ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ കൈവശം സൂക്ഷിച്ചിരിക്കുന്ന നെഹ്റുവിന്‍റെ കത്തുകള്‍ തിരികെ ഏല്‍പ്പിക്കാന്‍ ഇടപെടണമെന്ന് രാഹുല്‍ ഗാന്ധിയോട് പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി (മുമ്പ് ഇതിന്‍റെ പേര് നെഹ്‌റു മ്യൂസിയം ആന്‍ഡ് ലൈബ്രറി എന്നായിരുന്നു) ആവശ്യപ്പെട്ടു. എഡ്വിന മൗണ്ട് ബാറ്റൻ, ജയപ്രകാശ് നാരായൺ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ക്ക് നെഹ്‌റു അയച്ച കത്തുകളാണ് ലൈബ്രറി ആവശ്യപ്പെട്ടത്. ലൈബ്രറി ഭരണസമിതി അംഗവും ചരിത്രകാരനുമായ റിസ്വാൻ കാദ്രിയാണ് രാഹുലിനോട് ആവശ്യം ഉന്നയിച്ച് കത്തയച്ചത്.
2008ൽ യുപിഎ അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയുടെ അഭ്യർഥന മാനിച്ചാണ് ഈ കത്തുകൾ മ്യൂസിയത്തില്‍ നിന്ന് നീക്കം ചെയ്‌തതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇതിന് ശേഷം ആ രേഖകള്‍ സ്വകാര്യമായി സൂക്ഷിച്ചിരിക്കുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡിജിറ്റലൈസേഷനായി രേഖകൾ സ്ഥാപനത്തിന് തിരികെ നൽകുകയോ അല്ലെങ്കിൽ അവ സ്‌കാൻ ചെയ്യാനോ സ്‌കാൻ ചെയ്‌ത പകർപ്പുകൾ നൽകാനുള്ള അനുമതി നൽകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സെപ്‌റ്റംബറിൽ സോണിയ ഗാന്ധിക്ക് ലൈബ്രറി കത്തയച്ചിരുന്നു. അതേസമയം കത്തുകള്‍ തിരികെ നല്‍കാത്തത് കോണ്‍ഗ്രസിനെതിരെയുള്ള രാഷ്‌ട്രീയ ആയുധമാക്കാനാണ് ബിജെപി ശ്രമമെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ സോണിയ ഗാന്ധി എന്തിനാണ് ആ കത്തുകള്‍ പൊതുമധ്യത്തില്‍ നിന്ന് മാറ്റിപ്പിടിക്കുന്നതെന്ന് ബിജെപി ഐടി വിഭാഗം തലവൻ അമിത് മാളവ്യ സമൂഹ മാധ്യമത്തിലൂടെ ചോദിച്ചു.
അമിത് മാളവ്യയുടെ ട്വീറ്റ്: 'എനിക്ക് കൗതുകകരമായി തോന്നുന്നത് ഇതാണ്: അത്തരം സെൻസർഷിപ്പ് ആവശ്യമാണ് എന്ന് തോന്നുന്ന രീതിയില്‍ നെഹ്‌റു ജി എഡ്വിന മൗണ്ട് ബാറ്റണിന് എഴുതിയത് എന്തായിരിക്കും? ഈ കത്തുകൾ തിരികെക്കൊടുക്കാൻ രാഹുൽ ഗാന്ധി ഇടപെടുമോ?' - അമിത് മാളവ്യ ട്വീറ്റ് ചെയ്‌തു. സോണിയാ ഗാന്ധി രേഖകൾ നല്‍കാത്തതില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി എംപി സംബിത് പത്രയും ആരോപിച്ചു.
20ാം നൂറ്റാണ്ടിലെ ചില പ്രമുഖ വ്യക്തികളുമായുള്ള നെഹ്‌റുവിന്‍റെ വ്യക്തിപരമായ കത്തിടപാടുകൾ അടങ്ങിയ 51 കാര്‍ട്ടനുകള്‍ അടങ്ങുന്ന ശേഖരം 1971ലാണ് ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആന്‍ഡ് ലൈബ്രറിയിലേക്ക് മാറ്റിയത്. ആൽബർട്ട് ഐൻസ്റ്റീൻ, പത്മജ നായിഡു, വിജയ ലക്ഷ്‌മി പണ്ഡിറ്റ്, അരുണ ആസഫ് അലി, ബാബു ജഗ്‌ജീവൻ റാം എന്നിവർക്ക് നെഹ്‌റു അയച്ച കത്തുകളും ഇതിൽ ഉൾപ്പെടുന്നു.
രേഖകൾ നെഹ്‌റു കുടുംബത്തിന്‍റെ വ്യക്തിപരമായ കാര്യമാണെന്ന് മനസിലാക്കുന്നതായി പിഎംഎംഎല്‍ അയച്ച കത്തില്‍ പറയുന്നു. എന്നിരുന്നാലും ഈ ചരിത്ര രേഖകള്‍ കൂടുതൽ വ്യാപകമായി ആക്‌സസ് ചെയ്യാൻ കഴിയുന്നത് പണ്ഡിതന്മാർക്കും ഗവേഷകർക്കും വളരെയധികം പ്രയോജനം ചെയ്യുമെന്ന് പിഎംഎംഎല്‍ വിശ്വസിക്കുന്നതായും കത്തില്‍ പറയുന്നു.