തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 7,090 രൂപയായി. പവന് 120 രൂപ കുറഞ്ഞ് 56,720 രൂപയുമായി. രണ്ട് ദിവസത്തിനിടെ പവന്‍റെ വിലയില്‍ 1,760 രൂപയുടെ ഇടിവാണുണ്ടായത്.
അന്താരാഷ്‌ട്ര വിലയിലെ മാറ്റങ്ങളാണ് കേരളത്തിലും വില കുറയാന്‍ കാരണം. ഇന്നലെ ഔണ്‍സിന് 2,635.51 ഡോളറില്‍ വ്യാപാരം അവസാനിപ്പിച്ച സ്വര്‍ണം ഇന്ന് 2,630 ഡോളറിലേക്ക് താഴ്ന്നു.
വില കുറയാന്‍ കാരണമെന്ത്?
യുഎസിലെ മൂന്നാം പാദ ജിഡിപി 2.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. രണ്ടാം പാദ വളര്‍ച്ച മൂന്ന് ശതമാനമായിരുന്നു. ഒക്‌ടോബറിലെ പേഴ്‌സണല്‍ കണ്‍സംപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ സൂചിക 2.3 ശതമാനമാണ്. സെപ്റ്റംബറിലേതിനേക്കാള്‍ 0.2 ശതമാനം അധികമാണിത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അടുത്ത ആഴ്‌ച നടക്കുന്ന ഫെഡ് കമ്മിറ്റിയില്‍ പലിശ നിരക്കുകള്‍ ഉടന്‍ കുറച്ചേക്കില്ലെന്ന നിഗമനങ്ങള്‍ യുഎസിലെ 10 വര്‍ഷ കടപ്പത്രങ്ങളുടെ നേട്ടം ഉയര്‍ത്തിയിട്ടുണ്ട്. കടപത്ര വില ഉയരുന്നത് നിക്ഷേപകരെ സ്വര്‍ണത്തില്‍ നിന്ന് പണം ഇതിലേക്ക് നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കും. ഇത് സ്വര്‍ണ വിലയില്‍ ഇടിവുണ്ടാക്കും.
ഇസ്രായേലും ലബനനിലെ ഹിസ്ബുള്ളയും തമ്മിലുള്ള വെടി നിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലായതോടെ യുദ്ധത്തിന് താത്കാലിക വിരാമമായതും സ്വര്‍ണ വിലയെ താഴ്ത്തുന്ന ഘടകമാണ്. യുദ്ധം പോലുള്ള അനിശ്ചിതത്വങ്ങളില്‍ ആളുകള്‍ കൂടുതലായി സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് വില ഉയരാന്‍ കാരണമാകും. അനിശ്ചിതാവസ്ഥ നീങ്ങുമ്പോള്‍ നിക്ഷേപകര്‍ മറ്റ് മേഖലകളിലേക്ക് നിക്ഷേപം മാറ്റും. ഇതും വിലയിടിയാന്‍ കാരണമാകും.
Also Read: കൊടുവള്ളിയിൽ വന്‍ കവർച്ച; സ്വർണ്ണ വ്യാപാരിയെ കാറിടിച്ചു വീഴ്‌ത്തി 2 കിലോ സ്വർണം കടത്തി