ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ തൊഴിൽ മേഖലയ്ക്കായി നിരവധി പ്രഖ്യാപനങ്ങൾ. ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ആദ്യ മാസം ഇരട്ടി ശമ്പളം നൽകുന്നത് അടക്കം ആകർഷകമായ പല പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. പ്രധാനമന്ത്രിയുടെ തൊഴിൽ നൈപുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാകും ആദ്യ മാസം ഇരട്ടി ശമ്പളം നൽകുക എന്ന് ധനമന്ത്രി നിർമ്മല സീതാരാമന്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ തൊഴിൽ, നൈപുണ്യ സംരംഭങ്ങൾക്കായുള്ള പാക്കേജിൻ്റെ ഭാഗമായുള്ള എംപ്ലോയ്‌മെൻ്റ് ലിങ്ക്ഡ് ഇൻസെൻ്റീവിന്‍റെ കീഴില്‍ മൂന്ന് പദ്ധതികൾ അവർ പ്രഖ്യാപിച്ചു. ഇതില്‍ ആദ്യത്തേതിലാണ് ആദ്യ മാസം ഇരട്ടി ശമ്പളം നൽകുന്ന പദ്ധതിയുള്ളത്. മാസം 1 ലക്ഷം വരെ ശമ്പള പരിധിയുള്ളവരെ ലക്ഷ്യമിട്ടാണ് പദ്ധതി. എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെങ്കിൽ അവരുടെ ഒരു മാസത്തെ ശമ്പളത്തില്‍ 15,000 രൂപ വരെ മൂന്ന് തവണകളായി ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യും. ഈ പദ്ധതി 210 ലക്ഷം യുവാക്കൾക്ക് പ്രയോജനം ചെയ്യും.