കോഴിക്കോട് : മാവൂർ കൃഷിയിടത്തിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ വ്യാപക കൃഷിനാശം. കർഷകർക്ക് വലിയ സാമ്പത്തിക നഷ്‌ടം. ഏതാനും ദിവസങ്ങൾക്കിടയിലാണ് മാവൂർ പാടത്തെ കർഷകരുടെ നിലനിൽപ്പ് തന്നെ ഇല്ലാതാവുന്ന വിധത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമായത്.
നെല്ലും വാഴയും മരച്ചീനിയും മറ്റ് കാർഷിക വിളകളുമെല്ലാം കാട്ടുപന്നികളുടെ ആക്രമണത്തിൽ നശിച്ചിട്ടുണ്ട്. മുൻകാലങ്ങളിലും കാട്ടുപന്നി ആക്രമണം ഉണ്ടായിരുന്നെങ്കിലും നെൽകർഷകർക്ക് വലിയ നഷ്‌ടങ്ങൾ ഒന്നും സംഭവിച്ചിരുന്നില്ല. ഇത്തവണ നെൽകൃഷിക്ക് നേരെയാണ് ഏറെയും കാട്ടുപന്നികളുടെ ആക്രമണം ബാധിച്ചത്.
കൊയ്തെടുക്കാൻ ഒരു മാസം മാത്രം ബാക്കിയുള്ള നെൽകൃഷിയാണ് പന്നിക്കൂട്ടങ്ങൾ നശിപ്പിച്ചതിൽ ഏറെയും. വലിയ നഷ്‌ടമാണ് മിക്ക കർഷകർക്കും നെൽകൃഷി നശിപ്പിക്കപ്പെട്ടതിലൂടെ ഉണ്ടായത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വാഴത്തോട്ടങ്ങളിൽ ഇറങ്ങിയ കാട്ടുപന്നികൾ ഏതാനും മാസങ്ങൾക്ക് മുമ്പുവച്ച വാഴക്കന്നുകളാണ് കുത്തി മറിച്ചിട്ടത്. ഇതിനുപുറമേ വിഷുവിപണി പ്രതീക്ഷിച്ച് കൃഷിയിറക്കിയ വാഴകളും നശിപ്പിച്ചിട്ടുണ്ട്. ഓരോ കൃഷിയിടങ്ങളിലും ഇറങ്ങിയ കാട്ടുപന്നിക്കൂട്ടങ്ങൾ കാർഷിക വിളകളുടെ മുരട് അടക്കം കുത്തി മറിച്ചു.
കാട്ടുപന്നി ശല്യം രൂക്ഷമായതോടെ എത്രയും പെട്ടെന്ന് കാട്ടുപന്നികളെ തുരത്താൻ നടപടി എടുക്കണമെന്നാണ് കർഷകരുടെ ആവശ്യം. അതേസമയം കൃഷിനാശം വ്യാപകമായതോടെ ഇനി എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് മാവൂർ പാടത്തെ ഓരോ കർഷകരും.
Also Read : വന്യമൃഗ ശല്യവും വിലക്കുറവും; കൃഷി ഉപേക്ഷിക്കാനൊരുങ്ങി മലപ്പുറത്തെ കർഷകർ