ന്യൂഡൽഹി : ആസ്‌തി വികസനത്തില്‍ പരസ്‌പരം മത്സരിച്ചിരുന്ന ശതകോടീശ്വരന്മാരായ അംബാനിയും അദാനിയും ആദ്യമായി ബിസിനസില്‍ ഒന്നിക്കുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഗൗതം അദാനിയുടെ മധ്യപ്രദേശ് പവർ പ്രോജക്റ്റിന്‍റെ 26 ശതമാനം ഓഹരികൾ ഏറ്റെടുക്കുകയും പ്ലാന്‍റുകളുടെ 500 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കാനുള്ള കരാറിൽ ഒപ്പുവെക്കുകയും ചെയ്‌തു
അദാനി പവർ ലിമിറ്റഡിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള മഹാൻ എനർജൻ ലിമിറ്റഡിന്‍റെ 5 കോടി ഇക്വിറ്റി ഷെയറുകൾ റിലയൻസ് ഏറ്റെടുക്കും. ക്യാപ്റ്റീവ് ഉപയോഗത്തിനായി 500 മെഗാവാട്ട് ഉൽപാദന ശേഷി ഉപയോഗിക്കുമെന്ന് ഇരു സ്ഥാപനങ്ങളും അറിയിച്ചു. ഗുജറാത്തുകാരായ ഇരു വ്യവസായികളും ഏഷ്യയുടെ സമ്പന്ന പട്ടികയിലെ ഉയർന്ന സ്ഥാനം തുടരാന്‍ വർഷങ്ങളായി പരസ്‌പരം മത്സരിക്കുകയാണ്.
എണ്ണ, വാതകം റീട്ടെയ്‌ല്‍ ടെലികോം വ്യവസായങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അംബാനിയും തുറമുഖം, വിമാനത്താവളം, കൽക്കരി, ഖനനം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധയൂന്നിയ അദാനിയും ക്ലീൻ എനർജി ബിസിനസിൽ ഒഴികെ ഒരേ പാതയില്‍ സഞ്ചരിക്കുന്നത് വിരളമായാണ്.