ബലോഡ്: ഛത്തീസ്‌ഗഡില്‍ നക്‌സലൈറ്റുകളെന്ന് കള്ളം പറഞ്ഞ് പൊലീസില്‍ കീഴടങ്ങിയ മൂന്ന് യുവാക്കള്‍ അറസ്‌റ്റില്‍. ചത്തീസ്‌ഗഡിലെ ബലോഡിലാണ് സംഭവം. കീഴടങ്ങുന്ന നക്‌സലൈറ്റുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ പ്രതീക്ഷിച്ചാണ് യുവാക്കള്‍ ഇത്തരത്തിലൊരു സാഹസത്തിന് മുതിര്‍ന്നത്.
ബീജാപൂർ ജില്ലയിലെ മധു മോഡിയം എന്ന ബബ്ലു, സുഹൃത്തുക്കളായ സുധേഷ് ബോഗം, ഓംപ്രകാശ് നേതം എന്നിവരാണ് പൊലീസ് അറസ്‌റ്റിലായത്. ഇവര്‍ ബലോഡ് പൊലീസ് സ്റ്റേഷനിലെത്തി തങ്ങൾ നക്‌സലൈറ്റുകളാണെന്നും കീഴടങ്ങാൻ തയ്യാറാണെന്നും അറിയിക്കുകയായിരുന്നു എന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് അശോക് ജോഷി ഇടിവി ഭാരതിനോട് പറഞ്ഞു.
എന്നാല്‍ യുവാക്കളുടെ അസ്വാഭാവിക പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്‌തു. തുടര്‍ന്ന്, നക്‌സലൈറ്റുകളുടെ പുനരധിവാസ പദ്ധതികളുടെ പ്രയോജനം പ്രതീക്ഷിച്ചാണ് തങ്ങൾ കള്ളം പറഞ്ഞതെന്ന് മൂവരും സമ്മതിക്കുകയായിരുന്നു.
ഭാരതീയ ന്യായ് സംഹിത (ബിഎൻഎസ്) സെക്ഷൻ 319 (2), 61 (2) എന്നിവ ചുമത്തിയാണ് യുവാക്കളെ അറസ്‌റ്റ് ചെയ്‌തത്. ഇവരെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് നക്‌സലിസം അവസാനിപ്പിക്കുന്നതിനും മുന്‍ നക്‌സലൈറ്റുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമായാണ് പുനരധിവാസ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
Also Read:ബസ്‌തറിൽ സുരക്ഷ സേനയുമായി ഏറ്റുമുട്ടല്‍; രണ്ട് നക്‌സലൈറ്റുകൾ കൊല്ലപ്പെട്ടു