍ സ്വന്തമാക്കുന്നത്. 78ശതമാനം സ്‌ത്രീകളും സ്വന്തമായി ഉപയോഗിക്കാന്‍ വേണ്ടിയാണ് വീടുകള്‍ വാങ്ങുന്നത്. എന്നാല്‍ 22 ശതമാനം പേര്‍ നിക്ഷേപം എന്ന നിലയിലാണ് വീടുകള്‍ വാങ്ങിക്കുന്നത്. 2021ല്‍ ഇത് 74:26 എന്ന തോതിലായിരുന്നു.

വീടുകളെ മികച്ചൊരു നിക്ഷേപം എന്ന നിലയിലാണ് സര്‍വേയില്‍ പങ്കെടുത്ത 61ശതമാനം സ്‌ത്രീകളും വിലയിരുത്തുന്നത്. അതേസമയം പതിനാറ് ശതമാനം സ്‌ത്രീകള്‍ ഓഹരിവിപണിയിലും പതിനാല് ശതമാനം സ്‌ത്രീകള്‍ സ്വര്‍ണത്തിലും നിക്ഷേപിക്കുന്നതിലാണ് താത്‌പര്യം കാട്ടിയത്. 5,510 പേര്‍ പങ്കെടുത്ത സര്‍വേയില്‍ അന്‍പത് ശതമാനം സ്‌ത്രീകളായിരുന്നു.

വനിതാശാക്തീകരണം രാജ്യത്ത് മുഖ്യ വിഷയമായി മാറിയിരിക്കുകയാണ്. വനിതകളുടെ ഉദ്ധാരണത്തിനായി സര്‍ക്കാര്‍ പല പദ്ധതികളും ആവിഷ്കരിക്കുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വനിതാസംവരണം. 2023ല്‍ പാര്‍ലമെന്‍റില്‍ വനിതാസംവരണ ബില്‍ പാസാക്കി.

Also Read: വീടില്ലാതെ ഒരു 'പത്മശ്രീ' ജേതാവ്; വാജ്‌പേയിയെ അനുഗ്രഹിച്ച ചിന്നപ്പിള്ളയ്ക്ക് തലചായ്ക്കാൻ ഇടമില്ല

സ്‌ത്രീകള്‍ക്ക് വീടിന്‍റെ അവകാശം നല്‍കാനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഭവന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. നഗരങ്ങളില്‍ ധാരാളം സ്‌ത്രീകള്‍ സ്വന്തമായി വീട് വാങ്ങാനായി എത്തുന്നുണ്ട്. സുരക്ഷയും സ്വാതന്ത്ര്യവും കാംക്ഷിച്ചാണ് മിക്ക സ്‌ത്രീകളും സ്വന്തമായി വീട് വാങ്ങുന്നത്. വിവാഹമോചനം നേടിയതോ അവിവാഹിതകളായതോ ആയ സ്‌ത്രീകളും പലപ്പോഴും തനിച്ചാണ് കഴിയുന്നത് എന്നതും ഇവരെ സ്വന്തമായി വീട് വാങ്ങുന്നതിന് പ്രേരിപ്പിക്കുന്നു.

ABOUT THE AUTHOR

...view details