ഇംഫാൽ:മണിപ്പൂരിലെ സംഘര്‍ഷത്തില്‍ ഒരാള്‍ കൂടി മരിച്ചു. നെംജാഖോൾ ലുങ്ഡിം എന്ന 46 വയസുകാരിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്നാണ് (സെപ്‌റ്റംബര്‍ 10) മധ്യവയസ്‌ക ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചത്.
കാങ്പോക്‌പി ജില്ലയിലെ തങ്ബുഹ് ഗ്രാമത്തില്‍ ഞായറാഴ്‌ച (സെപ്റ്റംബര്‍ 8) ഉണ്ടായ സംഘര്‍ഷത്തിലാണ് യുവതി കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു. ഡ്രോൺ ആക്രമണങ്ങള്‍ക്കും മിസൈൽ ആക്രമണങ്ങള്‍ക്കുമാണ് മേഖല ഞായറാഴ്‌ച സാക്ഷ്യം വഹിച്ചത്. ഇതോടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. 12ല്‍ അധികം പേർക്ക് ആക്രമണത്തില്‍ പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. വ്യാപകമായി ബോംബുകളും അക്രമികള്‍ ഉപയോഗിച്ചു.
പ്രദേശത്തെ നിരവധി വീടുകൾ അക്രമികള്‍ അഗ്നിക്കിരയാക്കി. പ്രദേശവാസികള്‍ രക്ഷപ്പെടാനായി അടുത്തുള്ള കാട്ടിലേക്ക് പലായനം ചെയ്‌തു. ഞായറാഴ്‌ച രാത്രി സമീപത്തെ സ്‌കൂളിൽ നിലയുറപ്പിച്ചിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥരും തീവ്രവാദികളും തമ്മിൽ വെടിവയ്പ്പുണ്ടായതായും പൊലീസ് പറഞ്ഞു.
നടപടി ആവശ്യപ്പെട്ട് വിദ്യാർഥികളുടെ പ്രതിഷേധം:അടുത്തിടെ നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 9) മണിപ്പൂർ സെക്രട്ടേറിയറ്റിനും രാജ്ഭവനും മുന്നില്‍ ആയിരക്കണക്കിന് വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്‍റെ അതിര്‍ഥി സുരക്ഷയും ഭരണപരവുമായ സമഗ്രതയും ഉറപ്പുവരുത്തണമെന്നും പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. 'മണിപ്പൂർ നീണാൾ വാഴുക, 'കഴിവില്ലാത്ത എല്ലാ എംഎൽഎമാരും രാജിവയ്‌ക്കുക', 'സംസ്ഥാന സർക്കാരിന് ഏകീകൃത കമാൻഡ് നൽകുക' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.
മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങും ഗവർണർ എൽ ആചാര്യയുമായും വിദ്യാര്‍ഥികള്‍ കൂടിക്കാഴ്‌ച നടത്തി. ആറ് ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഇരുവര്‍ക്കും മുന്നില്‍വച്ചത്. അക്രമം നിയന്ത്രിക്കുന്നതിൽ വീഴ്‌ച വരുത്തിയ ഡിജിപിയെയും സംസ്ഥാന സര്‍ക്കാരിന്‍റെ സുരക്ഷ ഉപദേഷ്‌ടാവിനെയും പിരിച്ചുവിടുക. ഏകീകൃത കമാൻഡ് കുൽദീപ് സിങ്ങിന് കൈമാറുക എന്നിവയാണ് വിദ്യാര്‍ഥികള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍.