ന്യൂഡല്‍ഹി: വരും ദിവസങ്ങളിൽ സ്വർണത്തിന്‍റെയും വെള്ളിയുടെയും വിലയിൽ ഇടിവുണ്ടാകുമെന്ന് വിദഗ്‌ധര്‍. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തലിന് സാധ്യതയുണ്ടെന്ന വാർത്തകൾക്ക് പിന്നാലെയാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടാകുമെന്നത് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയില്‍ ട്രംപിന്‍റെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതും അന്താരാഷ്‌ട്ര തലത്തില്‍ സ്വര്‍ണം വെള്ളി വിലയെ സ്വാധീനിക്കും. അമേരിക്കൻ സര്‍ക്കാരിന്‍റെ പുതിയ നയങ്ങളും സ്വര്‍ണ വിലയെ ബാധിക്കും.
ഇന്ത്യൻ വിപണിയിൽ സ്വർണത്തിന്‍റെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് ഏകദേശം 6.5% ഇടിവ് നേരത്തെ രേഖപ്പെടുത്തിയിരുന്നു, വെള്ളിയുടെ വില 13% കുറഞ്ഞു. ഡിസംബറോടെ സ്വർണത്തിന്‍റെയും വെള്ളിയുടെയും വിലയില്‍ കൂടുതൽ വ്യക്തത വരുമെന്നും വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു.
വരും ദിവസങ്ങളില്‍ സ്വര്‍ണ വില കുറയാൻ സാധ്യതയുണ്ടെന്ന് ഇടിവി ഭാരത് എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസിന്‍റെ കറൻസി ആൻഡ് കമ്മോഡിറ്റീസ് മേധാവി അനൂജ് ഗുപ്‌ത വ്യക്തമാക്കി. എംസിഎക്‌സിൽ (മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍) 79,535 എന്ന ഉയർന്ന നിരക്കിൽ നിന്ന് നിലവിൽ 10 ഗ്രാം സ്വർണത്തിന്‍റെ വില 75,041 രൂപയാണെന്ന് അദ്ദേഹം പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള വെടിനിർത്തലിന് സാധ്യതയുള്ള വാർത്തകൾക്കൊപ്പം ആഗോളതലത്തിലെ പ്രശ്‌നങ്ങളും സ്വര്‍ണം, വെള്ളി വില കുറയുന്നതിലേക്ക് നയിക്കുമെന്ന് അനൂജ് ഗുപ്‌ത ചൂണ്ടിക്കാട്ടുന്നു. ഡോളർ സൂചിക അതിന്‍റെ ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും, പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതോടെ യുഎസ് നയങ്ങളിൽ മാറ്റം വരുന്നതിനാലും നിക്ഷേപകർ ലോഹങ്ങളേക്കാൾ കൂടുതലായി ഡോളറിനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹ്രസ്വകാലത്തേക്ക് 10 ഗ്രാമിന്‍റെ സ്വർണ വില 74,600 എന്ന നിലയിലെത്തും, എന്നാല്‍ വരും ദിവസങ്ങളില്‍ 73,900 ആയി കുറയാനും സാധ്യതയുണ്ടെന്നും ഗുപ്‌ത പറഞ്ഞു. വെള്ളിയെ സംബന്ധിച്ചിടത്തോളം, എംസിഎക്‌സിൽ നിലവിൽ ഒരു കിലോയ്ക്ക് 87,774 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വരും ദിവസങ്ങളില്‍ വെള്ളി വില 86,700 ആയി കുറഞ്ഞേക്കാം, അതിനുശേഷം വെള്ളി വില 82,900 ആയി കത്തനെ കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, ട്രംപിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വിപണിയില്‍ സ്ഥിരതയില്ലാത്തതിനാല്‍ സ്വർണ വിലയിലെ ചാഞ്ചാട്ടം രണ്ടാഴ്‌ച കൂടി തുടരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ (IBJA) ഇടിവി ഭാരതിനോട് പറഞ്ഞു. ഐബിജെഎയുടെ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്തയുടെ അഭിപ്രായത്തിൽ, യുഎസിലെ കടബാധ്യത-ജിഡിപി അനുപാതം 125%-ലധികമാണ്, ഇത് ഇനിയും ഉയരും. ഓരോ അമേരിക്കൻ പൗരനും ഏകദേശം 108,000 ഡോളർ കടബാധ്യതയുണ്ട്.
യുഎസിലെ വരവ്-ചെലവ് അനുപാതം നിലവില്‍ പൊരുത്തപ്പെട്ട് പോകുന്നില്ല, കൂടാതെ മൊത്തം ദേശീയ കടം $36 ട്രില്യണിലും കൂടുതലാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് യുഎസിനെ സംബന്ധിച്ചിടത്തോളം ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുകയും ചെയ്യും. സ്വര്‍ണ വിലയെ ഇത് സാരമായി ബാധിക്കും. അതേസമയം, ആഗോള ഡിമാൻഡ്, രാജ്യത്തുടനീളമുള്ള കറൻസി മൂല്യങ്ങളിലെ മാറ്റങ്ങൾ, നിലവിലെ പലിശനിരക്ക്, സ്വർണ വ്യാപാരത്തിലെ സർക്കാർ നിയന്ത്രണങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ ഘടകങ്ങളാണ് സ്വർണത്തിന്‍റെയും വെള്ളിയുടെയും വിലയിലെ ഏറ്റക്കുറച്ചിലുകളെ സ്വാധീനിക്കുന്നതെന്ന് വിദഗ്‌ധര്‍ പറയുന്നു.