കണ്ണൂരിലെ കൈത്തറി പ്രതിസന്ധിയില്‍ കണ്ണൂർ :നമ്മുടെ സംസ്‌കാരത്തിൻ്റെ ഭാഗമാണ് കൈത്തറി വസ്ത്രങ്ങൾ. ഊടും പാവും കണ്ണിമ തെറ്റാതെ ഓരോ നൂലിഴകളും കോർത്തിണക്കി തയ്യാറാക്കുന്ന വസ്ത്രങ്ങൾ. കൃത്യതയും അധ്വാനവും ഒരുപോലെ വേണ്ട തൊഴില്‍.
ഇന്ന് അന്ത്യശ്വാസം വലിക്കുകയാണ് കൈത്തറി വ്യവസായം. ഇത് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് തറികളില്‍ തൊഴിലെടുത്തിരുന്ന സ്ത്രീകളെയാണ്. ഒരു കാലത്ത് കൈത്തറി മേഖലയിൽ പണി ചെയ്‌ത് കുടുംബം പോറ്റിയിരുന്ന സ്ത്രീകൾ ഈ മേഖലയെ പൂർണമായും ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്. രാവിലെ മുതൽ വൈകിട്ട് വരെ തറിയിൽ പണിയെടുത്താൽ പരിചയസമ്പന്നയായ ഒരു സ്ത്രീ തൊഴിലാളിക്ക് ലഭിക്കുന്നത് പരമാവധി 350 രൂപയാണ്. തുടക്കക്കാർക്ക് 200 രൂപയും. അത് കൊണ്ട് തന്നെ പുതിയ സ്ത്രീകളാരും ഈ മേഖലയിലേക്ക് കടന്ന് വരുന്നില്ല.
ഗുണമേന്മ കൂടുതൽ ഉണ്ടങ്കിലും കൈത്തറി വസ്ത്രങ്ങൾക്ക് വില അധികമാണ്. അതിനാൽ ആളുകൾ കൈത്തറി വസ്ത്രങ്ങളോട് മുഖം തിരിക്കുകയാണ്. ഇതോടെ ജോലിയും കുറഞ്ഞു. 400 പേർ പണിയെടുത്തിരുന്ന തറികളിൽ ഇപ്പോൾ ഉള്ളത് 30 പേർ മാത്രം. മുന്നൂറ് രൂപയ്ക്ക് എങ്ങനെ കുടുംബം പുലർത്തും എന്ന് സ്ത്രീ തൊഴിലാളികൾ ചോദിക്കുന്നു.
യൂണിഫോം തുണിത്തരങ്ങൾ ആണ് സാമ്പത്തികമായി ആകെ ഉണ്ടായിരുന്ന ആശ്രയം. അതിന്‍റെ പണവും മുടങ്ങിയതോടെ തൊഴിലാളികൾ തീര്‍ത്തും ദുരിതത്തിലായി. സ്‌കൂൾ യൂണിഫോമുകൾക്ക് കൈത്തറി വസ്ത്രങ്ങൾ ഉപയോഗിക്കാൻ സർക്കാർ നിർദേശം വന്നപ്പോൾ ചെറിയ ഉണർവ് മേഖലയ്ക്ക് വന്നിരുന്നു. എന്നാൽ ഓരോ സംഘത്തിനും സർക്കാർ നൽകാനുള്ളത് 10 ലക്ഷം രൂപയാണ്. റിബേറ്റ് വകയിൽ 12 ലക്ഷവും.
ഹാൻഡക്‌സിൽ നിന്ന് ലഭിക്കാനുള്ളത് 12 ലക്ഷം. ഉത്പാദന ബോണസ് ലഭിച്ചിട്ട് 6 വർഷമായി. അത്രമേൽ സൂക്ഷ്‌മതയും അധ്വാനവും വേണ്ട ഈ മേഖലയിൽ പുതിയ സ്ത്രീകൾ കടന്ന് വരാത്തതിന് സർക്കാര്‍ അവഗണന കാരണമാകുന്നു എന്നാണ് ആക്ഷേപം. ജോലിയിൽ നിന്ന് വിരമിച്ച സ്ത്രീകളാണ് ഇപ്പോഴും അവശ്യ സമയത്ത് പണിയെടുക്കുന്നത്. ഇവർ കൂടി ഇല്ലാതാകുന്നതോടെ തറികളുടെ ശബ്‌ദം നിലയ്ക്കും, ഒപ്പം ഒരു പാരമ്പര്യവും.