ന്യൂഡൽഹി:ബാങ്ക് നിക്ഷേപങ്ങളുടെയും ലോക്കറുകളുടെയും നോമിനികളുടെ എണ്ണം നാലായി വർധിപ്പിച്ചു കൊണ്ടുള്ള ബാങ്കിങ് ഭേദഗതി ബിൽ 2024 പാർലമെൻറിൽ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഓരോ ബാങ്ക് അക്കൗണ്ടിനും അനുവദിക്കുന്ന നോമിനികളുടെ എണ്ണം ഒന്നിൽ നിന്ന് നാലായി വർധിപ്പിക്കുക, ഓഡിറ്റർമാരുടെ വേതനം തീരുമാനിക്കുന്നതിൽ ബാങ്കുകൾക്ക് കൂടുതൽ അധികാരം നൽകുക, റെഗുലേറ്ററി റിപ്പോർട്ടിംഗ് തീയതികൾ ഓരോ മാസവും 15 -ാം തിയതിയും അവസാന തിയതിയുമാക്കി പരിഷ്‌കരിക്കുക എന്നിവയാണ് ബില്ലിലെ പ്രധാന വ്യവസ്ഥകൾ.
ബാങ്കിങ്ങുമായി ബന്ധപ്പെട്ട 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റ്, 1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്റ്റ്, 1955-ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആക്റ്റ്, 1970 ലേയും 1980- ലേയും ബാങ്കിംഗ് കമ്പനിസ് ആക്റ്റ് തുടങ്ങിയ നിരവധി നിയമങ്ങളാണ് ഭേദഗതി ചെയ്യാൻ ഒരുങ്ങുന്നത്. ബാങ്ക് ഭരണം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപകരുടെ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമുള്ള വിപുലമായ ശ്രമത്തിൻ്റെ ഭാഗമാണ് നിലവിലെ നിയമങ്ങൾ ഭേദഗതി ചെയ്യാൻ നിർദേശിക്കുന്നതെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി.