ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് വാരിക്കോരി നല്‍കി മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. സംസ്ഥാനത്ത് കാര്‍ഷിക, വ്യവസായ, വ്യോമയാന മേഖലകളില്‍ നിരവധിയായ പദ്ധതികളാണ് ധനമന്ത്രി നിര്‍മല സീതാരമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മഖാന (താമര വിത്ത്) കൃഷി ചെയ്യുന്ന കർഷകരെ സഹായിക്കുന്നതിനായി സംസ്ഥാനത്ത് 'മഖാന ബോർഡ്' രൂപീകരിക്കും. കേന്ദ്രത്തിന്‍റെ വിവിധ പദ്ധതികളിൽ നിന്ന് മഖാന കർഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ ഈ ബോർഡ് സഹായിക്കും. വടക്കൻ ബിഹാറിലെ കർഷകരെ ഈ നീക്കം സഹായിക്കുമെന്ന് നിര്‍മല സീതാരാമൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വ്യോമയാന രംഗത്തെ മുന്നേറ്റത്തിന്‍റെ ഭാഗമായി ബീഹാറിൽ പുതിയ ഗ്രീന്‍ഫ്രീല്‍ഡ് എയര്‍പോര്‍ട്ട് നിര്‍മ്മിക്കും. ബിഹ്ടയില്‍ ബ്രൗണ്‍ഫീല്‍ഡ് വിമാനത്താവളവും പട്‌ന വിമാനത്താവളത്തിന്‍റെ വികസനവും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. മിഥിലാഞ്ചൽ മേഖലയിൽ ഒരു കനാൽ പദ്ധതിയും കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ മേഖലയിൽ, പട്‌നയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ശേഷി വർധിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഐഐടിക്ക് പുതിയ ഹോസ്റ്റലും പദ്ധതിയിലുണ്ട്. കൂടാതെ ബിഹാറിനെ ഫുഡ് ഹബാക്കി മാറ്റുമെന്നും സംസ്ഥാനത്ത് പുതിയ ഭക്ഷ്യസംസ്‌കരണ കേന്ദ്രം തുടങ്ങുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാതിരുന്ന ബിജെപിയെ സംബന്ധിച്ച് പ്രധാന സഖ്യകക്ഷിയാണ് നിതീഷ് കുമാറിന്‍റെ ജെഡിയു. രാഷ്‌ട്രീയ ഭിന്നതകൾക്കിടയിലൂടെ നിരവധി തിരിച്ചടികൾ നേരിട്ടെങ്കിലും മുഖ്യമന്ത്രി കസേരയിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞ നിതീഷ് കുമാറിനെ സംബന്ധിച്ച് ഏറെ പ്രധാന്യമാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കുള്ളത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 12 സീറ്റുകളായിരുന്നു ജെഡിയു നേടിയത്.
മേക്ക് ഇൻ ഇന്ത്യ കൂടുതല്‍ ഉയരങ്ങളിലേക്ക്; വികസിത ഭാരതം മുന്നോട്ട്, ബജറ്റില്‍ വൻ പ്രഖ്യാപനവുമായി ധനമന്ത്രി
ഇക്കുറിയും സംസ്ഥാനത്ത് ഭരണം തുടരാനാണ് നിതീഷ് ലക്ഷ്യം വയ്‌ക്കുന്നത്. എന്നാല്‍ ബജറ്റില്‍ ബിഹാറിന് നല്‍കിയ അമിത പ്രാധാന്യത്തെ പ്രതിപക്ഷം പരിഹസിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ബിഹാറിനുള്ള കേന്ദ്രത്തിന്‍റെ പ്രോത്സാഹനം സ്വാഭാവികമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു