ഒടുവില്‍ ആ താളം നിലച്ചു. തബലയില്‍ മാന്ത്രികത തീര്‍ത്ത സാക്കില്‍ ഹുസൈന്‍ മരണത്തിന് കീഴടങ്ങി. 73-ാം വയസില്‍ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിലായിരുന്നു സാക്കിറിന്‍റെ അന്ത്യം.
ബയാനിൽ (തബലയിലെ വലുത്) വേഗവിരലുകളാൽ സാക്കിര്‍ തീര്‍ത്ത മാസ്‌മരികത തബലയെ ആഗോള പ്രശസ്‌തിയിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണായകമാണ്. പിതാവ് അല്ലാഹ് റഖയുടെ ചുവടുപിന്‍പറ്റിയെത്തിയ സാക്കിര്‍ തന്‍റേതായ ഇടം വെട്ടിത്തുറന്നാണ് സംഗീത ലോകത്ത് മുന്നേറിയത്. വരും തലമുറകൾക്ക് താളത്തിന്‍റെ പുതുമയും അഗാധമായ പാരമ്പര്യവും അവശേഷിപ്പിച്ചാണിപ്പോള്‍ സാക്കിറിന്‍റെ മടക്കം.
സാക്കിര്‍ ഹുസൈന്‍ (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തബലയുമായി ഒരു നിഗൂഢമായ ബന്ധം രൂപപ്പെടുത്തിയ സാക്കിറിന്‍റെ വിരലുകള്‍ തീര്‍ത്തത് വിസ്‌മയങ്ങളായിരുന്നു. തനിക്ക് പറയാനുള്ളതെല്ലാം തന്‍റെ തബലകളിലൂടെ സംവദിച്ച അദ്ദേഹം താനും പ്രേക്ഷകരും തമ്മിലുള്ള വിടവ് നികത്താനും ഒരിക്കലും മടിച്ചിരുന്നില്ല.
തബലയുടെ വിശാലമായ സാധ്യതകൾ അന്വേഷിച്ച സാക്കിര്‍, ഒടുവിൽ അതിന്‍റെ താളത്തെ ഒരു സാർവത്രിക ഭാഷയാക്കിമാറ്റി. ഇന്ത്യയില്‍ അടുത്തിടെ എത്തിയപ്പോള്‍ തനിക്ക് വേണ്ടി തന്‍റെ തബലകള്‍ സംസാരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം മനസ് തുറന്നിരുന്നു.
"എന്‍റെ തബലകളെ എന്നെക്കുറിച്ച് സംസാരിക്കാന്‍ അനുവദിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായിരുന്നു. അതു ആശയങ്ങള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം എപ്പോഴും അതിശയകരമാണ്" - സാക്കിര്‍ പറഞ്ഞു.
തന്‍റെ യാത്രയിൽ ഇന്ത്യയിൽ നിന്നുള്ള കൂടുമാറ്റം ഏറെ നിര്‍ണായകമാണെന്നും അദ്ദേഹം ഉറച്ച് വിശ്വസിച്ചിരുന്നു. "ഇന്ത്യ വിട്ടത് ഏറെ നിര്‍ണായകമായ തീരുമാനമായി മാറി. അതെന്‍റെ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. ശുദ്ധ സംഗീതത്തിന്‍റെ വക്താവായ പിതാവിന്‍റെ നോട്ടം എപ്പോഴും എനിക്കുമേലുണ്ടായിരുന്നു. എന്നാൽ ലോകമെമ്പാടുമുള്ള മറ്റ് സംഗീതജ്ഞരുമായി സഹകരിക്കാൻ അദ്ദേഹം എന്നെ അനുവദിച്ചു"- സാക്കിര്‍ പറഞ്ഞു.
ഐതിഹാസിക പോപ്പ് ബാൻഡ് ദി ബീറ്റിൽസ് ഉൾപ്പടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സാക്കിര്‍ സഹകരിച്ചിട്ടുണ്ട്. യുഎസിൽ മിക്കി ഹാർട്ടിനൊപ്പം സഹകരിച്ച പ്ലാനറ്റ് ഡ്രം-2009-ൽ ഗ്രാമി അവാർഡ് നേടി. ജോർജ് ഹാരിസൺ, ജോ ഹെൻഡേഴ്‌സൺ, വാൻ മോറിസൺ തുടങ്ങിയ കലാകാരന്മാരുമായും അദ്ദേഹം സഹകരിച്ചു. 1970 കളുടെ തുടക്കത്തിൽ ശുദ്ധിവാദികൾ ആധിപത്യം പുലർത്തിയ ഒരു സമയത്താണ് സാക്കിര്‍ ശാസ്‌ത്രീയ സംഗീതത്തിന്‍റെ അതിരുകൾ ഉയർത്തിയതെന്നത് ശ്രദ്ധേയം.
ALSO READ: സലാം ഉസ്‌താദ്; തബല മാന്ത്രികന്‍ സാക്കിര്‍ ഹുസൈന് വിട - TABLA MAESTRO ZAKIR HUSSAIN
ആറ് പതിറ്റാണ്ട് നീണ്ട കരിയറിൽ അഞ്ച് ഗ്രാമി അവാർഡുകളാണ് സാക്കിര്‍ നേടിയിട്ടുള്ളത്. ഇതില്‍ മൂന്ന് ഗ്രാമി അവാര്‍ഡുകള്‍ ഈ വര്‍ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. മികച്ച ഗ്ലോബല്‍ മ്യൂസിക്ക് പെര്‍ഫോമന്‍സ്, മികച്ച കണ്ടംപററി ഇന്‍സ്ട്രുമെന്‍റല്‍ ആല്‍ബം, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം പങ്കിട്ടത്. രാജ്യം പത്മശ്രീയും (1988-ല്‍), പത്മഭൂഷണും (2002-ൽ), പത്മവിഭൂഷണും (2023-ൽ) നല്‍കി ആദരിച്ചിട്ടുണ്ട്.