ന്യൂഡല്‍ഹി: പള്ളികളില്‍ 'ജയ് ശ്രീറാം' എന്ന് വിളിക്കുന്നത് എങ്ങനെ കുറ്റമാകുമെന്ന ചോദ്യവുമായി സുപ്രീം കോടതി. മസ്‌ജിദിനുള്ളില്‍ കയറി 'ജയ്‌ശ്രീറാം' വിളിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെയുള്ള നടപടികൾ റദ്ദാക്കിയ കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരായ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. ജസ്റ്റിസുമാരായ പങ്കജ് മിത്തലും സന്ദീപ് മേത്തയുമാണ് ചോദ്യം ഉന്നയിച്ചത്.
ഒരു പ്രത്യേക മതത്തിന്‍റെ പദപ്രയോഗമോ പേരോ എങ്ങനെയാണ് കുറ്റമാകുന്നത് എന്ന് പരാതിക്കാരനായ ഹൈദർ അലിയോട് സുപ്രീം കോടതി ചോദിച്ചു. പള്ളിയില്‍ കയറി 'ജയ്‌ശ്രീറാം വിളിച്ചെന്ന കേസില്‍ നേരത്തെ സെപ്‌റ്റംബർ 13ന് രണ്ട് പേർക്കെതിരെയുള്ള ക്രിമിനൽ നടപടികൾ കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് ഹൈദര്‍ അലി സുപ്രീം കോടതിയെ സമീപിച്ചത്. അതേസമയം, മസ്‌ജിദിൽ കയറിയ വ്യക്തികളെ എങ്ങനെയാണ് തിരിച്ചറിഞ്ഞതെന്നും കോടതി ഹര്‍ജിക്കാരനോട് ആരാഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കേസിന്‍റെ അന്വേഷണം പൂർത്തിയാക്കാതെയാണ് കര്‍ണാടക ഹൈക്കോടതി നടപടികൾ റദ്ദാക്കിയതെന്ന് ഹൈദര്‍ അലിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകൻ കാമത്ത് പറഞ്ഞു. പ്രതികള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഐപിസി സെക്ഷൻ 503, അല്ലെങ്കിൽ സെക്ഷൻ 447 എന്നിവയുമായി ബന്ധപ്പെട്ടതല്ലെന്ന് കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചു. ഐപിസിയുടെ 503-ാം വകുപ്പ് ക്രിമിനൽ ഭീഷണിപ്പെടുത്തലും, സെക്ഷൻ 447 ക്രിമിനൽ അതിക്രമത്തിനുള്ള ശിക്ഷയുമായി ബന്ധപ്പെട്ടതാണ്.
‘പള്ളിയിൽ കയറിയ യഥാർഥ വ്യക്തികളെ തിരിച്ചറിയാൻ നിങ്ങൾക്ക് കഴിഞ്ഞോ’ എന്ന് ബെഞ്ച് ചോദിച്ചപ്പോൾ, സംസ്ഥാന പൊലീസ് ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും കാമത്ത് പറഞ്ഞു. ഹർജിയുടെ പകർപ്പ് സംസ്ഥാന സര്‍ക്കാരിന് സമർപ്പിക്കാൻ ബെഞ്ച് ഹർജിക്കാരനോട് ആവശ്യപ്പെടുകയും കേസ് 2025 ജനുവരിയിൽ വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി. 'ജയ് ശ്രീറാം' എന്ന് ആരെങ്കിലും വിളിച്ചാൽ അത് മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
പള്ളിയിൽ കയറി മത മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് എഫ്ഐആറും തങ്ങൾക്കെതിരായ കേസിലെ നടപടികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് പേർ നൽകിയ ഹർജി പരിഗണിച്ചായിരുന്നു കര്‍ണാടക ഹൈക്കോടതി നടപടികള്‍ റദ്ദാക്കിയത്. 2023 സെപ്റ്റംബർ 24 നാണ് സംഭവം നടന്നത്. പുത്തൂർ സർക്കിളിലെ കടബ പൊലീസ് സ്റ്റേഷനിലാണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. ദക്ഷിണ കന്നഡ ജില്ലയിലെ ബദ്‌റിയ ജുമ മസ്‌ജിദില്‍ കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കീര്‍ത്തന്‍ കുമാര്‍, സച്ചിന്‍ കുമാര്‍ എന്നീ രണ്ടുപേര്‍ പള്ളിയില്‍ അതിക്രമിച്ചു കടങ്ങുകയും ‘ജയ് ശ്രീറാം’ വിളിക്കുകയുമായിരുന്നു.
Read Also: 'കുട്ടികള്‍ രക്ഷിതാക്കളുടെ സ്ഥാവര ജംഗമ സ്വത്തല്ല'; നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി