ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ പുത്തന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ കളമൊരുങ്ങിക്കഴിഞ്ഞു. ബിജെപി വന്‍ വിജയത്തോടെ കേവലഭൂരിപക്ഷത്തിന് മുകളില്‍ സീറ്റുകള്‍ സ്വന്തമാക്കി. ആം ആദ്‌മി പാര്‍ട്ടിയെ ബിജെപി കേവലം 22 സീറ്റുകളിലേക്ക് ഒതുക്കി. കോണ്‍ഗ്രസാകട്ടെ ഇക്കുറിയും ഒന്നും നേടാനാകാതെ മാളത്തിലൊളിച്ചു.
യമുനാ നദിയായിരുന്നു ഡല്‍ഹി തെരഞ്ഞെടുപ്പ് വിധി നിര്‍ണയത്തില്‍ മുഖ്യ പങ്ക് വഹിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം. യമുന ശുദ്ധീകരിക്കുമെന്ന് ഡല്‍ഹി ജനതയ്ക്ക് ആം ആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ ഉറപ്പ് കൊടുത്തിരുന്നതാണ്. എന്നാല്‍ ഈ വാഗ്‌ദാനം പാലിക്കാന്‍ അദ്ദേഹത്തിന് ആയില്ല. ഇക്കാര്യം പരാമര്‍ശിക്കുമ്പോഴൊക്കെയും അദ്ദേഹം ഹരിയാനയുടെ മേല്‍ പഴി ചാരി. ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ യമുന നദിയെ വിഷലിപ്‌തമാക്കിയെന്ന് ഇന്നും അരവിന്ദ് കെജ്‌രിവാള്‍ ആരോപണമുയര്‍ത്തി.
കെജ്‌രിവാള്‍ മാത്രമല്ല ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും യമുന നദിയില്‍ ഹരിയാന സര്‍ക്കാര്‍ വിഷം കലര്‍ത്തിയെന്ന ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. പിന്നാലെ കെജ്‌രിവാളിനെയും ആം ആദ്‌മി പാര്‍ട്ടിയെയും കടന്നാക്രമിച്ച് ബിജെപി രംഗത്ത് എത്തി. ഇതോടെ യമുന നദീ പ്രശ്‌നവുമായി ബന്ധപ്പെട്ട് രണ്ട് സംസ്ഥാനങ്ങള്‍ മുഖത്തോട് മുഖം കൊമ്പുകോര്‍ക്കുന്ന കാഴ്‌ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ഇരു സംസ്ഥാനങ്ങളും ശക്തമായി രംഗത്ത് വന്നു. ഇതിന്‍റെ സ്വാധീനമാണ് ഇന്ന് ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ നാം കണ്ടത്.
കഴിഞ്ഞമാസം 27നാണ് ഹരിയാന സര്‍ക്കാര്‍ യമുനയില്‍ വിഷം കലര്‍ത്തിയെന്ന പ്രസ്‌താവനയുമായി അരവിന്ദ് കെജ്‌രിവാള്‍ ആദ്യം രംഗത്ത് എത്തിയത്. തുടര്‍ന്ന് ഡല്‍ഹി ജലബോര്‍ഡിലെ എന്‍ജിനീയര്‍മാര്‍ ഡല്‍ഹിയിലേക്കുള്ള ജലപ്രവാഹം തടഞ്ഞു നിര്‍ത്തി. അതിര്‍ത്തിയില്‍ തന്നെ വെള്ളം തടഞ്ഞു. വെള്ളം ഡല്‍ഹിയിലെത്തിയാല്‍ കുടിവെള്ളവുമായി കലരുമെന്നും നിരവധി പേര്‍ക്ക് ജീവഹാനിയുണ്ടാകാമെന്നും ഒരു കൂട്ടക്കുരുതിക്ക് ഇതിടയാക്കുമെന്നും ഭീതി പടര്‍ന്നു.
ഹരിയാന സര്‍ക്കാരിനെതിരെയുള്ള കെജ്‌രിവാളിന്‍റെ ആരോപണങ്ങള്‍
വൃത്തികെട്ട രാഷ്‌ട്രീയമാണ് നടക്കുന്നതെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. നേരത്തെ ഇത് ശത്രുരാജ്യങ്ങള്‍ക്കിടയിലാണ് സംഭവിച്ചിരുന്നത്. അമേരിക്ക ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചു. ഇപ്പോള്‍ ബിജെപി ഡല്‍ഹിയിലേക്ക് വിഷം അയക്കുന്നു. ഇതിന്‍റെ പഴി ആം ആദ്‌മി പാര്‍ട്ടിയുടെ തലയില്‍ ചാരുന്നു.
തിരിച്ചടിച്ച് ഹരിയാന ബിജെപി
എന്നാല്‍ ആരോപണങ്ങള്‍ അരവിന്ദ് കെജ്‌രിവാളിന് നേരെയാണ് ബിജെപി തിരിച്ചടിച്ചു. രാഷ്‌ട്രീയ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കെജ്‌രിവാള്‍ എന്ത് തരംതാണ കളികള്‍ക്കും തയാറാകുമെന്നായിരുന്നു ഹരിയാന ബിജെപിയുടെ ആരോപണം. ഹരിയാനക്കാരെ ആക്ഷേപിച്ച് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനാണ് കെജ്‌രിവാളിന്‍റെ ശ്രമമെന്നും അവര്‍ ആരോപിച്ചു. അതേസമയം ഹരിയാനയെ അപമാനിക്കുന്ന ഈ മാടപ്രാവ് പിറന്നത് ഹരിയാന മണ്ണിലാണെന്നത് ദൗര്‍ഭാഗ്യകരമാണെന്നും ബിജെപി ചൂണ്ടിക്കാട്ടി.
'കെജ്‌രിവാള്‍ ഡല്‍ഹിക്ക് ദുരന്തമായി മാറിയിരിക്കുന്നു'
ഒരു യഥാര്‍ത്ഥ ഹരിയാനക്കാരനും യമുനയില്‍ വിഷം കലര്‍ത്തുക എന്ന പാപം ചെയ്യാനാകില്ലെന്ന് ഹരിയാനയിലെ ബിജെപി വ്യക്തമാക്കി. എന്നാല്‍ ദ്വാപരയുഗത്തില്‍ കാളിയന്‍ എന്ന നാഗം യമുനയില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ ഭഗവാന്‍ കൃഷ്‌ണനെത്തി കാളിയനെ ഇവിടെ നിന്ന് ഓടിച്ചു. കലിയുഗത്തില്‍ ഈ കാളിയ സര്‍പ്പമായി അരവിന്ദ് കെജ്‌രിവാള്‍ എത്തിയിരിക്കുകയാണ്.
യമുനയെ മാലിന്യത്തില്‍ നിന്ന് രക്ഷിച്ചില്ലെങ്കില്‍ ഇനി താന്‍ ഒരിക്കലും വോട്ട് ചോദിച്ച് വരില്ലെന്നായിരുന്നു 2020ലെ കെജ്‌രിവാളിന്‍റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം. വരും തെരഞ്ഞെടുപ്പുകളില്‍ ഭഗവാന്‍ കൃഷ്‌ണന്‍ ചെയത് പോലെ ഡല്‍ഹി ജനത ചെയ്യുമെന്നും ബിജെപി ചൂണ്ടിക്കാട്ടി. യമുനാനദിയെ അമ്മയായി കരുതുന്ന ഡല്‍ഹി ജനത തങ്ങളുടെ ദുരന്തമായി മാറിയിരിക്കുന്ന കാളിയസര്‍പ്പത്തില്‍ നിന്ന് എന്നെന്നേക്കുമായി ഫെബ്രുവരി എട്ടിന് മോചനം നേടുമെന്നും ബിജെപി ചൂണ്ടിക്കാട്ടിയിരുന്നു.
ഹരിയാന ബിജെപിയുടെ ഈ പ്രസ്‌താവനയെ തുടര്‍ന്ന് അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയുടെ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ബിജെപി ഡല്‍ഹിയിലേക്ക് വരുന്ന കുടിവെള്ളത്തില്‍ വിഷം കലര്‍ത്താന്‍ എങ്ങനെയാണ് ഗൂഢാലോചന നടത്തിയതെന്ന് ഇതില്‍ നിന്ന് വ്യക്തമാകുമെന്ന് പറഞ്ഞു കൊണ്ടായിരുന്നു വീഡിയോ പങ്കുവച്ചത്. എന്നാല്‍ ഡല്‍ഹി ജനതയ്ക്ക് എന്തെങ്കിലും കുഴപ്പം വരുത്താന്‍ താന്‍ അനുവദിക്കില്ല. ബിജെപിയുടെ ഈ ഗൂഢാലോചന തകര്‍ക്കാന്‍ തങ്ങള്‍ ഡല്‍ഹിക്കാര്‍ ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൈനിയുടെ പ്രതികരണം
കെജ്‌രിവാള്‍ വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കുന്നുവെന്നായിരുന്നു ഹരിയാന മുഖ്യമന്ത്രി നയാബ് സൈനിയുടെ പ്രതികരണം. കെജ്‌രിവാള്‍ താന്‍ ജനിച്ച മണ്ണിനെയാണ് അപമാനിക്കുന്നത്. ഡല്‍ഹിയിലെയും ഹരിയാനയിലെയും ജനങ്ങളോട് അദ്ദേഹം മാപ്പ് പറയണം. യമുനാനദിയില്‍ ഹരിയാന എത്ര വിഷം കലര്‍ത്തിയെന്നും അദ്ദേഹം വ്യക്തമാക്കണം. ഏത് എന്‍ജീനിയര്‍മാരാണ് ഇത് കണ്ടെത്തിയത്. കെജ്‌രിവാള്‍ പരാജയഭീതിയിലാണെന്ന് സൈനി പറഞ്ഞു.
വിഷയത്തില്‍ 2025 ജനുവരി 28ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഡല്‍ഹി മുഖ്യമന്ത്രി കത്തെഴുതി. ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന വെള്ളത്തില്‍ അമോണിയയുടെ നിരക്ക് ആറുമടങ്ങ് കൂടുതലാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് മനുഷ്യ ശരീരത്തിലെത്തിയാല്‍ വിഷമാണ്. ഇത് ഡല്‍ഹി ജനതയ്ക്ക് നല്‍കാനാകില്ല. ഇത് അവരുടെ ജീവന് ഭീഷണിയാണ്. ഈ വെള്ളം ഡല്‍ഹിയിലെത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വീണ്ടും അദ്ദേഹം കമ്മീഷന് കത്തെഴുതി. അടിയന്തര ഇടപെടല്‍ വേണമെന്നായിരുന്നു ആവശ്യം.
ആരോപണങ്ങള്‍ ഉന്നയിച്ച് രക്ഷപ്പെടാനാണ് അരവിന്ദ് കെജ്‌രിവാളിന്‍റെ ശ്രമമെന്നും സൈനി ആരോപിച്ചു. അരവിന്ദ് കെജ്‌രിവാള്‍ തന്‍റെ ചീഫ് സെക്രട്ടറിയെ അയക്കട്ടെ, എന്‍റെ ചീഫ് സെക്രട്ടറിയെ ഞാനും അയക്കാം. ഇരുവരും ഡല്‍ഹിയിലേക്ക് യമുന പ്രവേശിക്കുന്ന സോനിപതിലെ വെള്ളത്തിന്‍റെ ഗുണമേന്‍മ പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.