ഹൈദരാബാദ്:സിനിമകളിലെ വില്ലൻ കഥാപാത്രങ്ങളെ കണ്ട് അറിയപ്പെടുന്ന ഗുണ്ട തലവനായി മാറാൻ സുഹൃത്തിനെ കൊലപ്പെടുത്തി 21കാരൻ. തെലങ്കാനയിലെ ബാലാപൂരിലാണ് സംഭവം. പ്രദേശത്ത് വൈകുന്നേരങ്ങളില്‍ പാല്‍ വില്‍പന നടത്തുന്ന മാധവ് എന്ന യുവാവാണ് സുഹൃത്തുക്കളുടെ സഹായത്തോടെ രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയായ പ്രശാന്തിനെ കൊലപ്പെടുത്തിയത്.
മഹേഷ് (22), സുമന്ത് (21), ഹരീഷ് (20), അഖിൽ (21), യശ്വന്ത് (22), സണ്ണി (21) എന്നിവരുടെ സഹായത്തോടെയായിരുന്നു കൊലപാതകം. പ്രദേശത്ത് കുടിയേറി താമസിക്കാനെത്തിയ ഒരാളെ കൊലപ്പെടുത്തിയാല്‍ തന്‍റെ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കുമെന്ന വിശ്വാസത്തിലായിരുന്നു മാധവ് കൊല നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇക്കഴിഞ്ഞ ജൂലൈ 22നായിരുന്നു കേസിന് ആസ്‌പദമായ സംഭവം.
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ പ്രശാന്തിനെ മാധവും കൂട്ടാളികളും ചേര്‍ന്ന് അത്താഴ വിരുന്നിന് ക്ഷണിച്ചിരുന്നു. അവിടെവച്ച് ഇവര്‍ പ്രശാന്തിനെ അമിതമായി മദ്യം കഴിപ്പിച്ചു. തുടര്‍ന്ന്, പ്രദേശത്തുള്ള ഒരു പാൻ ഷോപ്പിലേക്ക് സംഘം യുവാവുമായി പോയി.