ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ഒരു തവണയെങ്കിലും അനുഭവിക്കാത്തവർ ഉണ്ടാകില്ല. ഗ്യാസ്ട്രബിൾ, ഗ്യാസ് നിറഞ്ഞ വയറു വീർക്കുക, അസിഡിറ്റി, മലബന്ധം എന്നിവയെല്ലാം ദഹന പ്രശ്‌നം മൂലം ഉണ്ടാക്കുന്നവയാണ്. എന്തെങ്കിലും കഴിച്ചാലോ ഇനി ഒന്നും കഴിച്ചില്ലെങ്കിലും ഗ്യാസ് വയറ്റിനുള്ളിൽ അസ്വസ്ഥതയുണ്ടാക്കും. എന്നാൽ കൃത്യ സമയത്ത് ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് വയറ്റിൽ ഗ്യാസ് ഉണ്ടാകാതിരിക്കാൻ സഹായിക്കും. ഇഞ്ചി, ജീരകം, പെരുംജീരകം എന്നിവ കഴിക്കുന്നതും ഈ പ്രശ്‍നം പരിഹരിക്കാൻ ഗുണം ചെയ്യും. ഇതിനുപുറമെ ഗ്യാസ് പ്രശ്‍നം പരിഹരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാമെന്ന് നോക്കാം.
നന്നായി ചവച്ചരച്ച് കഴിക്കാം
ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുന്നത് ഗ്യാസ് പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും കുറച്ച് ഭക്ഷണം കഴിക്കുമ്പോൾ തന്നെ വയർ നിറഞ്ഞതായുള്ള പ്രതീതി ഉണ്ടാക്കാനും ഇത് സഹായകരമാണ്. മാത്രമല്ല ഭക്ഷണം നല്ലപോലെ ചവച്ച് കഴിക്കുമ്പോൾ അമിലോസ് എന്ന രസം ഉമിനീർ വഴി ഭക്ഷണത്തിൽ കലരുകയും ഇത് വയറ്റിൽ എത്തുന്നതിന് മുൻപേ ദഹനപ്രക്രിയ ആരംഭിക്കുകയും ചെയ്യും.
വെള്ളം കുടിക്കുക
വയറ്റിൽ ഗ്യാസ് കെട്ടാതിരിക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്. ഇത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ് കെട്ടുന്നത് തടയാനും സഹായിക്കും. എന്നാൽ വെള്ളം കുടിക്കുമ്പോൾ ചില കര്യങ്ങൾ കൂടി ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുമ്പോൾ തന്നെ കൂടുതൽ അളവിൽ വെള്ളം കുടിക്കുന്നത് ദഹന രസങ്ങൾ നേർപ്പിക്കാൻ കാരണമാകുകയും ഭക്ഷണം വിഘടിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും. അതിനാൽ ഭക്ഷണത്തിന് അര മണിക്കൂർ മുൻപോ അര മണിക്കൂർ ശേഷമോ വെള്ളം കുടിക്കാം.
വേവിച്ച ഭക്ഷണം കഴിക്കുക
ചിലപ്പോൾ ചില പച്ചക്കറികളും ധാന്യങ്ങളും നമ്മൾ വേവിക്കാതെ പച്ചയ്ക്ക് തന്നെ കഴിക്കാറുണ്ട്. ഇങ്ങനെ കഴിക്കുന്നത് ദഹിക്കാൻ പ്രയാസമുണ്ടാക്കും. ഇതിലെ നാരുകൾ ദഹിക്കാനായി കൂടുതൽ സമയം ആവശ്യമായി വേണ്ടി വരും. അതിനാൽ പച്ചക്കറികൾ പാകം ചെയ്‌ത കഴിക്കുന്നതാണ് നല്ലത്. ഇത് ഗ്യാസ് പ്രശ്‍നം ഇല്ലാതാക്കാൻ സഹായിക്കും.
ഭക്ഷണത്തിന് ശേഷം നടത്തമാകാം
ഭക്ഷണം കഴിച്ച ശേഷം അരമണിക്കൂർ നടക്കുന്നത് നല്ലതാണ്. ഇത് ദഹനത്തെ സഹായിക്കുകയും ദഹന പ്രശ്‌നങ്ങൾ തടയാനും ഗുണം ചെയ്യും. ഭക്ഷണം കഴിച്ച ശേഷം ഉറങ്ങുന്ന ശീലം ഒഴിവാക്കുക. ദഹനപ്രക്രിയ മന്ദഗതിയിലാക്കാനും ഊർജ്ജം നഷ്‌ടപ്പെടാനും ഇത് കാരണമാകും. അതിനാൽ ഭക്ഷണ ശേഷം നടത്തം ശീലമാക്കാം.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്‌ടറുടെ നിർദേശം തേടേണ്ടതാണ്.