ലഖ്‌നൗ (ഉത്തർപ്രദേശ്) : പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പരാമർശത്തിൽ പ്രതികരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മൂന്നാം തവണ പ്രധാനമന്ത്രിയായാലും 75 വയസാകുമ്പോൾ നരേന്ദ്ര മോദി വിരമിക്കുമെന്ന് കഴിഞ്ഞദിവസം കെജ്‌രിവാള്‍ പ്രതികരിച്ചിരുന്നു.
ഇനി അമിത് ഷായ്ക്ക് വേണ്ടിയുള്ള നീക്കമാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാകുമെന്നായിരുന്നു കെജ്‌രിവാള്‍ പറഞ്ഞത്. ഇതിന് എക്‌സ് പോസ്റ്റിലൂടെയാണ് യുപി മുഖ്യമന്ത്രിയുടെ മറുപടി.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരാജയം മുന്‍കൂട്ടി അറിഞ്ഞ് നിരാശരായ പ്രതിപക്ഷം നടത്തുന്ന വൃഥാശ്രമങ്ങളുടെ ഭാഗമാണിതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും വടക്ക് നിന്ന് തെക്കോട്ടും ലഭിക്കുന്ന വൻ ജനപിന്തുണയ്ക്ക് മുന്നിൽ പ്രതിപക്ഷത്തിൻ്റെ മുഴുവൻ പ്രചാരണവും പരാജയപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ പരാജയം സുനിശ്ചിതമാണെന്ന് അറിഞ്ഞുകൊണ്ട്, നിരാശരായ പ്രതിപക്ഷം മോദിജിയുടെ പ്രായത്തിൻ്റെ ഒഴിവുകഴിവ് ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടാനുള്ള വൃഥാശ്രമം നടത്തുകയാണ്.