കേരളം

kerala

ETV Bharat / bharat

'മണിപ്പൂര്‍, ഉന്നാവോ, ഹത്രാസ്...'; രാജ്യത്തെ പെണ്‍മക്കള്‍ക്ക് എന്ന് നീതി കിട്ടും? മോദിയോട് ചോദ്യവുമായി കോണ്‍ഗ്രസ് - BETI BACHAO BETI PADHAO

ഹരിയാനയിലെ പാനിപ്പത്തില്‍ 2015 ജനുവരി 22നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിക്ക് തുടക്കം കുറിച്ചത്.

CONG SLAMS BJP  Modi  Mallikarjun kharge  bjp
Congress president Mallikarjun Kharge (IANS)

By ETV Bharat Kerala Team

Published : Jan 22, 2025, 5:47 PM IST

ന്യൂഡല്‍ഹി:'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പദ്ധതിയുടെ പത്താം വാർഷിക വേളയിൽ പെൺമക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് നമുക്കിനിയും തുടരാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ്. ഭരണകക്ഷിയായി ബിജെപി 'പെൺമക്കളെ രക്ഷിക്കുക' എന്നതിന് പകരം 'കുറ്റവാളികളെ രക്ഷിക്കുക' എന്ന നയം എന്തിനാണ് സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയാണ് മോദിക്കെതിരെയും ബിജെപി സര്‍ക്കാരിനെതിരെയും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ബേട്ടി ബച്ചാവോയുടെ പത്ത് വർഷങ്ങൾ പിന്നിടുമ്പോള്‍ മോദിയോടുള്ള തങ്ങളുടെ മൂന്ന് ചോദ്യങ്ങളെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ കോണ്‍ഗ്രസ് പ്രസിഡന്‍റ് വിമര്‍ശിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

" 'പെൺമക്കളെ രക്ഷിക്കുക' എന്നതിന് പകരം 'കുറ്റവാളികളെ രക്ഷിക്കുക' എന്ന നയം ബിജെപി സ്വീകരിച്ചത് എന്തുകൊണ്ട്? മണിപ്പൂരിലെ സ്‌ത്രീകൾക്കും ഹത്രാസിലെ ദളിത് പെണ്‍കുട്ടിക്കും ഉന്നാവോയിലെ പെണ്‍കുട്ടിക്കും, നമ്മുടെ രാജ്യത്തിന്‍റെ അഭിമാനമായ വനിതാ ഗുസ്‌തി താരങ്ങള്‍ക്കും എന്ന് നീതി ലഭിക്കും? എന്തുകൊണ്ടാണ് ബിജെപി എപ്പോഴും കുറ്റവാളികളെ സംരക്ഷിക്കുന്നത്?" എന്ന് ഖാര്‍ഗെ ചോദിച്ചു.

രാജ്യത്ത് ഓരോ മണിക്കൂറിലും സ്‌ത്രീകൾക്കെതിരെ 43 കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

ഓരോ ദിവസവും രാജ്യത്തെ ഏറ്റവും പിന്നാക്കമായ ദളിത്- പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നുള്ള സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ 22 കുറ്റകൃത്യങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നത്. ചെങ്കോട്ടയിലെ തന്‍റെ പ്രസംഗത്തില്‍ നിരവധി തവണ സ്‌ത്രീ സുരക്ഷയെ കുറിച്ച് മോദി പറഞ്ഞെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. എന്ത് കൊണ്ടാണ് അദ്ദേഹത്തിന്‍റെ വാക്കും പ്രവൃത്തിയും തമ്മില്‍ ഇത്രയും അന്തരമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദിച്ചു.

2019വരെ എന്ത് കൊണ്ടാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി വിഹിതത്തിന്‍റെ 80ശതമാനവും മാധ്യമപ്രചാരണങ്ങള്‍ക്കായി ചെലവിട്ടതെന്നും അദ്ദേഹം ആരാഞ്ഞു.

ഇക്കാര്യം പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയിലൂടെ പുറത്ത് വന്നതോടെ 2018-19ലെയും 2022-13ലെയും പദ്ധതിത്തുക വന്‍തോതില്‍ വെട്ടിക്കുറച്ച് 63ശതമാനമാക്കുകയും പിന്നീട് ഇത് മറ്റൊരു പദ്ധതിയുമായി ചേര്‍ത്ത് മിഷന്‍ ശക്തിക്ക് കീഴില്‍ സംബല്‍ എന്നാക്കി മാറ്റുകയും ചെയ്‌തു. പിന്നീട് മോദി സര്‍ക്കാര്‍ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ചെലവ് വിവരങ്ങള്‍ നല്‍കുന്നത് നിര്‍ത്തി വച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംബല്‍ പദ്ധതിക്ക് 2023-24ല്‍ അനുവദിച്ച ഫണ്ടില്‍ മുപ്പത് ശതമാനം കുറവ് വരുത്തി. സര്‍ക്കാരിന് ഇത്തരത്തില്‍ കെട്ടിച്ചമച്ച രേഖയിലൂടെ എന്താണ് ഒളിപ്പിക്കാനുള്ളതെന്നും ഖാര്‍ഗെ ചോദിച്ചു.

എല്ലാ ലോറികളിലും മതിലുകളിലും ബേട്ടി ബച്ചാവോ ബേട്ടി പടാവോ എന്ന പരസ്യം പതിച്ച് കൊണ്ട് മാത്രം സ്‌ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. അവര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക, മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കുക, അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന സ്‌ത്രീകള്‍ക്ക് നീതി ഉറപ്പാക്കുക, എന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.

പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറവും, 'സ്‌ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ മതിയാക്കൂ' എന്ന പരസ്യം യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ അങ്ങേയറ്റത്തെ പൊള്ളത്തരമാണ് വെളിവാക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു.

Also Read:പെൺമക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നത് നമുക്കിനിയും തുടരാം; 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പദ്ധതിയുടെ പത്താം വാർഷികത്തില്‍ പ്രധാനമന്ത്രി

ABOUT THE AUTHOR

...view details