ഇടുക്കി: വര്‍ഷങ്ങള്‍ക്ക് ശേഷം കാപ്പിക്കുരു വില റെക്കോർഡില്‍. റോബസ്‌റ്റ പരിപ്പിന് കിലോ 400 രൂപയും തൊണ്ടോടുകൂടിയതിന് 240 രൂപയുമാണ് വില. രണ്ട് വര്‍ഷത്തിനിടെ കാപ്പിപ്പരിപ്പിന് വില ഇരട്ടിയിലധികം വര്‍ധിച്ചു. 2022ല്‍ 200 രൂപയില്‍ താഴെയായിരുന്നു. നിലവില്‍ തോട്ടങ്ങളിലും പുരയിടങ്ങളിലും വിളവെടുപ്പ് പുരോഗമിക്കുന്നു. അറബിക്ക പരിപ്പിന് 430 രൂപയും തൊണ്ടോട് കൂടിയതിന് 250 രൂപയുമാണ് വില.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അടുത്തമാസം മുതല്‍ അറബിക്ക വിളവെടുപ്പ് തുടങ്ങും. ഉത്‌പാദനം കുത്തനെ ഇടിഞ്ഞതും കയറ്റുമതി വര്‍ധിച്ചതുമാണ് ഇപ്പോഴത്തെ വില വര്‍ധനയ്‌ക്ക് കാരണം. വിപണിയില്‍ കാപ്പിപ്പൊടി വില 650 രൂപയായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഉത്‌പാദനത്തില്‍ 50 ശതമാനത്തിലേറെ കുറവാണ്. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാപ്പിക്കുരു വില അഭൂതപൂര്‍വമായി മുന്നേറുന്നത്. മുമ്പ് ഉത്‌പാദനച്ചെലവിനുള്ള വരുമാനംപോലും കാപ്പിക്കൃഷിയില്‍ നിന്ന് ലഭിച്ചിരുന്നില്ല.
പിന്നീട് ഏലംകൃഷി വ്യാപിപ്പിക്കാന്‍ കര്‍ഷകര്‍ കാപ്പിച്ചെടികള്‍ പാടെ വെട്ടിമാറ്റി. വിളവെടുപ്പിന് തൊഴിലാളികളെ കിട്ടാനില്ലാത്തതും തിരിച്ചടിയായി. കൂടാതെ അണ്ണാന്‍, വവ്വാല്‍, പക്ഷികള്‍ തുടങ്ങിയവയുടെ ശല്യവും. ഇടുക്കിയിലെ നിരവധി കാപ്പിത്തോട്ടങ്ങള്‍ അപ്രത്യക്ഷമായി. കാപ്പിക്കൃഷി സമൃദ്ധമായിരുന്ന മേഖലകളില്‍ നാമമാത്രം. രോഗബാധയും മഹാപ്രളയത്തിന് ശേഷമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനവും വരള്‍ച്ചയും ഉത്‌പാദനം കുത്തനെ കുറച്ചു.
കമ്പോളങ്ങളില്‍ കാപ്പിക്കുരുവിൻ്റെ വരവ് കുറഞ്ഞത് മില്ലുടമകള്‍ക്കും തിരിച്ചടിയായി. ഇതോടെ കൂടുതല്‍ പണം നല്‍കി വന്‍കിടക്കാരില്‍ നിന്ന് വാങ്ങേണ്ട സ്‌ഥിതിയാണിവര്‍ക്ക്. ഹൈറേഞ്ചില്‍ ചപ്പാത്ത്, മ്ലാമല, ഉപ്പുതറ, കോഴിമല, കാഞ്ചിയാര്‍, മേരികുളം, മാട്ടുക്കട്ട, സ്വര്‍ണവിലാസം, സ്വരാജ് മേഖലകളിലാണ് കാപ്പി കൂടുതലായി കൃഷി ചെയ്യുന്നത്. കാപ്പിക്കുരുവിൻ്റെ ഗുണനിലവാരം സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് കര്‍ഷകരെ ബോധവത്കരിക്കാന്‍ കോഫീ ബോര്‍ഡ് ജില്ലയിലെ വിവിധ മേഖലകളില്‍ യോഗം ചേര്‍ന്നിരുന്നു.
ബോര്‍ഡിൻ്റെ നോ യുവര്‍ കാപ്പി ക്യാമ്പയിനിലൂടെ കര്‍ഷകര്‍ക്ക് ഗുണനിലവാരവും വിലയും നിശ്ചയിക്കാന്‍ കപ്പ് ക്വാളിറ്റിയിലൂടെ അവസരമൊരുക്കുന്നുണ്ട്. കാപ്പിയുടെ ഗുണനിലവാരവും വിലയും നിശ്ചയിക്കുന്നതിനായി കപ്പ് ക്വാളിറ്റി സംവിധാനവുമുണ്ട്. വിളവെടുപ്പിലും സംസ്‌കരണത്തിലും ഉള്‍പ്പെടെ കൃഷിയുടെ വിവിധഘട്ടങ്ങളില്‍ തുടരേണ്ട രീതികള്‍ കാപ്പിയുടെ ഗുണനിലവാരത്തെ സ്വാധീനിക്കും. കര്‍ഷകര്‍ ഉത്‌പാദിപ്പിക്കുന്ന കാപ്പിയുടെ കപ്പ് ക്വാളിറ്റി തിരിച്ചറിഞ്ഞ് ഗുണനിലവാരം വര്‍ധിപ്പിക്കാനുള്ള കൃഷിരീതികള്‍ അവലംബിക്കാനും കഴിയും.
Also Read: തടി കൂടുമെന്ന പേടി വേണ്ട; ആരോഗ്യ ഗുണങ്ങൾ നിരവധി, പതിവാക്കാം ഗീ കോഫി