ന്യൂഡെൽഹി: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഫോൺപേ ആപ്പ് ഉപയോക്താക്കൾക്ക് യുഎഇയുടെ നിയോപേ ടെർമിനലുകള്‍ ഉപയോഗിച്ച് യുപിഐ പേയ്‌മെന്‍റുകള്‍ നടത്താമെന്ന് വാൾമാർട്ട് ഗ്രൂപ്പ് ഡിജിറ്റൽ പേയ്‌മെന്‍റ് വിഭാഗം അറിയിച്ചു. കറൻസി വിനിമയ നിരക്കനുസരിച്ചുള്ള ഇന്ത്യൻ രൂപയിലാകും പണം ഡെബിറ്റ് ആവുക. റീട്ടെയിൽ സ്‌റ്റോറുകൾ, ഡൈനിങ്ങ് ഔട്ട്‌ലെറ്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവയിലെല്ലാം നിയോപേ ടെർമിനലുകൾ ലഭ്യമാണ്.
'ഈ പങ്കാളിത്തത്തോടെ, ഉപഭോക്താക്കൾക്ക് യുപിഐ വഴി സൗകര്യപ്രദമായ ഇടപാടുകള്‍ നടത്താം. ഡിജിറ്റൽ പേയ്‌മെന്‍റുകൾ സുഗമമാക്കുന്നത് വഴി യാത്രക്കാരുടെ ആവശ്യങ്ങൾ എളുപ്പത്തില്‍ നിറവേറ്റാനാകും.'- ഫോണ്‍പേ സിഇഒ റിതേഷ് പൈ പറഞ്ഞു.
'ഇന്ത്യൻ വിനോദ സഞ്ചാരികൾക്കും യുഎഇയിലെ സന്ദർശകർക്കുമായി മറ്റൊരു പുതിയ പേയ്‌മെന്‍റ് സൊല്യൂഷൻ വാഗ്‌ദാനം ചെയ്യുന്നതിന് ഫോണ്‍പേയുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ഉറപ്പിക്കാൻ സഹായിക്കുന്നു.'- നിയോപേയുടെ സിഇഒ വിഭോർ മുന്ദദ പറഞ്ഞു.
ഈ സൗകര്യം നിലവില്‍ വരുന്നതോടെ യുഎഇ മൊബൈൽ നമ്പറുകളുള്ള എൻആർഐകൾക്ക് ഫോണ്‍പേ ആപ്പ് ഡൗൺലോഡ് ചെയ്യാനും അവരുടെ നിലവിലുള്ള എന്‍ആര്‍ഇ അക്കൗണ്ട് ലിങ്ക് ചെയ്യാനും കഴിയും. ഇത് വിദേശ വരുമാനം ഇന്ത്യൻ കറൻസിയിൽ ഇന്ത്യയിലേക്ക് അയക്കാന്‍ സഹായിക്കും. യാത്രകളും മറ്റ് പ്രാദേശിക ഇടപാടുകളും സുഗമമാക്കുന്നതിന് പുറമെ, ഇൻവേർഡ് റെമിറ്റൻസ് സേവനങ്ങളും അവതരിപ്പിക്കുമെന്ന് ഫോണ്‍പേ അറിയിച്ചു. പണം കൈമാറ്റം ചെയ്യുന്ന പ്രക്രിയ ഇതിലൂടെ ലളിതമാക്കുമെന്നും ഫോണ്‍പേ പ്രസ്‌താവനയില്‍ പറഞ്ഞു.
Also Read :ലക്ഷദ്വീപിലേക്ക് എളുപ്പത്തിലെത്താം; പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ച് ഇൻഡിഗോ